Friday 7 June 2013

(പ്രണയ ഖണ്ഡികയില്‍ നിന്നും..ഖണ്ഡിക-15.)

പനിനീര്‍നിറമുള്ള ഇത്തിള്‍ക്കണ്ണികള്‍

ഞാനൊരു ഇത്തിള്‍ക്കണ്ണിയാണു..
ഒരു പരാദം..
തളിര്‍ച്ചുരുള്‍ ഇലപൊട്ടും മെലിഞ്ഞ
ലോലവള്ളികള്‍..
ദുര്‍ബലമായ ഒറ്റകാറ്റില്‍ വാട്ടം തട്ടുന്ന
ഇലകളുള്ളവള്‍
പനിനീര്‍ഗന്ധിയായ ചുവന്ന പുഷ്പങ്ങളും
നേര്‍ത്ത സുഗന്ധ മുള്ളുകളും ഉള്ളവള്‍
ഒരു നെഞ്ചില്ലെങ്കില്‍ വളരാന്‍ കഴിയാത്തവള്‍...
ജീവന്തികയാണു ഞാന്‍
നിന്റെ ജീവനില്‍ പറ്റിപ്പിടിക്കാന്‍
ആഗ്രഹിക്കുന്നവള്‍
നിന്റെ പ്രേമം അതാണു എന്റെ ആഹാരം
നിന്റെ സ്നേഹം അതാണെന്റെ വിശപ്പ്
നിന്റെ ഇഷ്ടം അതാണെന്റെ ദാഹം
നിന്റെ അലിവു അതാണെന്റെ പ്രാണജലം
എന്റെ വേരുകള്‍ നോക്കൂ
ജടമുടിച്ചുരുള്‍ പോലെ അവ
പരസ്പരം പിണഞ്ഞുകിടക്കയാണു
നിന്റെ നെഞ്ചുകൂട്ടിലേക്കു അവ ആണ്ടുപൂണ്ടു പോകുന്നു
നിന്റെ ഹൃദയത്തിലും വാരിയെല്ലുകളിലും
വേണ്ട നിന്റെ സകലമാന ആന്തരിക അവയവങളിലേക്കും
അവ ചെന്നെത്തുന്നു
രക്തമൂറ്റുന്ന യക്ഷിയെപ്പോലെ
പ്രേമക്കരള്‍ പ്ലീഹ  ആമാശയസ്തരങ്ങള്‍
അന്നകുല്ല്യയുടെ പടിക്കെട്ടുകള്‍
ശ്വാസവേരറുക്കുന്ന നിന്റെ ഇരു ശ്വാസസഞ്ചികള്‍
പിത്താശയത്തിലെ ചേതന വസ്തുക്കളുടെ ഇളക്കം
കുടലിടുക്കിലെ ദഹനരസചൂട്
എല്ലാമവ, വേരുകള്‍ കൈനീട്ടിയെടുക്കും
എല്ലാ ഊര്‍ജ്ജങ്ങളിലേക്കും ചുഴിഞ്ഞിറങ്ങൂം
വേരുകള്‍ അവയിലെ ജീവനെ ഊറ്റും..
എന്റെ വേരുകള്‍ രഹസ്യമാണു
അതിരഹസ്യം..
നിന്റെ തൊലിക്കടിയില്‍
രക്തലോമികകളോടു കലഹിച്ചു
അതിനുള്‍മുറിവുകളിലൂടേ ഞരമ്പോട്ടി
എന്റെ വേരുകള്‍ നിന്നെ സദാ അറിഞ്ഞുകൊണ്ടിരിക്കും...
 
ഉള്ളുമുഴുവന്‍ എന്റെ  വേരുകള്‍ ചുട്ടു നീറ്റുന്ന
ഒരു മനുഷ്യനാണു നീയെന്നു ആര്‍ക്കും അറിയില്ല
നിന്റെ വിരിപ്പുകള്‍ക്കു അറിയില്ല
നിന്റെ തലയിണകള്‍ക്കരിയില്ല
നിന്റെ കൂടെ ശയിക്കുന്നവര്‍ക്കോ
നിന്നെ പൊതിഞ്ഞ പുതപ്പുകള്‍ക്കോ
എന്തിനു നിന്റെ ചര്‍മ്മം പോലെ
ഒട്ടിപറ്റി നില്‍ക്കുന്ന അടിയുടുപ്പുകള്‍ക്കു പോലുമോ ഇതറികയില്ല
നിന്നെ എന്തു കൊണ്ടു പനിനീര്‍ മണക്കുന്നുവെന്നു
ആളുകള്‍ ഒരു പക്ഷെ ചോദിച്ചെക്കാം
നിന്റെ വിയര്‍പ്പില്‍
ഞാന്‍ വിടര്‍ത്തുന്ന പൂവിന്റെ മണമാണതു
നിന്റെ രോമങ്ങള്‍
എന്നെ കുത്തുന്നുവെന്നു നിന്റെ കൂട്ടുകാരികള്‍
നിന്നോടു പരാതി പറഞ്ഞേക്കാം
ആ മുള്‍മുനമുറിവുകളില്‍ നിന്നൂറുന്ന
അവരുടെ രകതം പോലും എന്റെ പ്രേമപനിനീരിന്റെ
ചുവപ്പിലും സുഗന്ധത്തിലും ആയെക്കാം
എന്നെ പറ്റി ഓര്‍ക്കുന്ന മാത്രയില്‍
അവയിലെ വേരുകളിലും തളിരിലകളിലും
തണ്ടുകളിലും വരെ രഹസ്യ പനിനീരുകള്‍ വിടരുന്നു..
അതിനാലാണു എന്റെ പേരു കേള്‍ക്കുന്ന മാത്രയില്‍
നിന്റെ മുഖം ചുവക്കുന്നതും
പൂവിതളുകളോളം മൃദുലമാകുന്നതും
നീ സ്പര്‍ശിക്കുന്ന വസ്തുക്കള്‍ പനിനീര്‍ വാസനിപ്പിക്കുന്നു
നിന്റെ ചെരുപ്പുകള്‍ കാലുറകള്‍
പൂവു വാസനിക്കുന്നു
പ്രിയനെ ഞാന്‍ നിന്റെ നെഞ്ചില്‍ നിന്നും എന്നെ വാസനിച്ചെടുക്കുന്നു
നിന്റെ വാഹനങ്ങള്‍,നീ തൊടുന്ന വസ്തുക്കള്‍
നീ ഹസ്തദാനം ചെയ്യുന്നവര്‍
എന്തിനു
നീ കുളിചുപേക്ഷിച്ച ജലം പോലും
പനീനീര്‍സുഗന്ധത്താല്‍ ഉന്മത്തരാവുന്നു...
നിന്റെ തെരുവുകള്‍ നിന്റെ നഗരം
നിന്റെകളിയിടങ്ങള്‍
ഹാ നിനക്കു ചുറ്റും കെട്ടിമറിയുന്ന സായം കാല
കാറ്റുകല്‍
എല്ലാം പൂമണത്താല്‍ നിസ്സഹായമാവുന്നു..
നീ നൊക്കുന്ന സ്ത്രീകള്‍
ചുവക്കുന്നതും എന്റെ പൂവിന്റെ രഹസ്യ രശ്മികള്‍
നിന്റെ നോട്ടം അവര്‍ക്കു നല്‍കിയതിനാല്‍
മാത്രമാണ്..
എന്റെ പ്രേമം
ഇത്തിള്‍ക്കണ്ണിക്കു പനീനീര്‍പൂപൊടിച്ച
വൈചിത്ര്യം
ഞാന്‍ ഉപേക്ഷിക്കുന്ന ആ നിമിഷം
നീ ചണ്ടിയാവും പ്രിയനേ
കാരണം
ജനിച്ചിങ്ങോട്ടു പുരുഷനായ
കാലം തൊട്ടു
നീ ഹൃദയത്തില്‍ സ്വരുക്കൂട്ടിയ
മുഴുവന്‍ പ്രേമവുമാണു
ഞാന്‍ വലിച്ചെടുക്കുന്നതു..
നിന്റെ ജീവിതത്തില്‍ ഒറ്റ സ്ത്രീക്കും
കയറിവരാനാകാത്ത അത്ര നിന്നെ ഞാന്‍ ഊറ്റിയെടുക്കും
എന്റെ പനിനീര്‍പൂവുകള്‍ ദയവില്ലാതെ നിന്നെ
ഉറിഞ്ചിയെടുക്കും..
എന്റെ പ്രേമം എന്റെ പ്രേമം
നിന്റെഅവസാന തുള്ളി സത്തയെ വലിച്ചെടുക്കുന്ന
ആ അവസാന നിമിഷമുണ്ടല്ലൊ?
അതാണു അതാണു
നമ്മളിരുവരുടെയും അന്ത്യ നിമിഷവും...
മരണ ശേഷം നമ്മെ ഒരു കുഴിയിലടക്കുവാന്‍ നമുക്കു
ആവശ്യപ്പെടെന്റതുണ്ട്..
ആയിരം ഉമ്മകള്‍

5 comments:

  1. എട്ടുകാലിയെ ഓര്‍മ്മ വന്നു

    ReplyDelete
  2. Powerful lines......
    recently i bought the collection of your short stories, powerful language and outspoken words captured my mind. really a good work...
    i am very excited to find you here...

    ReplyDelete
  3. അഭിനന്ദനങ്ങൾ .അധികം താമസിയാതെ മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും താങ്കളെ തേടി എത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

    ReplyDelete