Tuesday 8 January 2013

ചെമ്മണ്ണു കൊണ്ട് തട്ടമിട്ട എന്റെ ആസ്സ്യക്കുന്നു (ഓര്‍മ്മക്കുറിപ്പ്‌ )
ഒരിക്കല്‍ നമ്മള്‍ അറിയുകയുണ്ടായി.

ലോകത്തില്‍ ഏറ്റം ലഹരി പുളയുന്നതും മാരകവും മൃത്യുവോളം വീര്യവും ശല്ക്ക അണലിയുടെ ഉമിനീരിനെന്നു.ആ അണലിയെ പൊത്തില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ ആസ്സ്യക്കുന്നില്‍ പൊടിയാളി,പുകക്കാറ്റുയര്‍ന്നു.കാമുകന്‍ കൊന്നു കളഞ്ഞിട്ടും ഫെബ്രുവരിയുടെ വിളറിയ ഉച്ചകളിലും അന്തിചോക്കുന്ന താഴ്വാരങ്ങളിലും അവളുടെ തുള്ളങ്കികള്‍ കിലുകിലാ പൊട്ടിച്ചിരിച്ചു.വെള്ളിയരപ്പട്ട കള്‍ കടലിന്‍  ചുട്ടവാള്‍ച്ചിരി തന്നു...ഉച്ചക്ക് ഉണ്ണികളേ തീണ്ടുന്ന അണലിക്ക് ഉത്ഭ്രാന്ത ചുംബനരഹസ്യം  അവള്‍ കൈമാറി.മീസാന്‍ കല്ലുകളുടെ അടിയില്‍ വര്‍ഷങ്ങളുടെ  പകയുമായി ആസ്സ്യ വെറും അസ്ഥികളുടെ ദ്രവിച്ചൂര്‍ന്ന വെളുമ്പൊടിയായി പുകഞ്ഞു.


          ഏഴാം രാവിൽ മൈലാഞ്ചി  പൂക്കൾ നിലാവെളിച്ചം  തട്ടി വിരിഞ്ഞു. മൺകാറ്റിൽ ഖബറുകളുടെ മൊട്ടുകൾ അഹന്തയോടെ  കൂമ്പി നിന്നു .

അണലിയെ  ആ കൂട്ടിൽ കണ്ടപ്പോൾ എല്ലാവരും ഭയന്നു."ഓ   ആസ്സ്യ .. നീയ്യെന്തിനു നിന്റെ   കണ്ണുകൾ ആ കുരുടി പാമ്പിനു നല്‍കി? നിന്റെ ണ്ണുകളിലെ  തീയ്യുഗ്രത ..തീഷ്ണവും വന്യവും ലഹരി ചുറയുന്നതുമായ  പ്രണയനോട്ടം അതെല്ലാം  അതിനു നല്‍കി ? ആന്ധ്യം  നിന്റെ  ഇരുട്ടറയിലെ  തണുപ്പിൽ നിനക്ക്  അനാഥത്വം  സമ്മാനിക്കയില്ലേ ? അതോ  വിഷാദഗാനങ്ങളുടെ  ഇരുണ്ട  സന്ധ്യയിൽ നീ പ്രേമത്തിന്റെ ഉന്മാദചുവടുകളുമായി ,കുരുടികൾക്ക് കണ്ണീരില്ലെന്ന് സ്വയം വിശ്വസിച്ചുവോ?എന്റെ  പ്രതികാരത്തിന്റെ ദേവേതേ .... എന്നിട്ടും നീയെന്തേ  അവനെ  മാത്രം  സ്പർശിച്ചില്ല ?


ഫെബ്രുവരി മാസമായിരുന്നു  അത് .ആസ്സ്യ കൊല്ലപ്പെട്ടു  വർഷങ്ങൾ കഴിഞ്ഞു  വന്ന  ഒരു െഫെബ്രുവരി.
 ആസ്സ്യ അണലിയായി മാറി എന്ന്  എന്നോട്  പറഞ്ഞ  മൈമൂന   പോലും ശല്ക്ക അണലിയെ  കണ്ട്  ഭയന്നിരിക്കണം ..നാഷേണൽജ്യോഗ്രഫിക്ക്  ചാനലിലെ  സായിപ്പന്മാ അണലിയുടെ വിവിധങ്ങളായ പടങ്ങൾ എടുത്തു...അതിന്റെ   മയക്കം ..അതിന്റെ  പുളപ്പ് .വട്ടം  ചുറ്റി  വടമാകയും ഇടക്കിടെ  അഴികയും ചെയ്യുന്ന അതിന്റെ കുസൃതി.ഫ്ലാഷു  മിന്നുമ്പോൾ പുളിച്ച  ഒരു കൺനോട്ടം ..എല്ലാം അവർ പകർത്തി 

.. പത്രക്കാർ  അണലിയെ  കുറിച്ചുള്ള  വാർത്തകൾ കുറിച്ചെടുത്തു ..മുറുക്കി തുപ്പിക്കൊണ്ട്  ചൂലേട്ടന്‍  കഥേയാർത്തു..ചെല്ലിതന്ത വാതം പിടിച്ച കാൽ തടവി എല്ലാം  ശരിഎന്ന്  തലയാട്ടിക്കൊണ്ടിരുന്നു.

.നായാടി മാഷു കുന്നിലെ വ്യത്യസ്ത ഇനം പാമ്പുകളെ   പറ്റി  പറഞ്ഞു ..ലോകത്തിലെ  ഏറ്റവും വിഷം കൂടിയ അണലിയായിരുന്നു  അത്.ശലക്ക  അണലി..രക്ത  അണലിയെക്കാള്‍  ഭയങ്കരം..വിഷം തീണ്ടിയാൽ മരണ മുറപ്പ്.
ആസ്സ്യക്കുന്നിന്റെ  വിജനതയിൽ കളിക്കാൻചെന്നിരുന്ന കൊച്ചു കുഞ്ഞുങ്ങളെ അണലി ഒന്നും ചെയ്തില്ല ..പൂ പറിക്കുവാൻ ,ഒടിചൂത്തി പൂത്ത  കാട്ടിലേക്ക് ഓടിയറുമ്പോഴും അവ സൗഹൃദത്തോടെ  ഇഴഞ്ഞു  പുറത്തേക്ക് പോയി..കശുമാങ്ങകൾ പെറുക്കാന്‍ചെല്ലുമ്പോൾ കരിയിലകളിൽ വഴുക്കി അവ നീങ്ങിക്കിടന്നു 


 ആസ്സ്യ കുന്നിന്റെ തെക്ക് ഭാഗത്തു പാറമടയുണ്ടായിരുന്നു...അവിടുത്തെ പാറക്കൂട്ടങ്ങൾക്കിടയിലെ  ഉരുണ്ട പ്രാചീന ഗുഹാമുഖികളായ മാളങ്ങളിലേക്ക് അവ കയറി പ്പോയി ..ചിലപ്പോൾ സ്ഥലം  കാണാൻ വരുന്നവർ ഇരിക്കാൻ കൊണ്ടിട്ട പഴയപ്ലാസ്റിക്ചാക്കിനടിയിൽ അവ പത്തും  ഇരുപതും മുട്ടയിട്ടു ..ഞങ്ങൾ കുട്ടികൾ കോലു കൊണ്ട് ചാക്ക് പൊക്കുമ്പോൾ അണലിക്കുഞ്ഞുങ്ങൾ പരിഭ്രാന്തിയോടെ ചിതറി..ചെമ്മണ്ണു  നിറ കുന്നിൻ മണ്ടയിൽ അവ ഇഴഞ്ഞു പോയ വഴിയടയാലങ്ങളൾ , മരുസ്തലിയിൽ കാറ്റിന്റെ  വിരൽസ്പർശം പോലെ ആണ്ടു പതിഞ്ഞു കിടന്നു.

 " ആനക്ക് അറിയ്യോ ?അതു  ആസ്സ്യമ്മാമന്റെ  പ്രേതമാ" മൈമൂന അവളുടെ  തട്ടം വലിചിട്ടു .മൂക്കള ശക്തിയായി മേല്‍പ്പോട്ടു  വലിച്ചു ..
" എന്റെ  ഉമ്മൂമ്മാന്റെ അനിയത്ത്യാ  ആസ്സ്യ . അതറിയ്യോ?...പാവം 16 വയസ്സിലെ  ചത്തു പോയി"  
          മൈമൂന കാലു കൊണ്ട്  കശുമാങ്ങാ  ചവിട്ടി പിടിച്ചു .. കശുവണ്ടികൾ കഴുത്തു പിടിച്ചു തിരിച്ചു  ചാർ ചിതറി..നിറയെ പൂക്കളുടെ  ചിത്രം  പ്രിന്റ്‌ ചെയ്ത കടും വയലറ്റ് പാവാടയിൽ "ശിര്‍  ശിര്‍ " ശബ്ദത്തില്‍ കറ പതിഞ്ഞു.

 " കുഞ്ഞുമ്മാമ്മയാ  എന്റെ കുഞ്ഞി  ഇമ്മാമ..അതോണ്ടാ നമ്മളെ ഒന്നും കടിക്കാത്തത്."

     അവൾ അണ്ടികൾ പെറുക്കി പാവാടയിലിട്ടു ...തിളങ്ങുന്ന  ശൽക്കങ്ങ കാട്ടി  അണലി അപ്പുറത്തു വെയിൽ കാഞ്ഞു  നിർഭയത്തോടെ കിടന്നു.
" ഒലെ കച്ചെം  തുണീം പണ്ടങ്ങളുമൊക്കെ ഇമ്മാമന്റെ പെട്ടീലിണ്ട്. ഇന്റെ നിക്കാഹിനു ഇനിക്ക്  തരും"
       മൈമൂന നാണത്തോടെ  ചിരിച്ചു .വലിയ നുണക്കുഴികളായിരുന്നു  മൈമൂനക്ക്   ..ഇരു നിറമെങ്കി ലും ചർമ്മം പ്രകാശഭരിതം..ചിരിക്കുമ്പോൾ ചുരുള്‍ മുടികൾ വാശി കൂട്ടി ഇളകും ..കാറ്റില്ലെങ്കിലും ഇളകും..കണ്‍കൾ വിടരും. പുരികം വിടരും. കവിളുകളും ചുണ്ടും ചേര്‍ന്ന് വിടരും. അതിമനോഹരമായ പുഞ്ചിരിയായിരുന്നു അത് . 
   " നല്ല  ഭംങ്ങ്യ  കുട്ടീടെ  ചിരി കാണാന്‍ " ഞാൻ പറങ്കി മാങ്ങകൾ തന്നതിന്റെ സന്തോഷത്തില്‍ പറഞ്ഞു.
"മം ഇനിച്ചര്‍ജാം അസ്സ്യമ്മാ മ്മന്റെ ചിര്യാ ഇനിക്ക് ..ഇമ്മാമ പറഞ്ഞിക്കിണ് ..അസ്സ്യാമ്മാമക്ക് പക്ഷെ സ്വര്‍ണ്ണക്കളറാ ...ഇമ്മാമറെ ഉമ്മാ അറബീന്റെ മോളാ "
അറിവുകള്‍ നിരത്തുന്നതില്‍ മൈമൂന മിടുക്കിയാണ്.പക്ഷെ കണക്കിനും മലയാളത്തിനും നിത്യം കോഴിമുട്ട വാങ്ങുന്നവള്‍.,എന്റെ കൂടെ പഠിക്കുന്നവള്‍ ..
         
       "ഓ എത്തിനാ ബ്ലെ ?എയ്യാം  ക്ലാസ് ആകുംബോളെക്കും  എന്റെ  നിക്കാഹു കയ്യും.ഉച്ചക്കഞ്ഞിക്ക് ബരണതല്ലേ?"
           അതായിരുന്നു  സത്യം ...സ്ത്രീകള്‍ മാത്രം താമസിക്കുന്ന  ഒരു വീട്ടിലെ പെണ്‍കുട്ടിക്ക്  നിത്യം ഉച്ച ഭക്ഷണത്തിനൊരു വഴി. ഉപ്പ ഉപേക്ഷിച്ച കുട്ടിയാണവള്‍ ..വെറും പതിനായിരം രൂപയുടെ പേരില്‍..... .. ഒരു മകളെ അച്ഛന്‍ സ്നേഹിക്കുന്നത് പതിനായിരം രൂപയുടെ പേരിലായിരിക്കുമോ?എന്റെ മനസ്സില്‍ ഈ ചോദ്യം ഉത്തരം കിട്ടാതെ കിടന്നു...ഇടയ്ക്കു അച്ഛനോട് സംശയം ചോദിക്കും.
"അച്ചേ ..ഇനിക്കെത്ര ഉറുപ്പ്യാ  വെല ?"
"അയ്യോ? എന്റെ തങ്കക്കുട്ടിക്കോ?ഒരു കോടി രൂപ"
ശഹര്ബാന്റെ വില ഒരു പവന്റെ വില.സാജിതക്ക് ഒരു ലക്ഷം രൂപ.അമ്മമ്മാര്‍ അത്രയും പണം കൊടുത്താണ് അച്ചന്മാരെ വാങ്ങി തന്നത് എന്ന് ഞങ്ങള്‍ അക്കാലത്തു ഉറപ്പായും വിശ്വസിച്ചു ..പതിനായിരം രൂപ പോയിട്ട് പത്തു രൂപ ഇല്ലാത്തവളാണ് മൈമൂനയുടെ ഉമ്മ.പെട്ടിയില്‍ ആസ്സ്യയുടെ പണ്ടങ്ങള്‍ ഉണ്ടായിരുന്നെല്ലോ. അത് കൊടുത്തു മൈമൂനയുടെ വാപ്പയെ തിരികെ വിളിക്കാമായിരുന്നു. ഞങ്ങളുടെ തോന്നല്‍ അതായിരുന്നു.

    "ഇല്ല്യേ...ഉമ്മോമ്മ തരൂല്ല ..കാണിച്ചും കൂടി തരൂല്ല "

മൈമൂനത്ത്  തലയിളക്കി .അവളെ കെട്ടുന്ന ആള്‍ പതിനായിരം രൂപ അവള്‍ക്കു കൊടുക്കുമെന്നും അപ്പോള്‍ വാപ്പയെ തിരികെ വാങ്ങാമെന്നും അവള്‍ ഉറച്ചു വിശ്വസിച്ചു.ഏഴാം ക്ലാസ്സില്‍ തോല്‍ക്കുന്നതും ..ഒരു പുയ്യാപ്ല അവളെ കെട്ടുന്നതും അവള്‍ സ്വപ്നം കണ്ടു ..

 ആസ്സ്യ ക്കുന്നിലെ അണലികള്‍ ഒരു പ്രത്യേക കുടുംബത്തില്‍ പ്പെട്ട ആളുകളെ മാത്രം കടിക്കാന്‍ തുടങ്ങിയതോടെ മൈമൂനത്തിന്റെ കഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും കൂടുതല്‍ നിറം വന്നു തുടങ്ങി.


 "ആ പൂച്ചക്കണ്ണുള്ള  വയസ്സനെ കണ്ടാ? ആ തന്തെണ്  ഇമ്മാമ്മനെ കൊന്നത്" മൈമൂന ശബ്ദം താഴ്ത്തി 


"അതാ അയാളിന്റെ രണ്ടു ആങ്കുട്ട്യോളെയും  പാമ്പ് കൊത്തീത്."അവളുടെ  ശബ്ദം  രഹസ്യത്തിന്റെ ഭാരത്താല്‍ വിറച്ചു.
--  ഞാന്‍ ഓര്‍ക്കുന്നുണ്ട്  .വെളുത്ത മൂന്നു പേര്‍ ..മൂന്നു പേരും  പാമ്പ് കടിയേറ്റാണ് 
മരിച്ചത് .അയാളുടെ ആദ്യത്തെ ആണ്‍ കുട്ടി അനാഥനായി ആസ്സ്യ ക്കുന്നില്‍  കിടന്നു.രോമ കൂപത്തില്‍ നിന്നും രക്തം പൊടിഞ്ഞു .ബീഡീ മുഖവട്ടത്തില്‍ രക്തം പരന്നു.കരുവാളിപ്പിന്റെ  നീല നിറം,ആരോ  പൊള്ളിച്ചത് പോലെ ഉടലില്‍ നിറയെ ചുട്ടിപ്പുള്ളികള്‍ കുത്തി. കരിനീലിച്ച ചുണ്ടുകള്‍. അവയ്ക്ക് മീതെ ക്ഷൗരരോമക്കുറ്റിമേല്‍ ചോര കിനിഞ്ഞു മാണിക്യമായി നിന്നു.മരത്തണലില്‍ ആണവന്‍  മലര്‍ന്നു കിടന്നത്.വായ നിറച്ചും വെളുത്തു നുരക്കുന്ന പത. ഞാന്‍ തവളപ്പൊട്ടന്‍മാരെ ഓര്‍ത്തു .അവനടുത്തു ഒരു ഗരഭനിരോധന ഉറ .... അവളുടെ ഉറ ... ഉപേക്ഷിക്കപ്പെട്ട പാമ്പുറ .അവള്‍ പ്രതികാരം അടയാളപ്പെടുത്തുന്നു .നെഞ്ചിലാണ്  കടിയടയാളം  ...ആഞ്ഞു തുള്ളിയതിന്റെ ഒരു പല്ലാഴം .രണ്ടു മഞ്ചാടിക്കുരുക്കള്‍ .
        അയാളുടെ ഭാര്യയുടെ ശരീരമാകട്ടെ മുഴുവനും കരുവാളിച്ചു പോയി .ചില പുരാണ സീരിയലുകാര്‍ മെയ്ക്കപ്പ് ചെയ്തിറക്കിയ കൃഷ്ണഭഗവാന്റെ കാളിമ, അവള്‍ക്കു ആസ്സ്യ്യ സമ്മാനിച്ചു.നിസ്കാര  വസ്ത്രത്തില്‍ ശാന്തതയോടെ അവള്‍ മരിച്ചു കിടന്നു. 

           അയാളുടെ അടുത്ത മകന് സര്‍പ്പ സംന്ദംശം  ഏറ്റത് ,പുല്ലാഞ്ഞി  വെട്ടുമ്പോഴാണ്.ഒരു ചെമ്പ് നിറയെ കലക്കി ഒഴിച്ച പാല്ക്കായം ..പാമ്പിന്‍ കായം അതും ഭയമില്ലാത്തവളല്ലോ ആസ്സ്യ .പാല്ക്കായത്തിന്റെ  രൂക്ഷഗന്ധത്തില്‍ ഓക്കാനം വന്നവര്‍ മൂക്ക് പൊത്തിപിടിച്ചു .മയ്യത്ത്  കുളിപ്പിച്ച ശേഷവും വിഷമണവും പാല്‌ക്കായമണവും ജഡത്തിന്റെ   ഉടലില്‍ പടര്‍ന്നു തന്നെ നിന്നു.അയാള്‍ക്ക് രക്തം കിനിഞ്ഞതു ഞരമ്പ്‌ വഴിയിലാണ്..ഓരോ ചെറുഞരമ്പും ലോമികകളും നീലിച്ചു തിണര്‍ത്തു വന്നു.തായ് വേരോടിയ മണ്ണ് പോലെ മയ്യത്തു തണുത്തു.തുടയില്‍ അവള്കൊത്തിയ പല്മുദ്ര നീലിച്ചു.നീല മഷി പോലെ രക്തം ഒഴുകിക്കൊണ്ടേയിരുന്നു.മയ്യക്കാട്ടില്‍ പാല്ക്കായം മണം ചുരത്തി.

    "വേണ്ട മോളെ വേണ്ട..." ഇടക്കെല്ലാം  മൈമൂനയുടെ ഉമ്മാമ്മ കുന്നിന്‍ മണ്ടയിലെ പറങ്കി മാങ്ങാമര ചുവട്ടില്‍ നിന്നും  പാമ്പിനോട് സംസാരിച്ചു .അവരുടെ കണ്ണുകളില്‍ നനഞ്ഞ  പരിഭവം..കണ്ണീരിന്റെ  വെയില്‍ തിളക്കം 
    "പടസ്ശോന്‍  കൊടുത്തോളും ...ഇജ്ജി അലയാണ്ട് പുക് മോളെ"അവര്‍ കുറ്റിക്കാട്ടിലെ ഒളിയിടത്തെക്ക് നോക്കി പിറ് പിറുത്തു.ആരും കാണാത്തപ്പോള്‍ നിലവിളിച്ചു.ഇതെല്ലാം കണ്ടു ഞാനും മൈമൂനയും വാ പൊത്തി ചിരിച്ചു 

      "ചിരിക്കണ്ടാ പെണ്ണുങ്ങളെ"
ഉമ്മൂമ്മക്കു ദേഷ്യം വരും മുമ്പ്  ഞങ്ങള്‍ ഓടി മറയും.കരിയിലകള്‍ക്കിടയില്‍ ഒരു പാമ്പിന്റെ സീല്‍ക്കാര ശബ്ദവും മണ്ണില്‍ ഇഴച്ചിലടയാളങ്ങളും  കാണുമ്പോള്‍ ഉമ്മാമ്മ സംസാരിച്ചത് പാമ്പിനോട് ആണെന്ന് ഞങ്ങള്‍ വെറുതെ ഊഹിക്കും .പാമ്പുകള്‍ നിലവിളിക്കുമോ എന്ന് ഞങ്ങള്‍ അക്കാലത്തു സ്വാഭാവികമായും സംശയിച്ചിരുന്നു.

   പല തവണ കേട്ട കഥകളില്‍ ആസ്സ്യ ,സുന്ദരിയായ ഹൂറിയാളായ് തെളിഞ്ഞു.പൂച്ചക്കണ്ണുള്ള  ചെറുപ്പക്കാരന്‍ അവളെ കല്യാണം കഴിക്കുമെന്ന്  അവള്‍ തന്റെ ഇത്താത്തയോട് അടക്കം പറഞ്ഞു .കമുകും അടക്കയും പീറ്റ  തെങ്ങുകളും കശുവണ്ടികളും ജാതിപത്രികളും ധാരാളമായ്‌ നിറഞ്ഞ തോട്ടത്തില്‍ വെച്ച് അവര്‍ പ്രേമ രഹസ്യങ്ങള്‍ കൈമാറി.അവര്‍ സര്‍പ്പങ്ങളെ പോലെ പരസ്പരം ചുറ്റിപ്പുണര്‍ന്നു ..ആഞ്ഞു കൊത്തി.മണ്ണില്‍ ,മഴയില്‍ ,വേനലില്‍ ,മഞ്ഞു തൂവുന്ന ത്രിസന്ധ്യകളില്‍ , വാകപ്പൂ ചുമപ്പിച്ച  ടാര്‍ റോട്ടില്‍ ,നനവ്‌ വീണ പുല്‍വിരിപ്പില്‍ ,കരിയിലയുടെ ഉരമെത്തയില്‍ അവര്‍ ഉരഗ ജന്മം പൂണ്ടു ..കിടന്നുരുണ്ടു ..പണക്കാരനായ അവളുടെ കാമുകന്‍ അവളുടെ മാമ്പഴ  നെഞ്ചില്‍  തല വെച്ചുറങ്ങി .ആയിരം സര്‍പ്പ സത്രങ്ങളുടെ കുതിരക്കിതപ്പ്  അയാള്‍ കേട്ടു .അവളുടെ  ഓരോ രോമകൂപത്തിലും അവന്റെ ചുംബനങ്ങള്‍  വേരിറക്കി.

         വിവാഹത്തിനു  മുമ്പേ ഗര്‍ഭിണിയായതില്‍   ആസ്സ്യ  ഭയന്നില്ല . തൊണ്ടിപ്പഴം പോലെ തുടുത്ത കവിളുകളിലെ നുണക്കുഴികളില്‍ പ്രേമം ഇതള്‍  വീശി വിടര്‍ന്നു.അവള്‍ പേരില്ലാത്ത  കുന്നിന്‍ മുകളിലേക്ക് കാമുകനെ തേടി ഓടിയെത്തി.

     പിന്നീട് ആസ്സ്യയെ കാണുമ്പോള്‍ അവള്‍ പാറ മടയിലെ ജലത്തില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു.ചത്ത്‌ പൊന്തിയ മത്സ്യകന്യകയെ ഓര്‍മ്മിപ്പിച്ചു അവള്‍ .ജല മരണം ആയിരുന്നോ അത്?അതോ കുന്നിന്‍ മുകളില്‍ നിന്നാരോ ആസ്സ്യയെ താഴെക്കുന്തിയിട്ടു കൊന്നുവോ?അതോ ഒരു രഹസ്യ സര്‍പ്പം  അഞ്ചു  വിരല്‌കളായ് പുളഞ്ഞു ചുറ്റി അവളുടെ ശ്വാസം എടുത്തു ഒളിച്ചു പോയോ?
  ആസ്സ്യ മരിച്ചു പോയി അത്രതന്നെ.പിഴച്ചു പോയ ബീഡി തെറൂപ്പുകാരി ആസ്സ്യയുടെ മരണത്തിനു എന്ത് പുതുമ?
 ആരുമില്ലാത്ത റസിയാബി ഉമ്മക്ക് അനിയത്തിയുടെ മരണം പരാതിപ്പെടാന്‍ പോലും ആയില്ല്ല.നിലനില്‍ക്കുവാനുള്ള അവകാശം ,പണക്കാരോടുള്ള ഭയം ..ബീഡി തെറുത്തു ജീവിക്കുന്ന, ഭര്‍ത്താവുപേക്ഷിച്ച ഒരു സാധാരണക്കാരിയുടെ പരാതിക്ക് എന്ത് വില ?

   പേരില്ലാത്ത ആ കുന്നിനെ ആളുകള്‍ അതിനു ശേഷം ആസ്സ്യക്കുന്നെന്നു വിളിച്ചു.
"പിന്നല്ലാതെ സ്സാസ്സം മുട്ട്യെ ഒള് മയ്യത്തായ്യെ.ഒലെ കൗത്തിലു  ഓന്റെ വെരലടയാളം തെനര്‍ത്തല്ലേ കേടന്നീന്നെ?"ഉമ്മാമ്മ നേര്‍ത്ത ഒരു പുഛച്ചിരി ചിരിച്ചു.ബീഡി വലിച്ചു നിറം കെട്ട ചുണ്ടുകള്‍ കോടി 

            "ഓളെ  കൊല്ലണ്ടീന്ന്യൊ?വെണ്ടീന്ന്യൊ?അന്റെ കുഞ്ഞി അല്ലെഡോ  ഓളെ  പള്ളേല്?പാവല്ലെന്ന്യോ ?"പൊടിക്കാറ്റ് ഉയരുമ്പോള്‍ , ഉഷ്ണിക്കുന്ന മുഖത്തോടെ ,പക ചിതറിയ നോക്കോടെ  അവര്‍  പൂച്ചക്കണ്ണനോട്‌ ചോദിച്ചു.

    " ഓളെ  ഞാന്‍ നോക്ക്വേനു ..തിന്നാനും കൊടുക്ക്വേനു.എന്തിനാട ഇജ്ജി  ഓളെ  കൊന്നത്? ഗതി പുടിക്കൂലട  .... പണ്ടാരക്കുരിപ്പേ"
അവര് ചിലമ്പിച്ച ശബ്ദത്തില്‍ പ്രാകി .

        ശാപം ..വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍  ആസ്സ്യ ഒരു അണലിയായി  പുനര്‍ജനിച്ചു..പകയുടെ വിഷം നീറ്റിയ ഇരട്ട നാവുമായി അവള്‍ ചേറില്‍ പുളഞ്ഞു.ചെമ്മണ്ണില്‍ വട്ടം ചുഴന്നു . ജീവിതത്തിന്റെ ഉന്മാദ വഴികളില്‍ വെള്ള പല്ല് മൂര്ചിച്ച്ചു അവള്‍ മയങ്ങി..ഉമ്മാമയുടെ കഥകളില്‍ എന്റെയും മൈമൂനയുടെയും ഭയസ്വപ്നങ്ങളില്‍ അവള്‍ ശല്ക്ക അണലിയായ്  വര്‍ണ്ണം പൂണ്ടു ചുരുണ്ട് കിടന്നു.മൈലാഞ്ചി ചെടിയുടെ ഇടയിലും കശുവണ്ടിപ്പൂക്കളുടെ  ചില്ലയിലും അവള്‍ സമയം കാത്തു നിന്നു.അവസരം വന്നപ്പോള്‍ കൊത്തി.വിഷസഞ്ചിയില്‍  സൂക്ഷിച്ച വിഷത്തിനു  കണ്ണീരിന്റെ കട്ടിയെ ഉണ്ടായിരുന്നുള്ളൂ.എന്നിട്ടും അവള്‍ ദംശിച്ച ഒരാള്‍ക്ക്‌ പോലും മരണമയക്കം വിട്ടുണരാന്‍  സാധിച്ചില്ല.അവളുടെ സംന്ദശ സുഖമേറ്റ ഒരാളും മൃത്യോന്മാദാഴത്തിന്റെ ലഹരിയില്‍ ആസക്തരാകാതിരുന്നില്ല.പൂച്ചക്കണ്ണന്‍ കാമുകന് പുറകില്‍ അവളുണ്ടായിരുന്നു.അയാള്‍ വാര്‍ധക്യക്കട്ടിലില്‍ ഭയന്ന് ഭയന്ന് ഭയം  ബാധിച്ചു മരിക്കും വരെ ആ അണലിയെ തൊടാനും ആര്‍ക്കും കഴിഞ്ഞില്ല.അയാളുടെ തലയ്ക്കു  മീതെ മച്ചില്‍ തൂങ്ങിയും കട്ടിലിനടിയില്‍ ഒളിച്ചിഴഞ്ഞും നിസ്ക്കാരപ്പായയില്‍  എഴുന്നു നിന്നും മെത്തയിലെ വിരിപ്പില്‍ രാജഗര്‍വ്വോടെ അയാള്‍ക്കൊപ്പം ശയിച്ചും  ആ അണലിപ്പെണ്‍കൊടി യാള്‍  പക ചുരത്തി....
      അയാളുടെ മരണ വൈകുന്നേരം ആസ്സ്യക്കുന്നില്‍ വച്ച് ഒരു സംഘം  അണലിയെ പിടികൂടി.അത് ശല്ക്ക അണലിയായിരുന്നു.ലോകത്തിലേക്കും വച്ച് ഏറ്റവും വിഷം കൂടിയ അണലി .അതിന്റെ ബലൂണ്‍വിഷസഞ്ചിയില്‍ കൊടിയമരണം  വര്‍ഷങ്ങളോളം മുങ്ങിക്കിടന്നു.സുവോളജിക്കല്‍ സര്‍വ്വെക്കാരുടെ   ചില്ല് കൂട്ടില്‍ അതിന്റെ കടവായില്‍ നിന്നോഴുകിയ വിഷനീര്‍  പരന്നു 

    പിന്നീട് ഒരു വൈകുന്നേരം അങ്ങാടിയില്‍ വച്ച് അവിചാരിതമായി ഞാന്‍ അവളെ കണ്ടു.വര്‍ഷങ്ങള്‍ക്കിപ്പുറത്തെ മൈമൂനത്തിനെ.അവള്‍ പൊട്ടിച്ചിരിച്ചു ..
"ഇപ്പൊ എന്തായി?ആ വക്പ്പില് ഒരേ ഒരു അണലിയല്ലേ ഉണ്ടായിരുന്നുള്ളൂ?അത് അസ്സ്യമ്മാമയാ " അവള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.ആയിരം രക്ത അണലി മുട്ടക  ള്‍അണലിക്കുഞ്ഞുങ്ങള്‍  ,അസന്ഖ്യം പെണ്ണണലികള്‍ ഇണയണലികള്‍ . എന്നിട്ടും ഒരേ ഒരു ശല്ക്ക അണലിയെ ഉണ്ടായിരുന്നുള്ളൂ.
"അത് ഇമ്മാമയാ..ആസ്സ്യമ്മാമ "അവള്‍ കഴുത്തിലെ മാലയില്‍ തൂങ്ങിക്കിടന്ന ഏലസ്സുയര്‍ത്തി.

   "നോക്ക് ...ഇതാണ് ഇമ്മാമന്റെ പണ്ടം ഇന്റെ നിക്കാഹിനു ഉമ്മാമ്മ ഇനിക്ക് തന്നു.ആസ്സ്യമ്മാമാന്റെ  ഉര്‍ക്കാ "ഞാനത് സൂക്ഷിച്ചു നോക്കി.പഴയ അറേബ്യന്‍ മാതൃകയില്‍ പണിതെടുത്ത ചങ്കേലസ്സും  മാലയും. അതില്‍ തൂങ്ങിക്കിടക്കുന്ന സര്‍പ്പത്തല ലോക്കട്റ്റ്‌ ആസ്സ്യ ഉമ്മാമയെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്.

      " ഈ ചെറുത്‌ വിറ്റു ഞാനെങ്ങനെയാ എന്റെ ഉപ്പാനെ തിരികെ  വാങ്ങ്വ ?ഒലിക്കു ബീഡി പ്പൈശക്കുണ്ടാ?"
മൈമൂന പഴയ സ്കൂള്‍ക്കുട്ടികുസൃതിയോടെ  കണ്ണിറുക്കി.
 " പൈശ  കൊടുത്ത് ഉപ്പാനേം കേട്ട്യോനേം ഒന്നും വാങ്ങാന്‍ പറ്റൂല. ഞങ്ങളെ  പോലത്തെ പാവങ്ങള്‍ക്ക് ആകെ പറ്റണത് കിനാക്കാണലാ. അത് വാങ്ങാന്നുള്ളതാ ..അല്ലെ ന്ദൂ ?"
   അവള്‍ അപ്പച്ചെടി കയ്യിലെടുത്തു  കശക്കി ഞരടി. കണ്ണു പൂട്ടിക്കൊണ്ട് അതിന്റെ നീര് വാസനിച്ചു 


   ഏതോ ജീവ ശാസ്ത്ര പരീക്ഷണ ശാലയില്‍ കണ്ണാടിക്കൂട്ടില്‍ കിടക്കുന്ന ആ അണലിയുടെ കണ്ണുകള്‍ എനിക്ക് ഓര്‍മ്മ വന്നു.ന്യായാധിപ നിസംഗതയോടെ  അവ പള്ളിത്തൊടിയിലെ പഴയ കുളക്കടവിലെ ജലക്കണ്ണുകള്‍ ആയി ഒന്ന് തിളങ്ങി.മുങ്ങി മരിക്കയും ശ്വാസം മുട്ടി മരിക്കയും പാറക്കല്ലില്‍ പിന്തല തട്ടിച്ചിതറി മരിക്കയും കത്തിക്കുത്തേറ്റു ഹൃദയം പിളര്‍ന്നു മരിക്കയും ലോഹദണ്‍ഡാല്‍ കുടല്‍  കീറി മരിക്കയും ഭര്‍ത്താവിനാലും കാമുകരാലും ആണ്‍ മക്കളാലും  കൊല ചെയ്യപ്പെടുകയും ചെയ്ത  അനേകം സ്ത്രീകളെ മൂടിയ ചരമാവരണം പോലെ ,നേര്‍ത്ത കണ്‍പോളകള്‍ വന്നു ആ തിളക്കത്തെ പതുക്കെ മൂടി.

19 comments:

 1. മൈമൂന കാലു കൊണ്ട് കശുമാങ്ങാ ചവിട്ടി പിടിച്ചു .. കശുവണ്ടികൾ കഴുത്തു പിടിച്ചു തിരിച്ചു ചാർ ചിതറി..നിറയെ പൂക്കളുടെ ചിത്രം പ്രിന്റ്‌ ചെയ്ത കടും വയലറ്റ് പാവാടയിൽ "ശിര്‍ ശിര്‍ " ശബ്ദത്തില്‍ കറ പതിഞ്ഞു.

  എന്താപ്പൊ ഞാനീ കഥയെപ്പറ്റി പറയ്വാ ?
  ഇതിന്റെ ആന്തരാർത്ഥങ്ങളും ഉദ്ദേശങ്ങളുമൊന്നും എനിക്കറിഞ്ഞൂടാ, നല്ല നാട്ടുവർത്തമാനങ്ങൾ ഉള്ള ഒരു നാടൻ കഥ.
  ആശംസകൾ.

  ReplyDelete
 2. സ്വപ്നങ്ങളില്‍ സര്‍പ്പം കാമത്തിന്റെ പ്രതിബിംബം എന്നാണ് കേട്ടിട്ടുള്ളത്. ചില സിനിമകളില്‍ സര്‍പ്പമെന്ന പ്രതികാരവും. പക്ഷെ, ഒരു പുനര്‍ജ്ജനി കഥ അതും തട്ടമിട്ട സര്‍പ്പം ആദ്യം. കൊള്ളാം ആസ്യയുടെ വശ്യതയില്‍ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. പക്ഷെ , ഭാഷ ചില ഇടങ്ങളില്‍ ഖസാക്കിലേക്ക് കൂട്ടിക്കൊണ്ടു പോയി .!

  ReplyDelete
 3. ഭാഷയുടെ വശ്യത. മനോഹരമായ കഥ. ബ്ലോഗ്‌ വായനയുടെ പരിമിതിയില്‍ പോലും പരിസരം മറന്നു വായിച്ചു

  ReplyDelete
 4. മനോഹരമായ ഒരു കഥ, കൊതിപ്പിക്കുന്ന ഭാഷാ സൌന്ദര്യം. ശല്ക്ക അണലിയായി മാറിയ ആസ്യ , നന്നായിരുന്നു.

  ReplyDelete
 5. ആസ്യയുടെ പുനര്‍ജ്ജനി ഇഷ്ടമായി, കഥ പറഞ്ഞ രീതിയും. ഇടയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശൈലിയെ ഓര്‍മിപ്പിച്ചു.

  ReplyDelete
 6. അടക്കി വച്ച വികാരങ്ങളൊക്കെ... പൊട്ടിത്തെറിച്ചത്... ഇങ്ങനെ... ഇതിലും നന്നായി എങ്ങനെ ഒരു പെണ്‍കുട്ടിക്ക് പുനര്‍ജനിക്കം... ഇനിയും ഒരുപാടു ശല്ക്ക അനളികളെ കാണാം... പിച്ചി ചീന്തി കൊന്ന മനുഷ്യനെ.. കടിച്ചു കീറി കൊല്ലാന്‍... നല്ല എഴുത്ത്

  ReplyDelete
 7. വിഷ്വല്‍സ് മനസ്സില്‍ കണ്ടു കൊണ്ട് വായിച്ചു തീര്‍ത്ത കഥ . നല്ല ഭാഷ . പൂര്‍ണമായും കഥയില്‍ മുഴുകാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ഇന്ദൂ...

  ReplyDelete
 8. പാറകൾക്കും കുന്നുകൾക്കും ജൈവപ്രകൃതിക്കുമൊക്കെ ഇപ്രകാരം ദേശവൃത്താന്തവുമായി ചേർത്തുവെച്ച പലതരം കഥകൾ മനുഷ്യർ നൽകാറുണ്ട്. ഇന്ദുവിലെ എഴുത്തുകാരിയുടെ കൈപ്പുണ്യം ഇവിടെ ശരിക്കും അറിയിച്ചു. അനുഭവവൃത്താന്തം ഇനിയും നല്ല ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ഞങ്ങൾക്കു വായിക്കാൻ തരിക.....

  ReplyDelete
 9. മനോഹരമായ കഥ

  ReplyDelete
 10. അവസാനത്തെ ഖണ്ഡിക കണ്ണുകളെ ഈറനണിയിച്ചു...ആണായി ജനിച്ചതിലെ ജാള്യം മറയ്ക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്, ഇന്ദു?..

  ReplyDelete
 11. വായനയില്‍ നിന്ന് വിരമിച്ചപ്പോള്‍ കണ്ണീര് കനലായി വീണ് ഹൃദയത്തില്‍ പിടച്ചിലുണ്ടാക്കി.എന്തൊരു ഭാഷയാണിത്! ഒരു പാട് ഇന്ദു കഥകള്‍ വായിച്ചിട്ടുണ്ട്. ഓരോന്നും വ്യത്യസ്തം; ഇതും അതെ.

  ReplyDelete
 12. മനോഹരമായ ഒരു നാടന്‍ കഥ എനികിഷ്ടമായി കേട്ടോ ..ആശംസകള്‍ ..

  ReplyDelete
 13. പതിവുപോലെ എഴുത്ത് നന്നായിരുന്നു, പക്ഷെ പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് അക്ഷരങ്ങള്‍ ഒന്ന് കൂടി ചെക്ക് ചെയ്യാമായിരുന്നു." എന്റെ ഉമ്മൂമ്മാന്റെ അനിയത്ത്യാ ആസ്സ്യ . അതറിയ്യോ?...പാവം 16 വയസ്സിലെ ചത്തു പോയി" മജ്ജത്തായി എന്നാണ് സാധാരണ പറയാറ് എന്ന് തോന്നുന്നു. വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റുക.

  ReplyDelete
 14. ഇന്ദുവിന്റെ ബ്ലോഗ്ഗില്‍ എനിക്ക് ഏറെ ഇഷ്ടമായ മനോഹരമായ കഥ ..
  ഒരു ശല്ക്ക അണലിയായി മാറിയ ആസ്സ്യ നന്നായിട്ടുണ്ട് ..!

  ReplyDelete
 15. ഉം..നിയ്ക്കും വളരെ ഇഷ്ടായി ട്ടൊ..
  നന്ദി..ആശംസകൾ..!

  ReplyDelete
 16. നാട്ടു വര്‍ത്തമാനങ്ങളുടെ മനോഹര ആവിഷ്കാരം...!

  ReplyDelete