Showing posts with label premam. Show all posts
Showing posts with label premam. Show all posts

Monday, 21 January 2013

സ്പര്‍ശലജ്ജയുടെ നീലമൊട്ടുകള്‍ (ഓര്‍മ്മക്കുറിപ്പ്‌ )




   മരണത്തെക്കുറിച്ച് എനിക്ക് വേദനിപ്പിക്കുന്ന ഓര്‍മ്മകളാണുള്ളത്.  ഒരു ഗാനം പൊടുന്നനെ അവസാനിച്ചതുപോലെ, ശബ്ദം ഇരുട്ടായി മാറിയതുപോലെ, വാക്കുകള്‍ , വരികള്‍ മണ്ണുവീണു മറഞ്ഞതുപോലെ, പല മരണങ്ങള്‍ ...ഓരോ മരണവും ഞാന്‍ വ്യത്യസ്തമായ സംഗീതംകൊണ്ട് അടയാളപ്പെടുത്തി.  ഓരോ മരണവും  വ്യത്യസ്തമായ ഗന്ധങ്ങള്‍ കൊണ്ടുകൂടി അടയാളപ്പെടുത്തി. പിന്നീട് ആ സംഗീതം എവിടെവെച്ചു കേള്‍ക്കുമ്പോഴും  മരണപ്പെട്ടവരുടെ ഒച്ചകൂടി  ഞാന്‍ കേള്‍ക്കുമായിരുന്നു. ഞാന്‍ മരണത്താല്‍ ചുംബിക്കപ്പെട്ട പല വേളകളിലും  എനിക്ക് മൃത്യുവിന്റെ ഉന്മാദസംഗീതം ചെവികളില്‍ കേള്‍ക്കുവാന്‍സാധിച്ചു. യഹൂദി മെനൂഹിന്റെ വയലിനിന്‍ വിഷാദംപോലെ, ആന്തരികവും നിഗൂഢവുമായ  വിചിത്രരാഗത്തില്‍ ഒരുന്മാദസംഗീതം എനിക്ക് ചെവികളില്‍ അനുഭവപ്പെട്ടു. 

       മൃത്യുവിന്റെ ഗന്ധവും  അപ്രകാരം തന്നെയായിരുന്നു.  അദൃശ്യമായിരുന്നെങ്കിലും യൗവനയുക്തമായ ഒരു പുരുഷ നെഞ്ച് എനിക്ക് വാസനിച്ചു. സ്പര്‍ശലജ്ജകള്‍ ഉടല്‍കൂമ്പുംപോലെ  എക്ളാംസിയ മുറിയില്‍വെച്ച് ഞാന്‍ തളര്‍ന്നു. പ്രേമത്തിന്റെ മണം.
" ഹാ, മരണം ഒരു പുരുഷനാണോ? അദൃശ്യരൂപിയായ പുരുഷന്‍? "

     വര്‍ഷങ്ങള്‍ക്കുമുമ്പ് എന്നെ സ്നേഹിച്ചിരുന്ന ഒരാണ്‍കുട്ടി മുങ്ങിമരിക്കയുണ്ടായി. എന്നെ പ്രേമിക്കുന്നെന്ന് പറയാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.  പഴയ നാഷനല്‍  പാനസോണിക്കിന്റെ ടേപ്പ്റെക്കോഡറില്‍ അവന്‍ എന്നും ഒരേ പാട്ടുവെച്ചു.
 ''നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചുനിന്നു...'' 

     സാധാരണയായി ഞങ്ങളുടെ നാട്ടില്‍ വയലോരത്ത് നീലപ്പൂക്കള്‍ ഉണ്ടാവാറുള്ളതാണ്. കുളവാഴപ്പൂവും കാക്കപ്പൂവും നീലക്കടമ്പുകളും  വേലിയില്‍ പടര്‍ന്ന ശംഖിന്‍ പൂക്കളും. പക്ഷേ,  അവന്റെ ചെറിയ വീട്ടിലേക്കുള്ള വഴിവക്കില്‍  ഒറ്റ നീലപ്പൂവും ഉണ്ടായില്ല.  നിറയെ സ്പര്‍ശലജ്ജകള്‍ പൂത്തു മുള്ളുമായി നിന്നു.

''നീലക്കുറിഞ്ഞിയല്ല... മുള്‍ക്കുറിഞ്ഞി''

     കണങ്കാലില്‍ മുള്ളുമാന്ത് കിട്ടിയപ്പോഴെല്ലാം ഞാന്‍ ദേഷ്യപ്പെട്ടു.അപ്പോഴെല്ലാം അവന്‍ ഭയത്തോടെ ശീമക്കൊന്ന മറവിലേക്ക് മാറും. കറന്റില്ലാത്ത ആ വീട്ടില്‍ അവന്‍ ഈ പാട്ടുവെക്കാന്‍ പതിവായ് ബാറ്ററികള്‍ വാങ്ങിയിരുന്നു. ജാതീയമായ വിധേയത്വം അവന്റെ ചെറുകണ്ണുകളെ മുയലെന്നവണ്ണം നിസ്സഹായമാക്കിയതായി ഞാന്‍ കണ്ടു . ആ നിസ്സഹായതയില്‍, വിഷാദംപൂശിയ കറുത്ത, തടിച്ച ചുണ്ടുകളില്‍ എണ്ണമയം പൗഡറിട്ടുമായ്ച്ച കുഴികുഴി മുഖക്കുരു കവിളുകളില്‍ , കുമ്മായം തേച്ചപോലെ പ്രേമം പൊള്ളുന്നത് ഞാന്‍കണ്ടു. ഞാനവന്റെ കണ്ണുകളിലേക്ക് ദേഷ്യത്തോടെ തുറിച്ചുനോക്കി.

      ഒരിക്കല്‍ തിരക്കേറിയ ഒരു ബസില്‍വെച്ച് ആരോ എന്റെ മുടി വലിക്കുന്നതായി എനിക്കുതോന്നി. പെട്ടെന്ന് അതേ കൈ എന്റെ വയറിലും സ്പര്‍ശിച്ചു . ഞാന്‍ തിരിഞ്ഞുനോക്കി.

''മുടീലാ... മുടീലാ  തൊട്ടേ''

കുറ്റബോധത്താലും ഭയത്താലും അവനെരിഞ്ഞു തലതാഴ്ത്തിനിന്നു. 
''നെനക്കേ...'' ഞാന്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ നീട്ടി അവനെ കീറിമുറിച്ചു.
''സത്യായിട്ടും അല്ല... അയ്യോ അല്ല.'' അവന്റെ കണ്ണുകള്‍ നിറഞ്ഞു. 
''ഞാന്‍ ചീത്തയായി... ഇല്ല. അവന്‍ തല കുടഞ്ഞു.''

     വൈകുന്നേരം എന്റെ മുടിയഴിച്ചു കെട്ടിയ  ബേബിയേടത്തി മുടിക്കുള്ളില്‍നിന്ന്, രണ്ട് കതിര്‍ വാടിയ കൃഷ്ണതുളസിയെടുത്തു തന്നപ്പോഴാണ് എനിക്ക് ശരിക്കും ദേഷ്യം പിടിച്ചത്.
 ''ഒരു കൃഷ്ണ തുളസിക്കതിരുമായി ഇന്നും ഞാന്‍ നിന്നെ പ്രതീക്ഷിച്ചുനിന്നു.''

     പിന്നീടൊരിക്കല്‍ ഞാന്‍ മുടി ചീകിക്കൊണ്ടിരിക്കെ അവന്‍ എന്റെ വീട്ടിലേക്ക് കയറിവന്നു.  തേന്മണമുള്ള വരിക്കച്ചക്കയുടെ വാസന നിറഞ്ഞു.

''അമ്മ തരാന്‍ പറഞ്ഞു''
    അവന്‍ ചക്ക നീട്ടി. ഞാനൊരു നീലക്കഫ്ത്താനാണ് ധരിച്ചിരുന്നത്.  ഏതാണ്ട്  മുട്ടുകഴിഞ്ഞു വളര്‍ന്നിരുന്ന എന്റെ മുടി അഴിഞ്ഞുചിതറി പരന്നു കിടക്കയായിരുന്നു.

''ഹോ... ഇത്രേ മുടിയുണ്ടോ?''

''കണ്ണുവെക്കല്ലേ'' ചക്കക്കൊതിച്ചിയായ ഞാന്‍ ചക്കയുടെ ഔദാര്യമായി അവനോട് പുഞ്ചിരിച്ചു.

''രാത്രി നടക്കരുത്... ആളോള് ഹൃദയംപൊട്ടി മരിക്കും...''അവന്‍ പെട്ടന്ന് പിറുപിറുത്തു.അവന്റെ കണ്ണില്‍ പ്രേമം ഒന്ന് മിന്നി.

''ഉവ്വുവ്വേ... ഇങ്ങനെ ചിരിക്കണം. അല്ലെങ്കില്‍ ആളുകള്‍ ഇരുട്ടാണെന്ന് കരുതി കൂട്ടിമുട്ടി മരിക്കും"ഞാന്‍ അവന്റെ കറൂപ്പിനെ ഒന്നു കളിയാക്കി.

     വര്‍ഷങ്ങള്‍ക്കുശേഷം  അവന്റെ മുറിയില്‍ അവന്റെ മേശ തുറക്കെ, ഞാന്‍ അന്നു കാണാതായ എന്റെ വലിയ പല്ലുചീര്‍പ്പ് കണ്ടെത്തി.  അതില്‍ എണ്ണകുടിച്ച് മിനുങ്ങിയ  എന്റെ മുടിനാരുകള്‍ ചുറ്റിപ്പിണഞ്ഞിരുന്നു.  ഞാന്‍ പുരട്ടാറുള്ള  കറിവേപ്പില വെളിച്ചെണ്ണയുടെ  പച്ചക്കര്‍പ്പൂരാദിമണമായിരുന്നു  ആ ചീര്‍പ്പിന്.ആ ചീര്‍പ്പ് തൊട്ടപ്പോള്‍ എനിക്ക് അറപ്പുതോന്നി.

      അവന്‍ താമരക്കുളത്തില്‍ വീണ് മരിക്കുമ്പോള്‍  അവന് പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പാട്ടുകളും കവിതകളും സ്നേഹിച്ച കറുത്ത ആണ്‍കുട്ടി.  ഉയരം നന്നേ കുറഞ്ഞവന്‍. ബ്ലാക് ആന്‍ഡ് വൈറ്റ് കൗമാര കാലത്തെപ്പോലെ കുട്ടിപ്പൊടി മീശ.

    താമരയുടെ വള്ളികള്‍ക്ക് നീരാളിക്കൈയുണ്ട്.  അവ ഉടലിനെ ഭ്രാന്തമായി കെട്ടിപ്പുണര്‍ന്നു. നീന്താനും സമ്മതിക്കാതെ പുളയാന്‍ സമ്മതിക്കാതെ അകന്നു പോകാന്‍ അനുവദിക്കാതെ കാലുകളില്‍ പടര്‍ന്നുകയറി.  കൈകളെ ആലിംഗനപ്പൂട്ടിട്ട്, ലതാവേഷ്ടികം ചെയ്തു. 

      ആറു മണിക്കൂറുകള്‍ക്കുശേഷം അവന്റെ ജഡം പുറത്തെടുക്കുമ്പോള്‍  അവന്‍ ഓട്ടക്കാരനെപ്പോലെ  മുകളിലേക്ക് കുതിക്കാനെന്നവണ്ണം വലതുകൈ ഉയര്‍ത്തിയും  ഇടതുകൈ ചരിച്ചുതാഴ്ത്തിയുമിരുന്നു.ശരീരത്തില്‍ മുഴുവന്‍ താമരവള്ളികള്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നു. ആംബുലന്‍സിനു മുഴുവന്‍ താമരയുടെ മണമായിരുന്നു. ചുവന്ന പൂക്കള്‍ പൊടിച്ച തലകള്‍ ,അവന്റെ  നെഞ്ചില്‍ മുട്ടിച്ച് വേനല്‍ച്ചൂടിന്റെ അസഹ്യതയില്‍ ആ വള്ളികള്‍ നിലവിളിച്ചു. അവന്റെ ഉടലില്‍നിന്ന് വെള്ളമിറ്റിറൂന്നു വീണു .

     മെഡിക്കല്‍കോളജില്‍ ഉച്ചക്കുശേഷം ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. അനിശ്ചിതകാലത്തേക്ക് തങ്ങള്‍ സമരം ചെയ്യുമെന്ന്  അവര്‍ മുദ്രാവാക്യ ഭീഷണി ഉയര്‍ത്തി.  ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ താന്‍ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്തുതരാമെന്ന്, എന്നിട്ടും എച്ച്.ഒ.ഡി സമ്മതിച്ചു.

       അവിടെ കാവല്‍ നില്‍ക്കെ ,പോസ്റ്റ്മോര്‍ട്ടം മുറിക്കകം പുറത്തെ ജനലിലൂടെ നന്നായി കാണാമായിരുന്നു. രഹസ്യം സൂക്ഷിക്കാന്‍ പച്ചവിരിപ്പിട്ടത് ആരോ നീക്കിയിട്ടു. മൃത്യുമുറിയില്‍ ഊഴം കാത്ത് അഞ്ചാറുപേര്‍..... ..... .മുണ്ഡിതശിരസ്സില്‍ നെറ്റിയില്‍ മുറിവടയാളങ്ങള്‍ വരച്ചവ.

"സമരക്കാരെ നോക്കിക്കോളൂട്ടാ... എന്റെ മേത്ത് തൊടീക്കല്ലേ'' ഡോക്ടര്‍ ഭയത്തോടെ പുറത്തേക്ക് നോക്കി പറഞ്ഞുകൊണ്ടേ ഇരുന്നു.

''ഫ്രീസറില്യാ... ഇതൊക്കെ എന്തു ചെയ്യും? സമരാത്രെ സമരം'' അയാള്‍ സമരക്കാറോഡു ദേഷ്യം പിടിച്ചു പിറുപിറുത്തു.

     മൃത്യുമുറി രഹസ്യംപോലെ സൂക്ഷിക്കണമെന്ന് നിയമമുണ്ടോ ആവോ?ഉണ്ടെന്നായിരുന്നു ഞാന്‍ അത് വരെ കരുതിയിരുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെ രഹസ്യം ഒന്നും ഇല്ല .എല്ലാം പരസ്യം.

      അവനെ ഞങ്ങളെല്ലാവരും കണ്ടു. കറുത്തവന്‍....അവന്‍ നഗ്നശരീരന്‍...ജലസ്പര്‍ശത്താല്‍  പേശികളുറച്ചുപോയ ഉടല്‍ 'റൈഗര്‍, മോര്‍ട്സ്' .അവന്റെ കഴുത്തിലെ ദാരിദ്ര്യാടയാളമായ ചെറിയ ബ്യൂട്ടി എല്ലുമുഴുപ്പിനു സമീപത്തുനിന്ന് താഴേക്ക് y ആകൃതിയില്‍  കത്തികൊണ്ട് വരയുമ്പോള്‍ ഹൃദയം നുറുങ്ങുന്ന ഒരു സങ്കടത്തോടെ ഞാന്‍ നിന്നു.  ഓരോരോ അവയവങ്ങള്‍ അറുത്തെടുക്കുന്നു.ഹൃദയം,പ്ലീഹ,കരള്‍. 
    അറുത്ത് തുണ്ടമാകുന്ന  കുടല്‍ വഴികള്‍.പിളര്‍ത്തുന്ന പ്രേമഹൃദയം.നാലറകളിലും രക്തം കട്ടയായി. ഒടുക്കം അവന്റെ ശ്വാസകോശങ്ങള്‍.ജലത്തില്‍ വിട്ട ജെല്ലി ഫിഷിനെപ്പോലെ,വിടര്‍ന്ന ജലംനിറഞ്ഞ ശ്വാസസഞ്ചി. രക്തമൂറിക്കിനിഞ്ഞ  ശ്വാസകോശസ്തര ഭിത്തികള്‍.താമരപ്പൂ മണക്കുന്ന പച്ചപ്പായല്‍ജലം.

 ഹാ, എന്റെ ദൈവമേ, അവനെനിക്കായി സൂക്ഷിച്ച ആ പാട്ട് ഏതായിരുന്നു.

''മാറി നില്‍ക്ക്'' ആരോ ശാസിക്കുന്നു. എന്നെ പുറകോട്ടുന്തുന്നു.
 
     മൊട്ടയടിച്ച ശിരസ്സില്‍ , നെറ്റിയിലെ ചുവന്ന വരയില്‍ സ്പര്‍ശിക്കുന്ന  ഡോക്ടര്‍,തൊപ്പി ഊരുംപോലെ ആയാസരഹിതമായി ഛേദിച്ച തലയോടിളക്കിമാറ്റുന്നു.  രക്തനിറമോടിയ തലച്ചോര്‍.കവിത പൂവിട്ട തലയോട്ടിത്തൊലിമടക്കുകള്‍.പ്രേമസ്വപ്നങ്ങളവന്‍ ഒളിപ്പിച്ചയിടം.

''നിന്റെ ചാരത്തുവന്നു, നിന്‍ പ്രേമനൈവേദ്യമണിഞ്ഞു.''
ചാണകം തേച്ച തൂണിനു മറവില്‍ അവന്‍ എന്നെ കാത്തു പതുങ്ങി നിന്നു.

''എനിക്കിത് സഹിക്കാന്‍ വയ്യേ'' 

     പിളര്‍ത്തിയ ആമാശയത്തില്‍ വെന്തുനിന്ന പ്രാതലിനെ ചുറ്റിയ ദഹനരസം...
"ഗ്വാ.." ആ മുറിയില്‍നിന്ന് നിലവിളിയോടെ ഒരാള്‍ ഇറങ്ങുന്നു, ചര്‍ദ്ടിക്കുന്നു .അവന്റെ പ്രിയ കൂട്ടുകാരന്‍..

"ഇത്ര ധൈര്യമോ പെണ്ണേ നിനക്ക്?"  അവന്‍ ചിരിക്കുന്നതുപോലെ എനിക്ക് തോന്നി.
 
''അയ്യോ പാവം. ഇത്ര തൊട്ടാവാടിയാണോ അഭി നീ''? എന്റെ പതിവു പരിഹാസം.

ഇനി ഡയാറ്റം കണ്ടെത്തലാണ്. തുടയെല്ല് വെട്ടിക്കീറി ലബോറട്ടറിയിലേക്ക്.ശ്വാസകോശത്തില്‍ കടന്നുകയറിയ ഡയാറ്റം പായല്‍,രക്തത്തിലൊഴുകി പരന്ന് എല്ലിനുള്ളിലെ മജ്ജയില്‍ വളരും. അമ്പലക്കുളമായാലും മനുഷ്യരക്തമായാലും പായലിനെന്ത്?  അത് മൃത്യോന്മാദത്തോടെ പെരുകുന്നു, പരക്കുന്നു, പൂക്കുന്നു. ആന്തരിക പരാഗണത്തിലൂടെ കായ്ക്കുന്നു.  വിത്തുകള്‍ മുളപൊട്ടി വളര്‍ന്നുവളര്‍ന്ന് ചോരയുടെ ചുവപ്പൂറ്റിക്കുടിക്കുന്നു.

    ഞാന്‍ നോക്കിനില്‍ക്കെ അവന്റെ കൈകള്‍ ഒടിച്ചുകളഞ്ഞു. അവ നീര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവത്രെ.

''സോറി ..സോറി..മാപ്പാക്കടാ '' അവന്റെ സഹമുറിയന്റെ കണ്ണുനീര്‍ ,പിളര്‍ത്തിയിട്ട അവന്റെ ഉടലകത്തേക്ക് ചിതറിവീണു.  പുറത്തേക്കുന്തിയ നാവ് കത്രിക കൊണ്ട്  കുത്തി ഡോക്ടര്‍ ഉള്ളിലാക്കാന്‍ ശ്രമിക്കുന്നു. അവശേഷിച്ചത് വെട്ടിയെടുത്ത് ചവറ്റിലേക്കെറിയുന്നു. 

      ഇനി തുന്നലാണ്.  തലച്ചോര്‍ വയറ്റിലിട്ടും  കുടല്‍ നെഞ്ചില്‍ കുത്തിനിറച്ചും സര്‍ജന്‍ ഒരു കൗശലക്കാരനായ തുന്നല്‍ക്കാരനെപ്പോലെ അവനെ കൂട്ടിത്തുന്നിക്കൊണ്ടേയിരുന്നു.

    ജീവിതം നമുക്കുവേണ്ടി വസ്ത്രങ്ങള്‍ തുന്നുന്നു. മരണം നമുക്കു വേണ്ടി നമ്മുടെ ശരീരവും.

നീലക്കുറിഞ്ഞികളെപ്പറ്റിയുള്ള ആ വിഷാദഗാനം  ഞാനൊരിക്കലും പിന്നെ കേള്‍ക്കാന്‍ ശ്രമിച്ചില്ല.  പാടിയുമില്ല.  ആ പാട്ട് ഒരു ആണായിരുന്നു പാടേണ്ടിയിരുന്നത്. പക്ഷേ, ഞാനത്  പെണ്‍പാടിയേ കേട്ടുള്ളൂ.

''നീയിതു ചൂടാതെ പോകയോ?'' അവന്റെ ചിലമ്പിച്ച ഒച്ച ഞാനിടക്കെല്ലാം കേട്ടു.പ്രേമവും വിഷാദവും  നിഷ്കളങ്കതയും  ചിതറിച്ച പരിഭ്രാന്തനായ പതിനേഴുകാരന്റെ പകച്ച കണ്ണുകള്‍ ഞാനോര്‍ത്തു.

വര്‍ഷങ്ങള്‍ക്കുശേഷം  അവന്റെ മേശയില്‍നിന്ന് അവന്‍ മോഷ്ടിച്ച എന്റെ ചീര്‍പ്പ് കണ്ടെത്തിയ അന്ന്, അവന്റെ നാഷനല്‍ പാനസോണിക് ടേപ്പ് റെക്കോഡറും ഞാന്‍ കണ്ടെത്തി. അവന്റെ 'പ്രേമനൈവേദ്യം' പോലെ നോട്ടുപുസ്തകത്തില്‍  എഴുതിയൊളിപ്പിച്ച ആയിരം കവിതകള്‍ കണ്ടു.

     ടേപ്പ് റെക്കോഡറിനകത്ത് ആ കാസറ്റ് ആയിരുന്നു.അതില്‍ ഒരുവശത്ത് 'എന്റെ നീലക്കുറിഞ്ഞി' എന്നെഴുതിയിരുന്നു.  മറുവശത്ത് അസംഖ്യം  തവണ എന്റെ പേരും.

     അവന്റെ ജനാലപ്പുറത്ത് വെയിലില്‍ നിറയെ പൂത്ത സ്പര്‍ശലജ്ജകള്‍ ഞാന്‍ കണ്ടു. 

      അവനെ സ്നേഹിക്കാന്‍ കഴിയാത്തതിനാല്‍ ഞാനാ സ്പര്‍ ലജ്ജപോലെ വാടി.ഒരിക്കലും എനിക്കെന്നോടുതന്നെ മാപ്പു നല്‍കാനായില്ല.  കേവല കൗമാര കൗതുകത്തെ എനിക്ക് പരിഹസിക്കാതിരിക്കാമായിരുന്നു.കടുത്ത ആത്മനിന്ദ. ഞാന്‍ എന്നെത്തന്നെ വെറുത്തു.ആ പാട്ടിനെയും വെറുത്തു. പിന്നീടെല്ലായ്പ്പോഴും ആ പാട്ട് കേള്‍ക്കുമ്പോള്‍ അവനെ ഓര്‍ക്കാതിരിക്കാന്‍ ഞാനെന്റെ  ചെവികളും എന്റെ ഹൃദയവും അടച്ചുപിടിച്ചു. 

Monday, 9 January 2012

ഡ്രാക്കുളയുടെ സുവിശേഷം


                                       ഡ്രാക്കുളയുടെ സുവിശേഷം

                     അറിയാമായിരുന്നോ?
നീയല്ലേ  മുതിര്‍ന്നതിനു ശേഷം എന്നെയതെല്ലാം ഓര്‍മ്മിപ്പിച്ചത്?അത്: ഹൃദയത്തെ അടയാളപ്പെടുത്തിയ നീല മഷിക്കറയായിരുന്നു .എന്‍റെ പാപത്തിന്‍റെ ആദ്യ അടയാളം.ഇളം കരിക്ക് പോലെ മൃദുവായ തോണ്ണ്‍  കൊണ്ട് ഞാനാ മുന്തിരി പഴത്തെ അമര്‍ത്തി കടിച്ചപ്പോള്‍ നെഞ്ചില്‍ പടര്‍ന്ന വയലറ്റ് കറക്ക് നിന്‍റെ രക്തത്തിന്‍റെ യും എന്‍റെ പാപത്തിന്‍റെ യും തീഷ്ണ ഗന്ധമായിരുന്നു.പിറവി യില്‍ ശാപത്തിന്‍റെ തന്തക്കാലുമായി ഞാന്‍ എന്‍റെ ഗര്‍ഭജലസമുദ്രോറ    ഇടതു കാല്‍ കൊണ്ട് എത്ര നിസ്സാരമായാണ് ചവിട്ടി ചിതറിച്ചത്.അമ്മയുടെ നിറമില്ലാത്ത കണ്ണീരെല്ലോ, ഉള്ളവയവത്തിന്‍റെ ആന്തരിക മാസ്മര ഗന്ധം എന്‍റെ ഉടലില്‍ നിന്നും കഴുകിയുലര്‍ത്തത് .
       "എന്‍റെ പ്രഭോ...എന്‍റെ പ്രഭോ..." 

സീമിത്തേരിയിലെ തണുത്ത കാറ്റ് എന്‍റെ കാലടികളെ ഇക്കിളിപ്പെടുത്തുന്നു...ആദ്യമായ്  മണ്ണ്തൊട്ട  ഉണ്ണിയാകുന്നു ഞാന്‍ ....
"മൂന്നു തവണ ..... അമ്മെ എന്‍റെ പ്രഭ്വി ...മൂന്നു തവണ അച്ഛന്‍റെ മുഖത്ത് നീയല്ലേ എന്നെ കൊണ്ട് മണ്ണ് വീഴ്ത്തിച്ചത്?"
         ചുവന്ന  സാന്ധ്യ മേഘങ്ങളില്‍..വെളുത്തു പടര്‍ന്ന പഞ്ഞി കംബളം- ഈ മഞ്ഞു..ഇത് പുകയുന്നോ?എരിയുന്നോ?വിളറിയ പുകയുടെ നേര്‍ത്ത ശ്മശാന ഗന്ധം.....നിന്‍റെ മൂക്ക് അത് ചുവപ്പിച്ചു.. അമ്മെ... എന്നെ അത് കരയിച്ചു...മണ്ണ് ,എന്‍റെ പിതാവിനെ ഒരു അഗ്നി നാളത്തേക്കാള്‍ തീവ്രമായി ,കാമുകിയുടെ ഈറന്‍ ഉടല്‍ പോലെ ആസക്തമായി ആലിംഗനം ചെയ്തു...പാതിയടഞ്ഞ കൃഷ്ണമണിയുടെ നീലിച്ച പ്രേമം മണ്ണില്‍ ദ്രവിച്ചു...
       "അവരാണ് അത് ചെയ്തത്..." എന്‍റെ വിശപ്പിനു മേല്‍ പക പോലെ പടര്‍ന്ന മുലപ്പാല്‍ ക്രോശിച്ചു...
"നിന്‍റെ ആത്മാവ് സ്നേഹരഹിതമായിരിക്കട്ടെ കുഞ്ഞേ "നീറ്റു പകയിലെ തലച്ചോര്‍ കനലുകള്‍ ഊതിയൂതി അമ്മയെന്നെ വളര്‍ത്തി.
അവരുടെ രക്തത്തിന് വേണ്ടി അമ്മയെന്നെ ദാഹാര്‍ത്തനാക്കി ...അവരുടെ മാംസത്തിനു വേണ്ടി എന്‍റെ ഹൃദയത്തില്‍ പട്ടിണിയുടെ പാപക്കുരിശുകള്‍ കുത്തിയിറക്കി...
   "എന്‍റെ മിശിഹായെ...മലിന മാംസകാരിയായ പാപത്തില്‍ നിന്നും വേദനകളുടെ രക്ത വീഞ്ഞിന്‍ വീപ്പകളില്‍ നിന്നും നീയെന്നെ മോചിപ്പിച്ചതെയില്ലല്ലോ?"
               നിന്‍റെ വഴി.... നിന്‍റെ വഴി...വീഞ്ഞിനു പകരം എന്‍റെ അള്‍ത്താര കറുപ്പില്‍, അവരുടെ ഊതരക്തം ഞാന്‍ ഊറ്റിഎടുത്തു.അവരുടെ മലദ്വാരങ്ങളിലൂടെ അവരെ ഞാനെന്‍റെ മരക്കുരിശുകളിലേക്ക് കയറ്റി എടുത്തു.അവര്‍ക്കൊരിക്കലും കുരിശു ചുമക്കേണ്ടി വന്നില്ല...എന്‍റെ കുരിശുകള്‍ അവരെ ചുമന്നു.അവരുടെ കീറശരീരത്തില്‍ എന്‍റെ അപ്പത്തിനുള്ള മാംസം വെന്തു...അവരുടെ ഞരമ്പുകള്‍ചിന്തി ചിതറിയ കൊഴുത്ത രക്തം എന്‍റെ മുഖത്തെ ചുമപ്പണിയിച്ചു .എന്‍റെ കാസയിലെ രക്ത ലഹരിക്ക്‌ പശിമ കൂടി.എന്‍റെ ജീവബലി,വേദനക്കും മരണത്തിനുമിടയില്‍ അതിദുര്‍ഭലമായ പിടച്ചിലില്‍ അവര്‍ കൈക്കൊണ്ടു..എന്‍റെ കറുത്ത ബലി..രക്തം വാര്‍ന്നു,വിളറിപ്പോയ കണ്‍കളില്‍ എന്‍റെ പച്ച മാംസപ്പക ആദിമമായ ഭീതി വളര്‍ത്തി..
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പുരോഹിതന്‍...
     ഞാന്‍ തന്നെയായിരുന്നു എന്‍റെ പിതാവ്................
    ഞാന്‍ തന്നെയായിരുന്നു എന്‍റെ    പുത്രന്‍....
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പരിശുദ്ധാത്മാവ് ......

ഹ്ഹാ പ്രിയപ്പെട്ടവളെ എന്‍റെ ആത്മ ബലികളില്‍ പകയില്ലായിരുന്നു.പ്രതികാരത്തിന്‍റെ കൂരംബന്‍ പല്ലുകള്‍ ഇല്ലായിരുന്നു...രക്തം മുലപ്പലായ് ഊട്ടി നല്‍കിയ അമ്മ വിശപ്പും...ഒരു കണ്ണീരിലും നനഞ്ഞു തീരാത്ത ആ ദാഹവുമുണ്ടായിരുന്നു.
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പ്രഭു ....
    ഞാന്‍ തന്നെയായിരുന്നു എന്‍റെ രാജ .....

വലെഷ്യയില്‍ ഏത് മണ്ണിടമാണ് എന്‍റെ സ്പര്‍ശത്താല്‍ വിത്തുകള്‍ മുള പൊട്ടിക്കാതിരുന്നത്?
വലെഷ്യയില്‍ ഏത് പെണ്ണിടമാണ് ഈ രാജകുമാരന്‍ തൊട്ടറിയാതിരുന്നത്?എന്റെ സ്പര്‍ശത്താല്‍ എതിളം മുലഞെട്ടുകളാണ് ഞെട്ടിത്തരിപ്പോടെ  ഞാവല്‍ക്കാ  തോട്ടങ്ങളില്‍ പഴുത്ത കായ്കളെ പോലെ വിറക്കാതിരുന്നത്?ഏതേതു താമര മൊട്ടുകള്‍ ആണ് ലഹരി മതിര്‍ത്ത ലജ്ജയില്‍ എനിക്കായി വിടരാതിരുന്നത്?
         പക കറുത്ത  ഈ പ്രേമ ചുണ്ടുകളില്‍ കാന്തിക ലഹരി തുളിച്ചവളെ...സര്‍പ്പ സമാനിയായ ഈ നാവിനെ നിന്‍റെ  ഉമിനീര്‍ വിഷത്തില്‍ കുഴച്ചവളെ...
നീ വരുവോളം ഞാന്‍ തന്നെയായിരുന്നു ഈ ലോകചക്രവര്‍ത്തി...
നിന്‍റെ പ്രേമം എന്നെ ഭിക്ഷുവാക്കി...
അശരണനാക്കി ......
നിന്‍റെ കാല്‍ക്കീഴിലെ കാവല്‍നായാക്കി...
                നീ ...നീ...നീ ... തന്നെയായിരുന്നു  പ്രിയപ്പെട്ടവളെ, പ്രഭാത നക്ഷത്രങ്ങള്‍ ചെറു ശിശുക്കളായ് കണ്‍ചിമ്മിയ  ആ മട്ടുപ്പാവില്‍ വച്ച് ,വിശുദ്ധ ബലി പോലെ, എന്‍റെ പല്ലുകള്‍ക്കിടയിലേക്ക്  നിന്‍റെ നീല ഞരമ്പ്  വെച്ചമര്‍ത്തിയത്  ?

     ഹാ പ്രിയേ.. അവിവാഹിതയായിരുന്നിട്ടും നിന്‍റെ രക്തം എനിക്കായ് മുലപ്പാല്‍ച്ചുരത്തിയില്ലേ?നവംബര്‍മാസ തണുപ്പില്‍ പ്രിയേ പ്രിയേ ഞാനോര്‍ക്കുന്നു ......മോണിംഗ് ക്ലോറി പൂക്കളെ പോലെ നീ എന്‍റെ കൈകളില്‍ കിടന്നു ഉന്മാദത്തോടെ പിടഞ്ഞത്...
          ഞാനെന്ന സമുദ്രത്തെ ഒറ്റ ചുംബനത്താല്‍ ഉറിഞ്ചിയെടുത്ത വിശുദ്ധ വെണ്‍ശം
ഖല്ലേ നീ....?
എന്‍റെ രക്ത മാതളപ്പഴം ....നിന്‍റെ ഹൃദയഅറയില്‍ ഏകാകിയായ ശിശുവേ ഞാന്‍ പകച്ചപ്പോള്‍, പ്രിയപ്പെട്ടവളെ പ്രിയപ്പെട്ടവളെ ...നീയെന്തിനായിരുന്നു വിതുമ്പിയത്?
 പതിനായിര കണക്കിന് തുര്‍ക്കികളുടെ രക്തം വീണു നനവാര്‍ന്ന മണ്ണില്‍ വച്ച്....ലക്ഷക്കണക്കിനു പ്രേതങ്ങളുടെ ആര്‍ത്തനിലവിളികള്‍ക്കിടയില്‍ വച്ച്.... പ്രാണനറുന്ന ശാപങ്ങളുടെ നടുവില്‍ വച്ച്...ആ അമാവാസി രാത്രിയില്‍ ഞാന്‍ നിന്നെ, ഭ്രാന്തനായ കാമുകന് മാത്രം സാധിക്കുന്ന പ്രേമോന്മാദത്തോടെ  പ്രാപിച്ചില്ലേ പ്രിയേ?
നിന്‍റെ കന്യാ രക്തം വീണു ചുവന്ന ഭൂമിയില്‍ നമ്മള്‍ രണ്ടാത്മാക്കളുടെ ആത്മബലിയും പൂര്‍ത്തിയായില്ലേ?
     ഹ്ഹോ എന്‍റെ ദൈവമേ ...നമ്മുടെ പ്രേമം...അതെന്തായിരുന്നു...ആത്മാവിന്‍റെ കത്തല്‍....പ്രാണനെ അറുന്നു പൊള്ളിച്ച ചുംബനങ്ങള്‍ ...അഗ്നിയുടെ കാമരോഷ വികിരണങ്ങള്‍...മാംസം മാംസത്തിലുരഞ്ഞു  പരസ്പരം തീ പിടിച്ച ചെറുപ്രേമ സ്ഫുലിം ഗങ്ങള്‍ ...നഖങ്ങള്‍ കൊണ്ട് മാന്തിയും.... പല്ലുകള്‍ കൊണ്ട് കടിച്ചു കീറിയും നാം നടത്തിയ സ്നേഹത്തിന്‍റെ  ഭ്രാന്തന്‍ യുദ്ധങ്ങള്‍....
എന്‍റെ പ്രിയേ ...നിന്നോളം ഞാന്‍ മറ്റെന്തിനെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ???
      പ്രിയേ ...എന്‍റെ പ്രിയേ... എന്നിട്ടും നിന്‍റെ മിശിഹാ നിന്നിലൂടെ എന്നെ ചതിച്ചു...ഈ ലോകം ...ഈ പ്രപഞ്ചം ....എന്‍റെ  വല്ലേഷ്യ... എന്‍റെ വംശാ വലി ...എല്ലാം നിന്നെ പ്രതി എന്നെ തള്ളി പറഞ്ഞു....
നിന്നെ പ്രതി ...നിന്നെ പ്രതിയാണ് ഞാന്‍ മരിച്ചത്...എന്നിട്ടും എന്‍റെ കുഴിമാടത്തില്‍ അവര്‍ നട്ട ഗാര്‍ലിക്ക് വള്ളികള്‍ക്ക് വെള്ളമോഴിക്കെ നീ എന്തിനാണ് നിലവിളിച്ചു കൊണ്ടേയിരിക്കുന്നത്?
ഞാന്‍ ഒരു പിശാചാണെന്നു പ്രിയപ്പെട്ടവളെ നീയും വിശ്വസിച്ചുവോ ?
എന്‍റെ പ്രിയപ്പെട്ടവളെ....
      ആത്മാവിന്‍റെ അന്തര്‍ദാഹമൊടുങ്ങാതെ... എന്‍റെ ശരീരത്തില്‍  കത്തുന്ന ദാഹവും കുടല്‍ കീറി പിളര്‍ക്കും വിശപ്പുമോടുങ്ങാതെ നിന്നോടുള്ള കോടാനുകോടിവര്‍ഷ പ്രേമം അടങ്ങാതെ   ഞാനീ പെട്ടിക്കുള്ളില്‍ അഴുകി തീര്‍ന്നുവെന്ന് നീ വൃഥാ വിശ്വസിച്ചല്ലോ?

നിന്‍റെ നീലക്കണ്‍കളിലെ    പ്രേമം അവസാനിക്കാത്തിടത്തോളം കാലം  നീ അറിക....... എന്‍റെ അസ്ഥികള്‍ പൂക്കയില്ല...
എന്‍റെ ചുണ്ടുകളിലെ നിന്‍റെ അന്ത്യ ചുംബനതിണര്‍പ്പ്   മായുകയില്ല....
നീ കേള്‍ക്ക പ്രിയപ്പെട്ടവളെ ...രക്തം രക്തത്തെ ചതിക്കുമ്പോഴാണ്  ചതിയുടെ യഥാര്‍ത്ഥ ഉന്മാദ ലഹരി..
കാലുകളില്‍ നീ വിതറിയ മുള്ളാണികള്‍ തറച്ചു കയറുമ്പോള്‍  ആദ്യമായി നീ എന്‍റെ  മുകളിലിരുന്നു പുഞ്ചിരിച്ചതും...
നീയൊരു മുള്ളാണിയായതുമാണ്  ഞാനോര്‍ക്കുന്നത്..

നിന്‍റെ ചതി....എന്‍റെ വിധി...
നീയെനിക്ക് വീഞ്ഞായി വിളമ്പിയ വിഷത്തിനുമുണ്ടൊരു ക്രൂരലഹരി...
പക്ഷെ അതിനു നിന്‍റെ കഴുത്തിലെ ഇളം രക്തരുചിയോളം  കടുപ്പമില്ല ..രൌക്ഷ്യവുമില്ല പ്രിയേ......
നീ എന്‍റെ മാംസം ഭക്ഷിക്കുന്ന അന്ത്യനാളിലും നിന്‍റെ പ്രേമം എന്നെ ഉയിര്‍ത്തു  എഴുന്നേല്‍പ്പിക്കുന്ന  മൂന്നാംനാളുണ്ടാകുമെന്ന് നീ  മറന്നു പോയോ?

നമ്മുടെ നട്ടെല്ലിനെ നക്കി തോര്‍ക്കുന്ന ഭയം പോലെ തന്നെ ആദിമവും ശക്തവുമാണ് എന്‍റെ പ്രേമം....
നിന്‍റെ ചര്‍മം പോലെ അത് നിന്നെ പൊതിയുന്നു....
ശതകോടി വര്‍ഷങ്ങളായി ഞാനീ ശവപ്പെട്ടിക്കകത്ത്  നിന്നെ കാത്തു അര്‍ദ്ധനിദ്രയില്‍ നിന്‍റെ പിങ്ക് മുല ചുണ്ടുകളെ സ്വപ്നം കാണുന്നു...

നിന്‍റെ മുടിയിഴകളിലെ വന്യ സുഗന്ധ ഗന്ധമാണ്  എന്‍റെ ശവക്കച്ചക്ക്...
നിന്‍റെ  ഉമിനീര്‍ പഴുക്കുന്നല്ലോ എന്‍റെ ചുണ്ടില്‍...
നിന്‍റെ ആലിംഗനത്തില്‍  ഞരുങ്ങുന്നല്ലോ എന്‍റെ മൃതശ്വാസകോശങ്ങള്‍...
നോക്ക്.......... നോക്ക്...
ഞാനൊരു ഘ്രാണ വീറെറിയ    നായ്‌...
ഏത് ജന്മത്തില്‍ ഒളിച്ചാലും ഏത് ലോകത്ത് വളര്‍ന്നാലും നിന്നെ ഞാന്‍ തിരിച്ചറിയും...
എന്‍റെ ആത്മാവ് നിനക്ക് വേണ്ടിയാണിത്രയും സഹിച്ചത്....
പ്രേമത്തി
ന്‍റെ ചതിയെ ...രക്തത്തിന്‍റെ ചതിയെ...നീ മറക്ക...
     എത്ര ജന്മങ്ങളുടെ പകയുണ്ട് നമുക്കുള്ളില്‍? എത്ര ഭോഗങ്ങളുടെ പ്രതികാരമുണ്ട് നമുക്കിടയില്‍?
വരൂ  ... എന്‍റെ പ്രിയപ്പെട്ടവളെ ...
ഞാന്‍ നിനക്ക് വേണ്ടി മുളച്ച ഒരു പൂമൊട്ട്...
എന്നെ പിച്ചിയെടുത്ത്‌ ഞരടിക്കളയുക.......
വരൂ.................. ഞാന്‍ നിനക്കായി പിറവി കൊണ്ട്  പ്രാപ്പിടിയന്‍....
എന്‍റെ കഴുത്തു  നീ ഞരിക്ക..........
ഒഹ് പ്രിയേ............
ഞാന്‍ നിന്‍റെ അപ്പം നീ എന്നെ ബോര്‍മ്മയിലിട്ടു ചുട്ടെടുക്കുക........
വരൂ എന്നെ നിന്‍റെ കാല്‍ക്കീഴില്‍ ഇട്ടു ചവിട്ടി അരക്കൂ ...............
വരൂ..................നിന്‍റെ പ്രേമത്താല്‍ ഈ ശവക്കുഴിയില്‍ നിന്നും എന്നെ മോചിപ്പിക്കൂ...
വിധിയുടെ വിഡ്ഢി  സ്വര്‍ഗത്തില്‍ നിന്നും പ്രേമത്തി
ന്‍റെ ഗംഭീരമായ നരകത്തീയ്യിലേക്കു നീയെന്നെ കൊണ്ട് പോകൂ....
ഇതാ... എന്‍റെ പ്രിയപ്പെട്ടവളെ..ഇത് ഭക്ഷിക്കുക...
ചോരയിറ്റുന്ന ഈ ചുവന്ന പഴം നിന്‍റെ വിശപ്പും ദാഹവും അകറ്റും....
 പ്രിയേ..
എന്‍റെ പ്രിയേ....... ഈ കനി സ്വീകരിക്ക..........
ഈ വിശുദ്ധ പഴം നിനക്ക് വിലക്കപ്പെട്ടതല്ല....
വരൂ ...സ്വീകരിക്കൂ....
ഹ്ഹോ എന്‍റെ പ്രിയപ്പെട്ടവളെ .....

ഈ പഴത്തെ  നീ എന്‍റെ ഹൃദയമെന്ന് മാത്രം വിളിക്കരുതേ........