Sunday, 3 May 2015

ഡി   indumenon
Robert--François Damiens

Born:              9-Jan-1715
Birthplace:     La Tieuloy,       
                       France
Died:               28-Mar-1757
Location         Paris,
of death:
        France                    
Cause
of death:         Execution
Gender:          Male
Religion:        R. Catholic
Race or
Ethnicity:      White
Occupation:   Assassin
Nationality:   France
Executive       Attacked Louis
summary:     XV of France
     
ChellaDurai-Dipakaran

Born:              9-Jan-1970
Birthplace:   Valvettithurai
                      Srilanka
Died:               28-Mar-2010
Location        kankesanthurai
of death:
        Srilanka                    
Cause
of death:         Execution
Gender:          Male
Religion:        Hindu
Race or
Ethnicity:      Mogaya
Occupation:  leader
Nationality:  Srilanka
Executive       Killed Major
summary:   ParijathMalhotra
Pasu Malai Dipakaran

Born:              13-June-1980
Birthplace:   kankesanthurai
                      Srilanka
Died:              28-Mar-2014
Location        Chennai
of death:
       India                
Cause
of death:         Execution
Gender:          Female
Religion:         Hindu
Race or
Ethnicity:     Vala Araya
Occupation:   
Nationality:   Srilanka
Executive       Killed Indian
summary:   Prime Minister

  തായിരുന്നു പശുമാലയെ ശരിക്കും അമ്പരിപ്പിച്ചത്. ഇന്ത്യയിൽ നിന്നും നാടുകടത്തപ്പെട്ട കുള്ളനായ കന്തസ്വാമി ,കടൽ തന്നെ ഉപേക്ഷിച്ച ലങ്കയിലെ നാടിക്കടൽ ലഗൂണിലൊരു കൊച്ചു കഞ്ചാത്തോട്ടം കണ്ടെത്തി വളർത്തി ലഹരിയുയർത്തിയ 1960 മുതൽ ഇങ്ങോട്ട്, പിന്നെ അടിമത്തോട്ടക്കാരൻ, കറുത്ത പേശിയുറച്ചൊരുടൽക്കാരൻ, പാതിലന്തക്കാരൻ സിദ്ധപ്പയുടെ മുഴു ലന്തമുഖക്കാരി മകൾ ഉജ്ജാറിന്റെ കൈ പിടിച്ച് കിളിനൊച്ചി വരെ കിതച്ചോടി, പ്രേമം കഞ്ചാപ്പൂ പോലെ ചോത്ത് പൊട്ടി വിടർന്ന കത്തിരി വെയിൽ ദിവസങ്ങളിൽ ,തമിഴ്ക്കൂട്ടങ്ങൾ പസിയും പാട്ടും പേയുമായി കൂട്ടിത്താമസിപ്പിച്ച തായ്‌വേരടിയിടം മണക്കുന്ന പഴയ വഞ്ചിവീട്ടിൽ , ആണായി അവർക്കിടയിൽ പിറകൊണ്ട അന്നു തൊട്ട് മരിക്കും വരെ ദിപാകരൻ പറയാറുണ്ടായിരുന്ന ആ തൊലയൽ. തമിഴ്‌ത്തൊലയൽ.

             മുളപൊട്ടിയ തമിഴ്‌ത്ത‍ായ് വിത്തിന്റെ ഇഴുക്കമൺ മണം മറന്ന് ഇവിടെ ഈ ലങ്കയിൽ  പന്നിപ്പേർ പോലെ പേറ്റിലൊന്നായ് പിറന്ന്, കണരോഗത്താൽ ശോഷിച്ച്, പക്ഷിപീഡയേറ്റ് എരിഞ്ഞ്, വിശപ്പ് അസ്ഥിയിൽ തൊലിപോൽ വരണ്ട് ഒട്ടി വളർന്ന ചെറുപ്പകാലത്തും, ലങ്കയിൽ നിന്നും പാലായനം ചെയ്ത്, അഭയം തേടിയ ധനുഷ്കോടി അഭയാർഥിക്ക്യാമ്പിലെ ഉഷ്ണമണലിൽ ദാഹമായ് പൊരിഞ്ഞ കൌമാര കാലത്തും, പട്ടാളപ്പട്ടികളുടെ ബോംബേറ്റ് വെടിച്ച മലദ്വാരത്തിൽ പശുമാലയുടെ സാരികീറിത്തിരുകി, തൂങ്ങിയ കുടൽ  വലംകയ്യിൽ താങ്ങി കാലുപിളർത്തി കിലോമീറ്ററുകൾ നടന്ന വേദനയുടെ യൌവ്വനകാലത്തും, ഒടുക്കം ചതിയുടെ ഉണ്ടകൾ വെടിമരുന്നിന്റെ ഉന്മാദമായി കൃത്യം നെഞ്ചിലും നെറ്റിയിലും  തുളയിട്ട് അവസാന ജലത്തുള്ളിയുമൂറി  ഉയിർ തൊലഞ്ഞ് ചത്തുവീണ്  രണ്ടായി കീറിപ്പിളർന്ന് മൃതിനഗര ചളിച്ചതുപ്പിൽ കൂട്ടമായി മൂടപ്പെട്ട് വീണ്ടും ഒരഴുക്ക ഗന്ധമായി കാറ്റിൽ ഇഴുകിച്ചേർന്ന് വീണ്ടും വീണ്ടും തൊലഞ്ഞേ പോകയെന്ന ദിപാകരന്റെ തന്നെ അന്ത്യവിധി.. .ലങ്കത്തമിഴന്റെ ആദ്യവിധി... തൊലയൽ എന്ന അന്ധകാരവിധി. കടൽ കടന്ന് ഇപ്പുറം ചെന്നൈ കോടതിയിൽ തന്നെയും സാധാരണമായി തേടിയെത്തിയത് പശുമാലയേയും ഒട്ടൊന്നു അമ്പരപ്പിച്ചു.

  അമ്പരപ്പിനൊടുക്കം ചെന്നൈ കോടതിയുടെ വളപ്പിലെവിടെയോ തൂക്കി നിർത്തിയ ഒരു ഠ കാരക്കയർക്കുടുക്കിൽ കഴുത്തു വെച്ച് പശുമാലക്കുമന്ത്യം.. ദിപാകരന്റെ മുഖത്ത് പശിമയുള്ള കരിംങ്കടൽച്ചെളിയെങ്കിൽ ഇവിടെ    പകരം കറുംപ്പരുത്തിയുടെ ആരാച്ചാർ മുഖസഞ്ചിയെന്ന കേവല വ്യത്യാസം മാത്രം.. തമിഴിന്റെ മരണം സാധാരണം. തമിഴച്ചിയുടെ മരണം സാധാരണം... പശുമാല അവളുടെ സ്വതവേയുള്ള കുറുമ്പിനൊപ്പം ഉറക്കെച്ചിരിച്ചു

  കോടതിമുറിയിലെ നിശബ്ദത ഒരു തരം നിസ്സഹാ‍യതയിൽ തകർന്നു. തമിഴറിയാവുന്ന പ്രാവുകൾ ഞെട്ടലോടെ ചിറകടിച്ചു പറന്നു. ന്യായാധിപൻ ഒരു പരിഭ്രമമായി. അയാൾ വിയർത്ത് വിയർത്ത് വിധിപുസ്തകത്തെ വിരലുകൊണ്ടുരസിത്തൊട്ടു

 പശുമാലക്കുവേണ്ടി ഹാജരായ വക്കീൽ, തന്റെ കക്ഷിയുടെ മനോനില തകരാറിലാണെന്ന തന്റെ വാദം ശരിയല്ലേ എന്നമട്ടിൽ സഹപ്രവർത്തകരെ നോക്കി.

  ‘’ഏതാവത് പേസണമാ?പേസിത്തൊലെയ്
 പഴയ പള്ളിമേടയിലെന്നവണ്ണം ന്യായാധിപന്റെ ശബ്ദം പതറിക്കൊണ്ട് തന്നെ പ്രതിധ്വനിച്ചു.

‘’യെനക്കാ?? മ്മ്ഹ്
പശുമാല തമിഴച്ചിയുടേതായ നിഷ്കളങ്കതയോടെ ഒന്നുമില്ലെന്നു വീണ്ടും  ചിരിച്ചു. അവളുടെ മുഖത്ത് കത്തിയുരുകിപ്പോയ പേശികൾ വലിഞ്ഞു. ഉണക്ക വൃണങ്ങൾ ചുളുങ്ങി നിവർന്നു. പല്ലുകൾക്കിടയിൽ നിന്നും , കവിൾമറയില്ലാത്തിടങ്ങളിലേക്ക് നാവ് സർപ്പത്തലപോലെ പുളഞ്ഞു വഴുതി. പുലിയുടെ വിശന്നമുരൾച്ച പോലെ തമിഴക്ഷരങ്ങൾ വഴക്കമായ്

‘’യെല്ലാ തൊലയലും നാൻ താൻ.. യെല്ലാ തൊലച്ചിലും യെങ്കളാലെ താൻ...നാമട്ടും താൻ... തമിഴ്മണ്ണ്ക്കാകെ യെന്തയാളും സെയ്ത യെന്ത കുറ്റ്രൻ‌ഗളും നാൻ ഏൽക്ക പോകിറേൻ...അഭിമാനമാ..

  വിധിന്യായത്തിന് 345 പേജുകൾ ഉണ്ടായിരുന്നു. കുറ്റപത്രത്തിനൊടുക്കം അയാൾ വധശിക്ഷയെന്നുച്ഛരിച്ചതും വാക്കുകൽ  ആസ്ത്മയുടെ വല്ലാത്തൊരു ഞെരുക്കതിൽ പെട്ട് വലിഞ്ഞ് ലജ്ജാകരമായി പിളർന്നു. ശുദ്ധമായ് ചീകിയെടുത്ത തമിഴക്ഷരങ്ങൾ പിളരുമ്പോഴും കൂട്ടിയുരസുമ്പോഴുമുണ്ടാകുന്ന വെടിമരുന്നിന്റെ വിശുദ്ധമണം കോടതിയിൽ പരന്നു. ജനങ്ങൾ സ്തബ്ധരായി. ന്യായവായനക്കാരന്റെ കഷണ്ടിയിൽ വിയർപ്പുകടൽ തിരമെഴുകി നെറ്റിയിലേക്ക് പെറ്റ്രോൾ പോലെ വഴുക്കി പരന്നു. അദൃശ്യമായ തമിഴ്ച്ചൂരടിച്ചു അതിന്റെ ചൂടിൽ രഹസ്യാഗ്നിപിളർന്നു. അതിൽ അയാൾ സ്വയം എരിയുന്നത് പശുമാല മാത്രം കണ്ടു.

     തമിഴ് വായു എന്നത്തെയും പോലെ ഗാഡവും നിഗൂഡവുമായ പ്രതിരോധത്തോടെ  കോടതിക്കകത്ത് അമ്ലത കലർന്ന നീറ്റുറപ്പോടെ വീശി. രോധത്തിന്റെ പകയോടും പകപ്പോടും അത് ന്യായാധിപന്റെ ശ്വാസ കോശങ്ങളെ ഞെക്കിഞെരിച്ചു.

  ‘’അഭിമാനത്തോടെ’‘

പശുമാല ശാന്തമായ് പറഞ്ഞു. ശബ്ദം ഉയർന്നു പഴയ മരത്തട്ടും മച്ചകവുമുള്ള ബ്രിട്ടീഷ് നിർമ്മിത കോടതിയുടെ നിശബ്ദതയിൽ വല്ലാത്തൊരു മുഴക്കത്തോടെ അത് പ്രതിധ്വനിച്ചു. വവ്വാലുകളും വെള്ളിമൂങ്ങകളും കൂട്ടമായ് പുറത്തേക്ക് പറന്നു. ന്യായാധിപന്റെ ചെവികൾ ഊതിയടച്ചു കാറ്റിൻ ശംഖമുഴക്കമായ്. അയാൾ വിധിന്യായ പുസ്തകം മടക്കി.മരണശിക്ഷാവിധി കേട്ട് കോടതി സ്വാഭാവികമായ് തന്നെ പിരിഞ്ഞു.


    ഗരം നരച്ച ഒരു പ്രകാശത്താൽ വിളറിക്കാണപ്പെട്ടു. കറുത്ത പട്ടുതുണി കെട്ടിയ ശവപ്പെട്ടികളിൽ നിന്നും പൂവുകളൂടെ വാടിയ മണം വന്നു. വലിയ കുതിരകൾ കഴുത്തിൽ കെട്ടിയ മണിയൂടെ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ കാറ്റാക്കൂമിലേക്ക് ശവപ്പെട്ടി വണ്ടികൾ വലിച്ചു. ശ്മശാനങ്ങളിൽ നിന്നും വാരിക്കൂട്ടിയ എല്ലുകളിൽ ജീവിക്കാനാശിക്കുന്നവർ കാണിക്കുന്ന അഹന്തയുടെ ക്ലക്ക് ക്ലക്ക് ശബ്ദമടിച്ചു. പുരോഹിതന്മാരും പാതിരിമാരും വേദപുസ്തകത്തിൽ നിന്നും കണ്ണുയർത്തിയതേയില്ല. മോൺസിയർ ലേ ബ്രെട്ടൺ കറുത്ത തൊപ്പി താഴ്ത്തി. വിധിയെഴുത്തിനുള്ള പേനയുടെ അരിക് അയുധം പോലെ മൂർച്ചയാർന്ന് വിരലുകൾക്കിടയിലൂടെ ഉയർന്നു നിന്നു. അസാധാരണമായ പരിഭ്രമത്തോടെ നെറ്റിയിലെ വിയർപ്പിൽ തടവി അയാള ഡാമിയനെ നോക്കി പകച്ചു ചിരിച്ചു

എന്തെങ്കിലും പറയാനൂണ്ടോ ?

  ന്യായാധിപന്റെ അധികാരശബ്ദത്തിനു ചേരാത്ത വിധം പട്ടാളക്കാരെ നോക്കിയപ്പോൾ മോൺസിഞ്ഞ്യോറിന്റെ  ശബ്ദത്തിന് വെള്ളി വീഴ്ച്ചയുണ്ടായി

ഡാമിയന്റെ മൂക്കുകൾ വേട്ടപക്ഷികളൂടെ വാർദ്ധക്യകാല കൊക്കു പോലെ മൂലയിൽ മുമ്പോട്ട് വളഞ്ഞ് മൂർച്ചപ്പെട്ട് നിന്നു. അയാളുടെ ചുണ്ടുകൾ ഉന്മാദത്തിന്റെ ശാന്തതയോടെ

ലാ ജോനെ സേറാ റൂഡ് എന്നുരുവിട്ടു...

ലാ ജോനെ സേറാ റൂഡ്-The day will be hard      

      ബെൽറ്റിൽ ഉറപ്പിക്കുന്ന തരം ചെറിയ ബോംബായിരുന്നു അത്. വീർത്ത ഗർഭവയറിനു താഴെ ചെറിയ തുകൽ ബെൽറ്റിൽ അൽ‌പ്പം മുറുക്കത്തോടെ തന്നെ പശുമാല അതിന്റെ ബക്കിളമർത്തി..

   പൊക്കിളിനു കീഴെ പ്രതിഷേധിച്ച് കൊണ്ട് ബാലസിംഗത്തിന്റെ കുട്ടി ചവിട്ടിക്കൊണ്ടേ ഇരുന്നു.

   ബോമ്പ് പൊട്ടിയപ്പോൾ മഴപോലെ വേദിക ചിതറി.. കുട്ടി ചിതറി.. അവരും ചിതറി. കൂട്ടുനിന്ന കാവൽ‌പ്പട്ടാളക്കാരും ചിതറി. ജനങ്ങൾ അലർച്ചയോടെ ചിന്നിച്ചിതറി ഓടി.

പശുമാല ചെവിയോർത്തു.  കടൽത്തീരത്തെ ചെറിയ പനയോലക്കുടിലുകളീൽ നിന്നും വളക്കിലുക്കത്തോടൊപ്പം പെൺകുട്ടികളുടെ ചിരിയുയ്യർന്നു. ഇരുപത്തഞ്ചായിരം തരം ചിരികൾ. കടലിൽ  മുത്തുകൾ ചിതറും പോലെ, പാദസരം കുലുക്കിയ തിരമാലകളൂടെ ശബ്ദം പോലെ ഇരുപത്തഞ്ചായിരം തരം ചിരികൾ.. ഇരുപത്തഞ്ചായിരം തരം പെൺ കിടാങ്ങൾ.. സമാധാനസേനയുടെ ബൂട്ട്സിനടിയിൽ ചതഞ്ഞ കൈപ്പത്തികൾ അവർ ആഹ്ലാദത്തോടെ വിടർത്തി. അവയിൽ തേച്ച മയിൽ നാഡീയെണ്ണകൾ വെയിലിൽ തിളങ്ങി. സ്പർശശേഷി നഷ്ടപ്പെട്ട അവരുടെ മുലക്കണ്ണൂകളീൽ വീണ്ടും കടൽ‌പ്പൊട്ടിച്ചിതറി. പൊക്കിളുകളിൽ വസന്തത്തിന്റെ കണ്ടൽത്തൈകൾ പൂവിട്ടു പൊടിച്ചു. ഇന്ത്യൻ പട്ടാളക്കാരുടേതായ അച്ചടക്കത്തോടും വെടിപ്പോടും ആർപ്പിട്ടു കരഞ്ഞ അനാഥ പുള്ളകളും പൊട്ടിച്ചിരിച്ചു.

അവരുടെ കരിഞ്ഞ ജഡം ചട്ടിയിൽ മറിച്ചിടാൻ മറന്ന ചെറിയ നെയ്മീനെ ഓർമ്മിപ്പിച്ചു. ചിതറിയ വേദികക്ക് വേണ്ടി പശുമാലയും പൊട്ടിച്ചിരിച്ചു.

      ഒരു സിസി ക്യാമറയാണ് പശുമാലയെ കൃത്യമായി ഒറ്റിയത്. ലോകത്തെ കാണുന്ന സൂഷ്മക്കണ്ണുകളിൽ ഒരു തിമിരപ്പാട പോലെ പശുമാല പതിഞ്ഞു. മറ്റുകാഴ്ചകൾ എന്തു കൊണ്ടോ അവ്യക്തമായി. തോക്കിന്റെ പാത്തി കൊണ്ട് കീറിപ്പിളർന്ന ഇടത്തേക്കവിളിറച്ചിയിലെ തുന്നൽ, അവളൂടെ മുഖത്ത് സ്ഥായിയായുണ്ടായിരുന്ന അലിവിനെയും കണ്ണുകളിൽ തളർന്നു നിന്നിരുന്ന സ്നേഹഭാവത്തെയും മറച്ച്, നൂറ് വയസ്സുള്ള ദുർമന്ത്രവാദിനിയുടെ  ക്രൌര്യം നൂൽകെട്ടിക്കോർത്തു.
     ആളുകൾ സ്ഫോടനത്തോടെ ചിതറീയോടി. നിലവിളിച്ചും അലറിയും അവർ ജീവരക്ഷക്കായ് പരക്കം പാഞ്ഞു. പശുമാല മാത്രം ഭൂമിനോവാത്ത കാലടികളോടെ സിസി റ്റിവിയിൽ ഒരു ക്ലോസ്സപ്പായി നിറഞ്ഞ് മുമ്പോട്ട് നടന്ന് പോയി.

    പശുമാലയുടെ മുഖം കണ്ട് ആളുകൾ നടുങ്ങിത്തരിച്ചു. പാതിചീന്തിയ മൂക്കിന്റെ ഇടത്തേവശത്തെ തേരട്ട മാളം പോലുള്ള ദ്വാരം കണ്ട് സ്ത്രീകൾ ബോധരഹിതരായി. കീഴ്ചൂ‍ണ്ട് മുതൽ താടിയെല്ലിന്റെ തുടക്കം വരെ  മാംസം ഉണ്ടായിരുന്നില്ല. തൊണ്ണിൽ പൊട്ടിയും അടർന്ന് കുറ്റിയായും പൈശാചികതയോടെ പല്ലുകൾ വെളിപ്പെട്ടു നിന്നു. കടൽക്കാറ്റ് നിരന്തരം ഏറ്റതിനാൽ മോണക്ക് പാമ്പ് വിഷം പടർന്ന പോലൊരു കൊടിയ നീലനിറമായിരുന്നു.

      വലതു മുഖഭാഗം പക്ഷെ അതിസുന്ദരമായിത്തന്നെ നിന്നു. പവിഴശോഭയുള്ള സാരിയുടെ തെളിച്ചം അവളുടെ മുപ്പത്തിനാലു വയസ്സിനെ പിന്നെയും കുറച്ചു. ആസിഡ് വീണ് കരിഞ്ഞ രണ്ട് വലിയ കല്ലുകളൂടെ മങ്ങലിനെ  മറച്ച് അഞ്ചുകൽ മൂക്കുത്തിയുടെ ചെറുകല്ലുകൾ നക്ഷത്രങ്ങളെപ്പോലെ തിളങ്ങിക്കൊണ്ടേയിരുന്നു.

     വലതു മുഖഭാഗം കണ്ടാൽ ഇടത് മുഖം കത്തിത്തീർന്നു കരിക്കട്ടയായ ഒരു വൈകൃതമുണ്ട് പശുമാലക്കെന്ന് ആർക്കും ഓർക്കാൻ കൂടി സാധിക്കുമായിരുന്നില്ല. തമിഴ്പ്പെണ്ണുങ്ങളുടെ എള്ളഴകും ചെത്തിയെടുത്ത് നിർമ്മിച്ച അവയവ ഭംഗിയും തേനിന്റെ നിറവും ഏതു കാലത്തും പശുമാലയെ സുന്ദരിയാക്കിത്തന്നെ നിർത്തിയിരുന്നു.

    വേദികയുടെ കൈ പിടിച്ച് അവളുടെ സോഡാക്കണ്ണട ഊരിത്തുടച്ച് കണ്ണീൽ വച്ചു കൊടുക്കുന്നതും നീ പോയ് വിജയിച്ച് വരൂ എന്ന ഭാവത്തിൽ നെറ്റിയിൽ അമർത്തി ചുംബിക്കുന്നതും വേദികയുടെ പൂർണ്ണവയറിൽ സ്പർശിക്കുമ്പോൾ ശിശു അമർത്തിച്ചവിട്ടി പശുമാല കൈവലിച്ചതും  ചാനലുകൾ ഇടക്കിടെ സംപ്രേക്ഷണം ചെയ്തു.

       കത്തിരിവെയിലിനു പൊട്ടിക്കാറുള്ള ശ്രീമാരിയമ്മൻ ഗുണ്ട് പടക്കത്തിന്റെയത്ര ശബ്ദമില്ലല്ലോ ഇതിനു എന്ന് ബോംബ് വെടിച്ചപ്പോൾ പശുമാല നിസ്സംഗമായി ഓർത്തു. എങ്കിലും ഏഴുമീറ്റർ ചുറ്റളവിൽ ഒരു നാമ്പ് പോലുമില്ലാതെ സകലതും ചിതറി. ഒരു വെളീച്ചം, മിന്നൽ പോലെ. ഒരു ഒച്ച, ഇടിയുടെ പിന്താളം പോലെ.. പിന്നെ  ഒരു മഴ.. വേദികയുടെ വയർ തകർന്നു ഊക്കിൽ ഗർഭജലം തുളിച്ച ചെറിയ മഴച്ചാറ്റൽ.

പശുമാല അക്ഷോഭ്യയായി തിരിഞ്ഞു നിന്നു. അവളോടെ സക്സ്സസ്സ് എന്നു പറയുമ്പോൾ വേദിക സ്ഥിരമായി ഉയർത്താറൂള്ള വലത് തള്ള വിരൽ, തടിയൻ മോതിരത്തോടൊപ്പം പശുമാലയുടെ നെറ്റിയിൽ വന്നിടിച്ചു. മുറിഞ്ഞ പല്ലിവാൽ പോലെ അത് രണ്ടു മൂന്നു തവണ പിടച്ചു നിശ്ചലമായി. അദ്യത്തെ ഉൾക്കിടിലം അവസാനിച്ചപ്പോൾ പശുമാല കുനിഞ്ഞ് വിരലെടുത്തു. ചോരയിൽ ചുവന്ന് കുതിർന്ന അതിലെ ചെമ്പ് മോതിരം. ദിപാകരന്റെ ഡി എന്ന ഇംഗ്ലിഷ് വലിയക്ഷരം, രകതമുദ്രിതമായ ഒരു പ്രതികാരച്ചിരിയോടെ തിളങ്ങി.

 വിധിന്യായത്തിന്റെ പതിനാറാം പേജിൽ അതിനു ശേഷം പശുമാല ഫോൺ ചെയ്യ്തതിനെ പറ്റി എഴുതുന്നുണ്ട്.ആർക്ക് ചെയ്തെന്നോ എന്തിനു ചെയ്തന്നോ ഒരുത്തരവും കിട്ടാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ ഊഹങ്ങൾ എഴുതി സത്യമാക്കി നിറച്ചു. ക്യാപ്റ്റൻ ചെല്ലദുരൈ ദിപാകരന്റെ മരണ ശേഷം വന്ന കേണൽ തമ്പിരാസ പൊട്ടു അമ്മനു ചെയ്ത ഇന്റെർനെറ്റ് കോളാണതെന്ന് അവർ സമർഥിച്ചു. അതല്ലേങ്കിൽ വാൾവെട്ടിത്തുറയിൽ കലാപത്തിനു നേതൃത്വം കൊടുക്കുന്ന കേണൽ തീപ്പൻ മനുഷ്യപുത്രനുള്ള രഹസ്യ ഉത്തരവായിരിക്കാമെന്നും മൂന്നാമത്തെ സാധ്യത ദിപാകരന്റ്റ്റെ റ്റ്രിങ്കോമാലി തമിൾ എഫ് എം  പൊന്നാളൈ റേഡിയോക്കുള്ള ആനന്ദസന്ദേശമായിരിക്കാമെന്നതായിരുന്നു. ഊഹങ്ങൾ വായിച്ചു കേട്ടപ്പോൾ പശുമാല ചിരിച്ചു

  ആ കോൾ പുലേന്ദ്രൻ ബാലസിംഗത്തിനുള്ളതായിരുന്നു. വേദികയുടേ ഭർത്താവും പശുമാലയുടെ സഹോദരൻ പുലേന്ദ്രന്റെ മകനുമായ ബാലസിംഗത്തിനു. പുലേന്ദ്രന്റെ ഭാര്യ ജയക്കൊടിയുടെ ഭയം അതുപോൽ പകർന്നു വളർന്ന പേടിത്തൊണ്ടൻ ബാലസിംഗത്തിനു. ജയക്കൊടിയുടേതായ സൌ‌മ്യമായ ഭാവം. തെളിഞ്ഞ സ്നേഹം. പതിഞ്ഞ മട്ട്. പുലേന്ദ്രന്റെ അത്ഭുതകരമായ മുഖച്ഛായ.

     
വാൾവെട്ടിത്തുറയിലെ ആളുകൾ ബാലസിംഗത്തെ കാണുന്ന മാത്രയിൽ അത്ഭുതം കൂറി. പോലീസ്സ് കമാണ്ടോ ഓപ്പറേഷനിൽ പുലേന്ദ്രൻ റ്റ്രിങ്കോമാലിയിൽ വെച്ചാണു കൊല്ലപ്പെട്ടത്. തമിഴന്റെ ജഡം കാക്കകൊത്തി കടൽകൊത്തി എന്നത്തേയും പോലെ അളിഞ്ഞ കപ്പൽ പോലെ കടലിൽ ഒഴുകിയൊഴുകിപ്പോയി. മരണം ഗവണ്മെന്റെ സ്ഥിരീകരിക്കുകയും പത്രത്തിൽ ഫോട്ടോ വരികയും ചെയ്തു. അതിനും ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞാണു ബാലസിംഗം ജനിക്കുന്നത്. ജയക്കൊടിയുടെ മേൽ ആറുപോലീസ്സുകാർ മാറി മാറി നടത്തിയ കമാണ്ടോ ഓപ്പറേഷന്റെ ഫലമായി ബാലസിംഗം ജനിച്ചു. മരിച്ചു കടലടിഞ്ഞ പുലേന്ദ്രന്റെ അതേ മൂക്കും തീവെട്ടിക്കണ്ണും  ഇടതു ചെരിഞ്ഞ നടപ്പുമായി പി.ബാലസിംഗം വളർന്നു.

     
പുലേന്ദ്രൻ ജയക്കൊടിയെ കണ്ടെത്തിയ പോലെ ധനുഷ്കോടി ക്യാമ്പിൽ വെച്ച് പി.ബാലസിംഗം വേദികയെ കണ്ടു. അതുപോലെ തന്നെ പ്രേമിക്കുകയും പോണ്ടിച്ചേരിയിൽ താമസിച്ച് ഫ്രാൻസ്സിലേക്ക് അരിക്കച്ചവടവുമായി പോകയും ചെയ്തു. പുലേന്ദ്രന്റെ അതേ വഴി അതേ രീതി 21 വയസ്സിൽ വേദികയെ വിവാഹം ചെയ്തു, അവളെയും ജയക്കൊടിയേയും കൂട്ടി ഇന്ത്യ വിട്ടു.

     എന്നാ‍ൽ പുലേന്ദ്രനെ പോലെ ബാലസിംഗം തിരികെ വന്നില്ല. തമിഴ്പേച്ചിന്റെ വിളി അവൻ കേട്ടില്ല. ഇനി കേട്ടാൽ തന്നെ പേടിച്ച് വിറച്ച് ജീവനുണ്ടോ ജീവനുണ്ടോ എന്നു മൂക്കിനു താഴെ ഏറെത്തവണ വിരൽ വെച്ച് ജയകൊടിയെ പ്രാപിച്ച ചെറുപ്പക്കാരനും പേടിക്കൊടലനുമായ പോലീസ്സുകാരന്റെ എത്ര മറഞ്ഞാലും പൊന്തി വരുന്ന രക്തഗുണം ബാലസിംഗം കാണിക്കുക തന്നെ ചെയ്തു.

 “ഉൻഗ്ഗളോടെ കർമ്മം കിർമ്മത്തുക്കെല്ലാം അത് പോതും അല്ലെവാ? റ്റെലഫോണിലൂടെ ബാലസിംഗത്തോട് വിരലിനെ പറ്റി പറയവെ ഒരു നിശബ്ദത തമിഴ്പ്പേച്ചെ ഇടക്കിടെ തടയുന്നത് പശുമാലയറിഞ്ഞു.

‘’അത്തായെ.. അത്തായെ ..നീ എന്ന ചൊല്ല്രേൻ ..? അത്തായെ അത്തായെ ഉനക്ക് പത്ത്യം പുടിച്ചിടിച്ചാ??അത്തായെ……... അത്തായെ..

ബാലസിംഗം പാരീസ്സിലെ തന്റെ അരിക്കടയിലിരുന്ന് ഫോണിലൂടെ ഉറക്കെ അലറുന്നത് പശുമാല കേട്ടു.
അയ്യയ്യോ യെന്ന കൊടുമയിത്?? യെൻ കൊഴന്തേ. യെൻ വേതികാ.. അത്തായെ അവൾക്കൊരു വാട്ടി ഫോൺ കൊടുക്കുവീങ്കളാ?

ച്ചീ ച്ചീ വാ മൂട്രാ.. ബാലസിംഗത്തിംന്റെ മുഖത്ത് ചെരുപ്പൂരിയടിക്കുന്നത് പോലെ പശുമാല ചീറി.

അവയെൻ പൊണ്ണ്. യെൻ കൊളന്തൈ. എതുക്ക് നാൻ പൊയ് സൊല്ലണം. അവ എർന്തിട്ടാ.. തക്കൊലൈ. ബൊംബ് വെടിച്ചിറ്ക്ക്. അവ താൻ വെടിച്ചത്. നീ റ്റീവി പാറ് പശുമാല അൽ‌പ്പം കൂടി സൌമ്യമായി..

  “ബാല നാൻ സൊന്നത് ഉണ്മെടാ. തമിഴ്ക്കാഹെ എങ്കൾ എടുത്ത മുടിവെടാ ഇത്. നീ സൊല്ല് ഉനക്ക് വേദികാവോടെ വിരൽ വേണമാ? നാൻ കൊറീയർ അനപ്പട്ടുമാ?’‘

ഇന്റെർ നെറ്റ് കോളായതിനാൽ താൻ പറയുന്നതൊക്കെയും  പശുമാല ഗുഹയിൽ നിന്നെന്നവണ്ണം ചിലമ്പമായി രണ്ടു വട്ടം കേട്ടു. ബാലസിംഗം വാവിട്ടു കരഞ്ഞൂ. അവന്റെ നിലവിളി കേൾക്കെ താനും കരഞ്ഞു പോകുമെന്ന് അവൾ ഭയന്നു. പശുമാല ഫോൺ ഓഫ്ഫ് ചെയ്ത്, സിമ്മൊടിച്ച് കത്തിക്കൊണ്ടിരിക്കുന്ന കസേരകൾക്കിടയിലേക്ക്  വലിച്ചെറിഞ്ഞു.

    റ്റിവിയിൽ പശുമാലയുടെ കരിഞ്ഞ മുഖവും പ്രധാനമന്ത്രി‌യുടെ കരിഞ്ഞു നഗ്നമായ് കമിഴ്ന്നു കിടക്കുന്ന ഉടലും ഇടക്കിടെ കാണിച്ചു.

     21
ആമത്തെ പേജിൽ അവരെ പറ്റി പശുമാല ഓർത്ത് മൊഴി കൊടുത്തു. ആയമ്മ ആദ്യമായി ഇന്ത്യയുടെ പ്രധാന മന്ത്രിയായപ്പോൾ പശുമാലക്ക് പതിനഞ്ച് വയസ്സായിരുന്നു. അലൂമിനിയപ്പെട്ടിയിൽ അഞ്ചാം തരത്തിലെ പാഠപുസ്തകങ്ങൾ അവൾ അടുക്കി. കടുകെണ്ണ പുരട്ടി മിനുക്കിയ മുടി മുറുക്കി ഇരു വശത്തും  പിന്നിക്കെട്ടി റിബ്ബൺ തിരയുമ്പോൾ സിലോൺ റേഡിയോയിൽ നിന്നും  ആ വാർത്ത പശുമാല കേട്ടു. ഇന്ത്യയിൽ സ്ത്രീകൾക്കിനി പ്രശ്നങ്ങളൂണ്ടാവില്ലെന്ന് താത്തയും പാട്ടിയും പറഞ്ഞു ചിരിച്ചു.

സ്കൂൾ നോട്ടീസ്സിൽ അവരുടെ ഫോട്ടോ ഒട്ടിച്ചതും അസംബ്ലിയിൽ  അവരെ പറ്റി മൂന്നുമിനിറ്റ് വാർത്ത വായിച്ചതും പശുമാലയായിരുന്നു. പെൺകുട്ടികളുടെ സുരക്ഷ രാഷ്ട്ര ലക്ഷ്യമെന്നു വായിച്ചതും പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ ആഹ്ലാദാരവം ഉയർന്നു.
  ചെവിക്കു മീതെ വെട്ടി നിർത്തിയ അവരുടെ ബോബു മുടി കടൽക്കാട്ടിൽ ജീവസ്സാർന്ന് ഇളകുന്നതായ് അവൾക്ക് തോന്നി. അവരുടെ നെറ്റിക്ക് മീതെ എളൂങ്ക് കമ്പികൾ പോളീഷിൽ തിളകിയ പോലെ,ഒരൽ‌പ്പം മുടി നരഭംഗിയിൽ മനോഹരമായി അന്തസ്സ് കാട്ടി നിന്നു. കഴുകിന്റെ ഒളിച്ചുവെച്ച ശവദാഹക്കൊക്കായ് മൂക്കിന്റെയറ്റത്ത് ക്രൌര്യം കൂടി നിന്നു. കണ്ണൂകളിൽ കൃത്രിമമെന്നു തോന്നും വിധം അസാധാരണമായൊരു ദയയും ചുണ്ടുകളിൽ ഇന്ത്യൻ സ്ത്രീയുടേതായ നിഷ്കളങ്കത ചുറയുന്ന  അലിവ്ചിരിയും നനവ് പോലെ പറ്റി നിന്നു.

    കാങ്കേസൻ തുറയിൽ ഉള്ള തമിഴരെല്ലാം വല്ലാത്ത ഒരു ആഹ്ലാദ തിമിർപ്പിലായിരുന്നു. പിറന്ന മണ്ണിൽ കിട്ടുന്ന നീതീ. അതില്ലെങ്കിൽ ഇവിടെ നിന്നൊരു മടക്കയാത്ര. ധനുഷ്കോടി പട്ടണത്തിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും തമിഴ്മണ്ണിലേക്കൊരു വേരു പിടിക്കൽ.
യെൻ തമിഴ് മക്കളെ യെൻ തമിഴ് മക്കളെ എന്ന് ഹിന്ദിയിൽ മുങ്ങി സിലോൺ റേഡിയോവിൽ അവർ അഭിസംബോധന ചെയ്തത് കേൾക്കെ സർപ്പം ജീവിക്കാനായി ഉറയൂരും പോലെ തന്റെ ലങ്കയെ പോലും ഉടലിൽ നിന്നു ഊരിക്കളയാൻ പശുമാല തയ്യറായി.

    “ഇതെല്ലാം പൊയ്. എല്ലാ ഭരണകൂടങ്ങളും ഒന്റ്രു താൻ.തമിഴ് മക്കളെ അഭയാർത്ഥിയാവാനല്ല നമ്മൾ പോരാടിയത്..അവകാശങ്ങൾ കിട്ടാനാണു.

പശുമാല റ്റിവിയിൽ കണ്ട ദിപാകരനെ നോക്കി കൊഞ്ഞനം കുത്തി. സൂക്ഷിച്ചു നോക്കെ അത്ര ക്രൂരമായതല്ല ആ മുഖം എന്നവൾക്ക് തോന്നി. ഒരു മുറിത്തുന്നലടയാളം മാത്രമാണു അയാളുടെ മുഖത്തെ ക്രൌര്യമാർന്നതാക്കുന്നതെന്ന് അവൾക്ക് ബോധ്യപ്പെട്ടൂ.

 ദാഹപ്പച്ചയിൽ തീത്തയ്യുകൾ വിത്തായ് വിതറുന്ന മെയ്യുഷ്ണകാലത്ത് അളഗിരിയെന്ന പോലീസ്സുകാരനാണ് ദിപാകരന് കവിളിൽ ആ അടയാളം സമ്മാനിച്ചത്. അത്രനാളും അയാളുടെ മുഖത്തുണ്ടായിരുന്ന നിഷ്കളങ്കമായി നിന്നിരുന്ന എല്ലാ അവയവങ്ങളും - പാൽമുലകളാശിക്കും പോലെ സദാ തുടുത്ത കീഴ്ച്ചുണ്ട്, ചെമ്പേറി നിറം മങ്ങീയ നെറ്റിപ്പട്ടക്കുമിള പോലുള്ള നിസ്സഹായക്കൺനോട്ടങ്ങൾ, കൂട്ടു പുരികത്തിന്റെ അനാഥമായ ഒറ്റവളവ് , ചിരിയിലെ പരിഭ്രാന്തി- എല്ലാം കലക്കമായി കലങ്ങിപ്പോയി. തോക്കു പാത്തിയിലെ തുരുമ്പിച്ച കത്തി കീറ്റിയെടുത്ത ആഴമുറീവിൽ പഴുപ്പു കൂടി വന്നൂ. അത് കീറിയ മൂന്നാം നാൾ ഒരു മെഡിക്കൽ വിദ്യാർത്ഥി കൈത്തെറ്റു പോലെ തുന്നിയെടൂത്ത നൂലടയാളം  ചുണ്ടിനരികിലായി തെളിഞ്ഞു തെളീഞ്ഞങ്ങനെ നിന്നു.

ദിപാകരൻ  ആദ്യമായി ചുംബിക്കാൻ  കണ്ണുകളിലേക്ക് നോക്കിയ ആദ്യ നിമിഷം  ലജ്ജകാരണം പശുമാലക്ക് കൺ‌വഴുതിയിരുന്നു. അവൾ ആ തുന്നടയാളത്തിലേക്ക് ഇടക്കിടെ പരിഭ്രമത്തോടെ നോക്കി നിൽക്കും. അയാളുടെ മുഖത്ത് ക്രൂരമായ് നിന്നിരുന്ന ഒരേ ഒരടയാളം.അത് കാണൂമ്പോഴെല്ലാം  അയാളിലെ പുരുഷനെ കാമിക്കാൻ ഒരു വിശപ്പുയരുന്നത് അവളറീഞ്ഞു.. ആ തുന്നലടയാളം പൊത്തി വെച്ച് നോക്കുന്ന ഓരോ നിമിഷവും   വിശക്കുന്ന ഒരു ഓമനശിശു ദിപാകരന്റെ മുഖത്തിനു പുറകിൽ ഒളിച്ചിരിക്കുന്നതവൾ കണ്ടെത്തി ഒരു ശിശുവിനെ കടൽക്കൊള്ളക്കാരനോളം ക്രൌര്യനാക്കുന്ന രഹസ്യമുദ്രയായിരുന്നു അത്... വാൾമൂർച്ചയിൽ കയ്യിൽ ഉണർവ്വുണർത്തുന്ന ഓമനമുദ്ര. വിരൽ തൊടുമ്പോൾ കയ്യുരതും പോലെ അവൾക്ക് വേദനിച്ചു .ചുംബിക്കുമ്പോൾ, ഒളി മറഞ്ഞ  വാൾത്തുരുമ്പുകളീൽ ചുണ്ടു തട്ടീ അവൾക്ക് റ്റെറ്റനസ്സ് പനി പിടിച്ചു.. എങ്കിലും അവനെ ഇത്രമേൽ പുലിവന്യതയിലേക്ക് ഉയർത്തിയെടുക്കുന്ന മറ്റൊന്നില്ല എന്നവൾ ആഹ്ലാദത്തോടെ ഓർക്കുകയും ഓരോ തവണയും ജ്യോമെറ്റ്രിക്ക് പ്രോഗ്രഷനിൽ അവനെ തുരുതുരുതുരാ ഉമ്മവെക്കുകയും ചെയ്തു

ദിപാകരൻ റ്റിവിയിൽ പറഞ്ഞതായിരുന്നൂ സത്യം..ഒന്നാം മാസം കഴിഞ്ഞപ്പോൾ വെളുപ്പ് നിറഞ്ഞ നുണകളുമായി അവരെത്തി. കടലിൽ വെളുത്ത നുര ദൂരെ പതയുന്നത് തുറക്കാർ കണ്ടു

 സമാധാനസേന വെള്ളക്കൊടി വെച്ച ഇന്ത്യൻ കപ്പലിറങ്ങി വരികയായിരുന്നു. മഞ്ഞപ്പകൽ‌പ്പഴുപ്പ് വെയിലിൽ ഉദിച്ചു പൊന്തിക്കൊണ്ടിരുന്നു. മൂശയിലെ ലോഹത്തരിപോലെ ചൂട് വിങ്ങിവിങ്ങി മണൽത്തിള പൊന്തിത്തിളച്ചു. പട്ടാളബൂട്ടിന്റെ ലാടകാന്തങ്ങളിൽ തങ്ങി, തുകലടിച്ചട്ടയിലൂടെ ചൂട് ഉരുകിപ്പൊന്തി. കാലു വെന്ത വന്യമൃഗങ്ങളെപ്പോലെ മാർച്ച് പാസ്റ്റ് ദ്രുതം  ചെയ്തവർ ഗ്രാമത്തിലേക്ക് കയറി വന്നു. വിശക്കുമ്പോൾ നീതികെട്ട് ആഹാരം തേടുന്നതു പോലെ ദാഹിക്കുമ്പോൾ ശരി നോക്കാതെ ജലത്തിലുഴലും പോലെ തീർത്തും ജൈവികമായ സൈനികാവശ്യമായി അവർ തമിഴ്‌‌‌‌‌ക്കുടികളിൽ കൂട്ടമായി കയറി. എതിർത്തവരെ കെട്ടിയിട്ടു. ഉപദ്രവിച്ചു. കൊന്നു...

    പുലേന്ദ്രന്റെ ഡയറിയിൽ കുറിച്ചിട്ട രഹസ്യ വിലാസത്തിൽ അവൾ ദിപാകരനു കത്തയച്ചു. വടിവൊത്ത തമിഴ് അക്ഷരങ്ങളിൽ കണ്ണീരും രക്തവും സമാസമം ചിതറി. സമാധാനസേന കയറിയിറങ്ങിയ കുടിലിൽ പെൺപട്ടികളെപ്പോലെ ജീവിച്ചു മടുത്തെന്നാണു ആദ്യം എഴുതിയത്. താൻ കഴിഞ്ഞ മാസം മാത്രം എട്ട് തവണ ബലാത്കാരം ചെയ്യപ്പെട്ടു. ഒരു തവണ ഗർഭച്ഛിദ്രം ചെയ്തു. ഇനി എത്ര തവണ എന്തെല്ലാം ചെയ്യപ്പെടും എന്നതിനു ഒരു കണക്കുമില്ല എന്നുമെല്ലാം ഹൃദയ വേദനയോടെ അവൾ എഴുതി. പള്ളിയിൽ അഭയം തേടിയതിനാൽ തനിക്കിപ്പോൾ സമാധാനമുണ്ടെന്നും മറ്റു പെൺകുട്ടികളൂടെ അവസ്ഥ മേൽക്കുമേൽ പരിതാപകരമാണെന്നും അവൾ കൂട്ടിച്ചേർത്തു.
  സമാധാനസേന വന്ന് തുറയിലെ സമാധാനവും സന്തോഷവും അടർത്തിയെടുത്ത ആ നാളുകളിൽ തന്നെയാണ് ആദ്യമായി ദിപാകരനെ പശുമാല കാണുന്നത്.


     ത്യാഗരാജർ തിരുഹൃദയദേവാലയത്തിലെ ഫോണിലേക്ക് ദിപാകരന്റെ വിളി വന്നു. കത്തുകിട്ടുമെന്നോ പള്ളിയിലെ പഴയ ഫോണിലേക്ക് തന്നെ ദിപാകരൻ വിളിക്കുമെന്നോ പശുമാല ഓർത്തിരുന്നില്ല. കടലിൽ പെട്ടു പോകുമ്പോൾ ചില്ല് കുപ്പിയിൽ പോലും എസ് ഓ എസ് അയക്കുന്നതു പോലെ ഒരു ശ്രമം മാത്രമായിരുന്നു ആ എഴുത്ത്. വാക്കു പറഞ്ഞ് ഒരാഴ്ച്ചക്കുള്ളീൽ ശാന്തി സേനയുടെ ക്യാമ്പിൽ കൃത്യമായ ആക്രമണങ്ങൾ നടന്നു. 13 ബോംബുകൾ ഒരുമിച്ച് പൊട്ടി. 20 പേരെ വെടിവെച്ചു കൊന്നു. അന്നു വൈകുന്നേരം തന്നെ ദിപാകരൻ പശുമാലയെ കാണാൻ വന്നു.


 ഇന്ത്യൻ പട്ടാളക്കാരുടേതു പോലെ പച്ചയിൽ ഇലകളുള്ള യൂനിഫോമിൽ ഇരുനിറത്തിൽ അഞ്ചടി എട്ടിഞ്ച് ഉയരത്തിൽ സദാ ദേഷ്യം പിടിച്ച മുഖത്തോടെ അയാൾ വന്നു.. സിമിത്തേരി പറമ്പിലെ മതിലിൽ ചാരി നിന്ന് അവളോട് അയാൾ സംസാരിച്ചു. അവൾക്ക് കുറേശ്ശെയായി കരച്ചിൽ വന്നു. പുലേന്ദ്രന്റെ ശരീരത്തെ പോലീസ്സുകാർ പുഴുങ്ങിത്തിന്നിരിക്കാമെന്ന് അവൾ അയാളോട് പരാതി പറഞ്ഞു.

     സമയം സന്ധ്യ മയങ്ങിയിരുന്നു. കാങ്കേസൻ തുറയിൽ മുക്കുവത്തോണികൾ കമിഴ്ത്തിയിട്ടതിനു മീതെ മഴ ചാറിത്തുടങ്ങീയിരുന്നു. പശുമാലക്ക് പരാതിയുടെ മേൽ പരാതിയായിരുന്നു. തുടയിലും മുലയിലും സിഗററ്റ് കുത്തിക്കെടുത്തിയ പാടുകൾ കാണിച്ച് ലജ്ജയില്ലാതെ പതം പറഞ്ഞു. അപ്പോഴേക്കും മഴ വല്ലാതെ കനത്തു അവളൂടെ കരച്ചിലും..

അന്ത മുട്ടാൾ നാസമാ പോയിടുവേൻ.. സെത്തു അഴുക്കാ അഴുകി പുഴു തിന്തിടുവേൻ.. കാട്ടാൾ.. ത്രോഹി.. അവൾ പ്രാകിക്കരഞ്ഞു കൊണ്ടിരുന്നു

‘’അവേൻ പേർ എന്ന ശൊന്നെ??

എന്നമോ എനക്ക് തെരിയെലേ. ഒരു മേജറാരുക്കും അനാൽ അവനുടെ കണ്ണ് അത് പളുങ്ക് ഗോട്ടി മാതിരിയേ ഇരിക്ക്വറട്ടും നാൻ അവനെ കണ്ടിപ്പാ കൊണ്ണിടുവേൻ

ഇവൻ താനെ?’”

ദിപാകരൻ എൽ ജി പെരുങ്കായ സഞ്ചിയിൽ നിന്നും ബൊമ്മക്കുട്ടിപോലെ ഒരു തല പുറത്തെടുത്തു.

പശുമാല ഞെട്ടിത്തരിച്ചു പോയി.അത് അയാളുടെ ശിരസ്സായിരുന്നു. മേജർ മൽഹോത്രയുടെ .അയാളൂടെ പളുങ്ക് കണ്ണുകൾ തുറന്നു തന്നെയിരുന്നു. നാവ് കടിച്ചു പൊട്ടിച്ച് തൂങ്ങി നിന്നു.

ആദ്യത്തെ ഞെട്ടലിനു ശേഷം പശുമാല സകല കരുത്തും കയ്‌ വെള്ളയിലേക്ക് പടർത്തി. ശിരസ്സിന്റെ മുഖത്ത് ആഞ്ഞടിച്ചു. ദിപാകരന്റെ കയ്യിൽ നിന്നും അയാളുടെ തല മുടിയിൽ തൂക്കി കയ്യിൽ വാങ്ങി നെറ്റിയിൽ വെച്ചിടിച്ചു. തറയിലെ മണലിൽ വെച്ചു മുഖമുരച്ചു.

‘’ഇപ്പിടിത്താനെ? ഇപ്പിടിത്താനെ

          അവളുടെ കണ്ണീർ കവിൾ നനച്ച് വന്യമായ പകയോടെ ഒഴുകിക്കൊണ്ടിരുന്നു. കക്കയുടെ മൂർച്ച കഷണങ്ങളും ഞണ്ട് തോടുകളും കണവയസ്ഥിയുടെ പരുത്ത പിൻ വശവുമുരഞ്ഞു കവിൾ കീറീ. മണലിൽ  മുറിവാണ്ടു പുളഞ്ഞ ആ ദീവസം അത്രമേൽ അവളെ അള്ളിപ്പറച്ചീരുന്നു..

ശരീരത്തിന്റെ മുൻമുഖം മുതൽ അൺഡവാഹിനിക്കുഴലും  ഗർഭാശയനാളിയും പെൽ‌വിക്സ്സും കടന്നു ഗർഭ പാത്രത്തിൽ അടീഞ്ഞൂ കൂടിയ മണൽത്തരികൾ മെഡിക്കൽക്കോളേജിലെ ആറു ദിവസ വാസത്തിനു ശേഷം അവളെ മയക്കാതെ ഡി എൻ സി ചെയ്ത്‍ാണു ഡോക്റ്റർ പുറത്തെടുത്തത്..

 “നൊയി അവ്വളവ് സീരിയസ്സാനതിനാലെ താൻ. ഇല്ലാനാ എൻ കരുവറൈ ഓപ്പറേഷനിൽ തൊലഞ്ജിടുവോം. അവൾ ആ ഓർമ്മയിൽ ചുമൽ കൂച്ചി..

യെല്ലാം ഇന്ത നായാലെ താനെ...മുണ്ഡം മുണ്ഡം

കാങ്കേസ്സൻ തുറയിൽ വച്ച് പ്രാണവേദനയിൽ അലറീയതിനു അവളൂടെ മുഖം മണലിൽ മേജർ കുത്തിത്താഴ്ത്തിയിരുന്നു....അവളുടെ വായ നിറയെ മണൽ നിറഞ്ഞു... ആ ഓർമ്മയിൽ അവൾ അയാളൂടെ ശിരസ്സ് മണലിൽ അമർത്തിക്കുത്തിപൂഴ്ത്തി.

‘’ത്ഫൂ കാർക്കിച്ച് അയാളുടെ ശിരസ്സിലേക്ക് തുപ്പി

ദിപാകരൻ പോലും പകച്ചു പോയി

പൊണ്ണേ എന്ന കൊടുമയിത്? വിട്ടിട്.. അതെ വിട്ടിട്ട്

‘’യെൻ അണ്ണനെ കൊന്റ്രതും ഇവ്ങ്കെ താനെ. ഉങ്കളുക്കും അത് തെരിയൂമ്‌ലെ?

‘’വിട്ടിട് വിട്ടിട്’‘ അയാളവളുടെ കയ്യിൽ അമർത്തിപ്പിടിച്ചു, ശിരസ്സ് താഴെക്കിടീച്ചു
പശുമാല കുതറി കാലുകൊണ്ട് ഒരു ഫൂട്ബാൾ തട്ടുന്ന ലാഘവത്തോടെ കാലുകൊണ്ട് മേജറിന്റെ ശിരസ്സ് ആഞ്ഞ് തൊഴിച്ചു. ഒരു കളിപ്പന്തുയർന്നു മണലൊപ്പം ചിതറി കടലിലേക്ക് കുതിച്ചു പോയി... പശുമാല ദിപാകരനെ കെട്ടിപ്പിടിച്ച് അയാളുടെ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞു കൊണ്ടേ ഇരുന്നു.

     ആ അറുത്ത തല. ദിപാകരന്റെ പ്രേമസമ്മാനം. അതായിരുന്നു തുടക്കം. തമിഴിലേക്കുള്ള പശുമാലയുടെ മടക്കം.. ദിപാകരന്റെ തോക്ക് പിടിച്ച തഴമ്പ് പൊട്ടിയ കയ് പിടിച്ച് തമിഴ് ലോകത്തിന്റെ അറ്റമില്ലാത്ത ആഹ്ലാദത്തിലേക്കും അമർത്തലുകളീലേക്കും തമിഴന്റെ സങ്കടങ്ങളിലേക്കും പശുമാല സഞ്ചരിച്ചു... പോൾ ആന്തണിയും വേദികയും തിരുച്ചെൽ‌വിയും രണ്ട് രണ്ട് വർഷ ഇടവേളകളിൽ അവർക്കിടയിലേക്ക് കയറി വന്നു... കളിക്കുവാൻ തോക്കും എറിഞ്ഞു പൊട്ടിക്കു‌വാൻ ബോബും. പുലിക്കുഞ്ഞുങ്ങൾ വളരുന്ന അന്തസ്സോടെ അവരെ വളർത്തുമ്പോഴും നാവിൽ മുലപ്പാലൊപ്പം തമിഴ്പ്രാണന്റെ ആത്മവീര്യവും അവൾ ഉരുക്കിച്ചേർത്തു.

പുലേന്ദ്രന്റെ അതേ വിധിയായിരുന്നു പോൾ ആന്തണിക്കും.. തമിഴമൃതമുണ്ട് തമിഴ്പേച്ചിലുഴന്നു
യുത്തം സെയ് യുത്തം സെയ്.തമിഴെന്റ്രാൽ അമുദമെന്റ്രു താൻ എന്നലറീ കാന്തൽ മലർ പൂവുകൾ വാടിക്കിടന്ന മണ്ണിലേക്ക് വെടിയോട്ടയിട്ട ശരീരവുമായി അവൻ മലർന്നു വീണു. തമിഴ് ഈളത്തിന്റെ കരുത്ത്, ചുരുട്ടിയ മുദ്രയായ്, വലതുകയ്യിൽ ഉയർന്ന്  തന്നെ നിന്നു... വെടിയേറ്റ് പോൾ ആന്തണി കൊല്ലപ്പെട്ടു.

യെൻ കൊളന്തൈ യെൻ കൊളന്തൈ പശുമാല അലറിക്കരഞ്ഞ്‍ൂ.

യെനക്ക് പാക്കണം ഒരു വാട്ടി പാക്കണം.. കണ്ടിപ്പാ പാക്കണം അവൾ ദിപാകരന്റെ യൂനിഫോർമ്മിൽ അള്ളിത്തൂങ്ങി.

മുടിയാത്... കണ്ടിപ്പാ മുടിയാത്... അങ്കെ കാങ്കേസൻ തൊറയിൽ അവനുക്ക് മടക്കം.. തമിൾ പൊണ്ണുകൾ ഇന്ത മാതിരി അഴുവക്കൂടാത്…”

മുടിയാത് മുടിയാത് എനക്കവനെ പാക്കണോം‌മ്‌ലെ ????? എപ്പടിയാവത്...നാൻ ഉങ്കിട്ടെ കെഞ്ചിക്കേക്കറേൻ…”
പശുമാല ദിപാകരന്റെ കാലിൽ ചുറ്റിപ്പിടിച്ചു...

    “അണ്ണെ എപ്പടിയാവത്പ്ലീസ്സ് അണ്ണെ..... അവളൂടെ കണ്ണീർ വീണു അയാളൂടെ കാലുകൾ നനഞ്ഞു.

     അങനെയാണു പോൾ ആന്തണി വരുന്നത്പശുമാലയുടെ രാജകുമാരൻ ഉണക്ക മത്സ്യങ്ങൾക്കിടയിൽ, ബോട്ടിൽ പുലിത്തോൽ പോലെ വന്യമായി ഉണങ്ങിക്കിടന്നു കൊണ്ട്.

ബോട്ട് വന്നപ്പോൾ പശുമാല ദിപാകരനെ മുറുക്കിപ്പിടീച്ചു. കാങ്കേസൻ തുറയിൽ മാസങ്ങളോളം ഉപ്പിട്ടുണക്കിയ സ്രാവ് മത്സ്യങ്ങൾക്കും നങ്കുകൾക്കും ചിത്രശലഭച്ചിറകുപോലെ മരണത്തിന്റെ നേർത്ത ഉപ്പുചിറകുകൾ ഉണ്ടായിരുന്നു. കക്കകളൂടെ ചില്ലുതോടുകൾ ഉടഞ്ഞുണങ്ങിപ്പറ്റി വയലറ്റ് പ്രകാശത്തോടെ അവ വെളുകെ അവളെ നോക്കി ചിരിച്ചു. അട്ടിയിട്ട വലിയ സ്രാവുകൾ ഓരോന്നായി നീക്കം ചെയ്തു പണിക്കാർ പോൾ ആന്തണിയുടെ ശരീരം  പുറത്തെടുത്തു. ഉണക്ക മീനുകൾക്കിടയിൽ മറ്റൊരു ഉണക്കമീനായി ഉപ്പിൽ പൊതിഞ്ഞ് അവൻ കിടന്നു.

ഉപ്പുമത്സ്യങ്ങൾക്കിടയിലിട്ട് പത്തോ പതിനഞ്ചോ ചിലപ്പോൾ മാസമോ കഴിഞ്ഞ് മാത്രമേ അവന്റെ ദേഹം കിട്ടുകയുള്ളുവെന്നും തുറയിൽ തന്നെ അടക്കുന്നതാണു നല്ലതെന്നും ദിപാകരൻ പലകുറി പറഞ്ഞതാണു.
‘’മുടിയാത് എനക്കത്.എന്നാലെ മുടിയാത്. പറ്റില്ല.എനക്കവനെ പാക്കണം.ഒരേ ഉരു വാട്ടി പാക്ക്കണം…“

അവൾ വാശികൂടി. ഭക്ഷണമുപേക്ഷിച്ചു. ഉപ്പിൽ പൊതിഞ്ഞോ ഉറക്കിട്ടോ ഐസ്സിലിട്ടോ ആയാലും വേണ്ടില്ല അവനെ കാണണം എന്നു വാശി പിടിച്ചു. എന്നാൽ അവന്റെ ജഡം കണ്ട ആദ്യമാത്രയിൽ തന്നെ തന്റെയാവാശിയെ പശുമാല ശപിച്ചു.

അവന്റെ ശരീരം സ്രാവുകളെ ഓർമ്മിപ്പിച്ചു. ചെവികളിൽ വജ്ജ്രകുണ്ഡലവുമായി പിറന്ന കർണ്ണനെപ്പോലെ ജനിച്ചപ്പോൾ തന്നെ ആന്തണിയുടെ കൈകളിൽ നിറയെ പശുമാലയുടെ മുലകളായിരുന്നു... ഇരു കൈ നിറയെ മുലയുമായ് ജനിച്ചവൻ വെള്ളാമുള്ളിവെക്കലിലെ ഉരുണ്ട സമുദ്രത്തിരകളീൽ തുള്ളിയൊഴുകിക്കളിക്കുന്ന  സ്രാവിന്റെ ഇളയ കുഞ്ഞിനെപ്പോലെ,
പോൾ ആന്തണി അവളുടെ മുലകളിൽ വഴുതി നീന്തി അവനാണു.. അവനാണ്. പശുമാല കുമ്പിട്ടിരുന്നു ഇപ്പോൾ വളർന്നു മാംസളമാർന്ന ഒരു പെരും സ്രാവ് പോലെ, ഉപ്പിട്ടുണക്കീയ അനേക മത്സ്യജഡക്കൂട്ടത്തിൽ ആന്തണി കിടന്നു ഉപ്പ് വെളുത്ത സംസ്കാരപ്പൌഡർ പോലെ അവന്റെ കറുത്ത മുഖത്ത് പറ്റിനിന്നു... മൂക്കിൽ നിന്നുതിർന്നു പരന്ന രക്തപ്പശിമയിൽ പറ്റി കാങ്കേസൻ തുറയിലെ സ്വർണ്ണമണൽ തിളങ്ങി. നെറ്റിയിലെ വെടിയുണ്ടച്ചുഴിയിൽ വെളീച്ചെണ്ണ പുരണ്ട് പാതിവറുന്ന സ്രാവ്വിന്റെ ഹൃദയനിറം തെളിഞ്ഞൂ കണ്ടു... നെറ്റിയിൽ ചുംബിച്ചപ്പോൾ പതിമൂന്ന് ദിവസത്തെ മൃതപ്പഴക്കത്തിനു മീതെ ജലാംശം പറ്റെ വറ്റിയ ഒരുപ്പുണക്ക് മത്സ്യത്തിൽ വെടിമരുന്നു എരിഞ്ഞ ഒരു വാസന മാത്രം പശുമാലക്ക് കിട്ടി


   ന്ധ്യക്കും രാത്രിക്കുമിടയിൽ പ്രകാശം ഒളിച്ചു നീലിച്ച് കളിച്ചിരുന്നു. ചിത്രത്തൂണൂകളുടെ ചുണ്ണാമ്പ് കൊത്തുകൾക്ക് മീതെ ഇലപൊഴിഞ്ഞ മരശിഖരങ്ങളുടെ നിഴലും വീണു കിടന്നിരുന്നു. തറയിൽ അവ പ്രേതാരൂപം പൂണ്ടതിനുമീതെക്കൂടി ലൂയി പതിനാലാമൻ രാജാവ് ഇറങ്ങിവന്നു. അദ്ദേഹത്തെ കാത്ത് നിന്ന  അലങ്കരിച്ച കുതിരവണ്ടിയിലെ വെള്ളക്കുതീര മരണമുക്രപോലെ ഒന്നു ചീനച്ചു. ഇറ്റാലിയൻ മാർബിളിന്റെ കൊത്തുചവിട്ടു പടികളിൽ ഇരുട്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ ഷൂസ്സ് തിളങ്ങീ

വലിയ അരഭിത്തിക്ക് പുറകിൽ അർദ്ധ ചന്ദ്രന്റെ നിലാച്ചിരി പോലെ ഒരു ഒളി രാജാവ് കണ്ടു. തീയിൽ ആവശ്യത്തീലേറെ കാച്ചിയതിനാൽ അരികുകളും ഇരുവശവും ഏറെ മൂർച്ചിച്ച ഒരു അരിവാൾ കത്തിയായിരുന്നു അത്.

ഡൌഫിൻ…”
രാജാവ് അപകടം മണത്ത ഒരു നായയെപ്പോലെ ശരീരമൊന്നു ചുളുക്കി പുറകോട്ട് നിന്നു, അംഗരക്ഷകനെ വിളിച്ചു. ഡാമിയൻ ഭയമില്ലാതെ പ്രശാന്തമായ തെളിമുഖത്തോടെ നടന്നു വന്നു. ജനുവരി മാസത്തിന്റെ അതിശാന്തമായ സാന്ധ്യപ്രകൃതിയും ബുധൻ ദിവസത്തിന്റെ എല്ലാ പ്രസന്നതയും അയാളിലേക്ക് ചേർന്ന പോലെ തോന്നി. രോമം വൃത്തിയായി വടിച്ച കവിൾത്തോലിനടിയിൽ പച്ച രോമക്കാട് മറഞ്ഞ് നിന്നു.

ഡാമിയൻ തൊപ്പിയെടുത്തു മാറ്റി അഭിവാദനം ചെയ്യും പോലെ പാതി പുഞ്ചിരിയോടെ തല കുനിച്ചു. വെർസെയ്ല്സ്സിന്റ്റെ മാത്രം പ്രത്യേകതയായ ഇലകൊഴിപ്പൻ ജനുവരി ശീതം, കാറ്റിൽ പെട്ടന്ന് വീശിയടിച്ചൂ. രാജാവിന്റെ വലത് എളിയിലൂടെ നട്ടെല്ലിലെ കശേരുക്കളിലേക്ക് അയാൾ ആഞ്ഞൂ കത്തി വീശുകയും ചെയ്തു. കാറ്റിന്റെ തണൂത്ത അദൃശ്യക്കൈകൾ വലതു ഭാഗത്ത് വന്ന് ആഞ്ഞടിച്ചപോലെ തോന്നി രാജാവിനു... കൈതൊട്ടിടത്ത് നിന്നും നനവ് കിട്ടി. ചോരയുടെ വീഞ്ഞ് പുഴയൊഴുക്കം. ചെറുപ്രളയം. ലൂയി പതിനാലാമൻ മരണം തൊട്ടപോലെ ബോധരഹിതനായി വീണു. രാജലായനി ചെരിഞ്ഞത് പോലെ വെളുവെളൂത്ത മാർബിൾ മുറ്റത്ത് ചോര തുളിച്ചു.ഓരോ തൂള്ളിയിലും ഭൂമി കുലുക്കമാർന്നൂ വിറച്ചൂ. പാരീസ് നഗരം കിടുങ്ങീ.

മേജർ സുന്ദരരാമ അയ്യങ്കാർ, മേജർ മൽഹോത്രയുടെ ഇരട്ട സഹോദരൻ മേജർ പിജെ മൽഹോത്ര എന്നിവർ കേവല പട്ടാള ഉദ്യോഗസ്ഥരായിരുന്നില്ല. അവർ ഭരണകൂടത്തിന്റെ ചതിച്ചാരരും കാവൽ‌പ്പട്ടികളുമാണെന്ന് ദിപാകരൻ പശുമാലയോട് പറഞ്ഞു. അധികാരത്തിനു കൂട്ടിക്കൊടുക്കുന്ന മാമകൾ, വിശന്ന വന്യമൃഗത്തേക്കാൾ അപകടകാരിയാണു. ഓരോ രാജപാദസേവക്കാരനും എയ്ഡ്സ്സ്  രോഗാണുവേക്കാളും മാരകവും.. കീഴ്പ്പെടുത്തി തന്റേതാക്കി തുലച്ച് കൊന്ന് കളയും അവറ്റകൾ, മനുഷ്യകുലത്തെ. അവറ്റകളുടെ ബൂട്ടടിയിലെ ഇരുമ്പാണി കുത്തി പറഞ്ഞും അരിക് വാൾപോലെ മൂർച്ചയാക്കിയ വാളിരുമ്പ് ലാടമേറ്റ് ചതഞ്ഞരഞ്ഞൂം തീരും പൌരന്റെ അവകാശങ്ങളും നീതിയും... കാട്ടാളനീതിയെ കാട്ടാള നെറിയെ നമുക്ക് ചുമക്കാനായ് വെച്ചു തരും ഇത്തരക്കാർ..

യെനക്ക് യുത്തം വേണ്ടാ...യെൻ മക്കളുക്കും യുത്തം വേണ്ടാ..വേണ്ടത് സമാധാനം മാത്രം.അത്ക്ക് മട്ടും തൻ ജീവിക്കരുത്ക്ക്. എങ്കളുക്ക് വേണ്ടത് നീതി താൻ.. ന്യായം താൻ... അമൈതി മട്ടും താൻ.

റേഡിയോ റ്റ്രികോമാലിയിലൂടെ ദിപാകരന്റെ തമിഴ് സത്തം ജനങ്ങൾ കേട്ടു. സുന്ദരരാമസ്വാമി കേട്ടു.. മേജർ മൽഹോത്ര രണ്ടാമൻ കേട്ടു. കാട്ടാളസൂത്രങ്ങൾ വെടിഞ്ഞ് ഗവണ്മെന്റ് ഒരു ഒത്തുതീർപ്പിനു തയ്യാറായ്.

സമാധാനസേന ഒത്തു തീർപ്പിനായ് മേജർ രാമസ്വാമിയെ വിട്ടു. സമാധാനം എന്ന ഒറ്റക്കാരണത്താലാണു ദിപാകരൻ ഒത്തുതീർപ്പിനു സമ്മതിച്ചതും. നാളു നാളുകളായി യുദ്ധം ചെയ്ത മനുഷ്യർക്ക് വരുന്ന സ്വാഭാവികമായ മടുപ്പ് മാത്രമായിരുന്നില്ല അതിനു കാരണം. ചോരമണക്കാതെ പച്ചമാംസം മണക്കാതെ, ചിതറിത്തീർന്ന മനുഷ്യരെ, മണ്ണിൽ പടർന്നമർന്ന മനുഷ്യരെ, കാണാതെ പകയുടെ വെടിപ്പുക വാനത്തിൽ കലക്കമായി മൂടിപ്പടരാതെ, ഒരു പ്രഭാതമെങ്കിലും അയാൾക്ക് വേണമായിരുന്നു.

   ഡാമിയനും അത്രെയേ വേണ്ടിയിരുന്നുള്ളു. തെളിഞ്ഞ ചിന്തകൾ, സൂര്യ രശ്മിയിൽ ഞെരിഞ്ഞു തിളങ്ങിത്തെളിഞ്ഞ ഒരു പ്രഭാതം. ജാൻസെനിസ്റ്റ്ന്നോ കൾവെൻഷനിസ്റ്റെന്നോ വേർതിരിവില്ലാതെ ജീസസ്സിന്റെ അലിവിൻ കൈ സ്പർശം.. സമാധാന ജനനമരണകൂദാശകൾ.. വിലക്കില്ലാതെ പാപത്തെയൊഴിക്കുന്ന കുമ്പസാരങ്ങൾ. നീട്ടിയ നാവിൻ തുമ്പിൽ ചന്ദ്രനുദിക്കുന്ന തിരുവോസ്തീ സ്വീകരണം.. അന്തിമമായ ആ സമാധാനം.

    പള്ളി വിലക്കുന്നതിനു കാരണമായ രാജാവിനെ കൊന്നുകളഞ്ഞാൽ സമാധാനം കിട്ടുമെന്ന് അയാൾക്ക് തോന്നി. കൊതുകിനെയോ ഉറുമ്പിനേയോ ഈയാമ്പാറ്റയേയോ ഞെരടിക്കൊല്ലുന്നതു പോലെയൊരിക്കലും എളുപ്പവും ശാന്തവുമല്ല സ്വേച്ഛാധികാരത്തെ കൊന്നുകളയൽ .സ്വന്തം തലയറുത്ത് ശത്രുവിനുമുമ്പിലിടുന്നത് പോലെ അപകടകരമാണത്. എങ്കിലും ചിന്തയാൽ കുഴഞ്ഞ് ചിതറിപ്പോയ പ്രശ്ന പാപങ്ങളിൽ നിന്നും മുക്തിപ്പെടാതെ മോചിപ്പിക്കപ്പെടാതെ  കൂദാശയില്ലാതെ മണ്ണടിയുവാൻ എന്റെ മലിന മാംസത്തെ അനുവദിക്കുകയില്ലെന്നയാൾ ഉറച്ചു തീരുമാനിച്ചു. ഒരു കത്തി രാജാവിന്റെ നെഞ്ചിൽ നിന്നും വലിച്ചൂരിയെടുക്കുന്ന നരച്ച സ്വപ്നം അയാൾ പതിവായ് കാണുവാൻ ആരംഭിച്ചു.. അധികാരത്താൽ ദുഷിച്ചും കൊഴുത്തു നാറിയുമിരുന്ന കട്ടച്ചോര സമാധാനത്തിലേക്ക് കലരുന്നതും അയാൾ കണ്ടു. ഡാമിയൻ ഒരധികാരത്തെ കൊല്ലുവാ‍ൻ ദിശയുറപ്പിച്ചു.

  രണകൂടം സൂത്രശാലിയായ കുറുക്കനായിരുന്നു. ചതിയും പകരത്തിനു പഴുതും തേട്ടുന്ന പകയുടെ കുറുക്കുവിദ്യക്കാർ. അനുരഞ്‌ജനം ഒരു നാടകം മാത്രമായിരുന്നുദിപാകരനെ കണ്ടെത്തുവാൻ അയാളെ മടയിലേക്ക് പദ്ധതിപ്രകാരം കടത്തിവിട്ട ഒരു സമാധാനപ്പുക.സേനക്ക് അയാളെ കണ്ടെത്തുവാനും തിരഞ്ഞെടുത്ത് കൊല്ലുവാനുമുള്ള രഹസ്യതന്ത്രത്തിന്റെ കാപട്യനാടകപ്പുക.

കാങ്കേസൻ തൂറയിലെ രഹസ്യ ഇടത്തിലേക്ക് കണ്ണുകെട്ടി മൂന്നു പേരെ മാത്രമാണു കൊണ്ട് വന്നിരുന്നത്.മേജർ സുന്ദരരാമസ്വാമി അയ്യങ്കാറും രണ്ടു രാജ്യത്തിന്റെയും പ്രതിനിധികളും... രാത്രി എട്ടുമണിയോടെ അവരെത്തീ... സമാധാന ചർച്ചക്കാർ. രഹസ്യ വഴിയിലൂടെ കണ്ണുകൾ കെട്ടി കൊണ്ടു വന്നിട്ടൂം വണ്ടികൾ മാറ്റി കൊണ്ടു വന്നിട്ടും മൂവർക്കു പുറകിലെ ചതിയിൽ മൂവായിരം പേർ ഒളിച്ചു വന്നു.. ഉറുമ്പുകൾക്ക് പുറകെ മറ്റുറുമ്പുകൾ മണത്ത് വരുന്നത് പോലെ. അധികാരത്തിന്റെ ഒക്കാനിപ്പിക്കുന്ന ഉളുമ്പ് മണത്തിനു പുറകെ പട്ടാള കാവൽ‌പ്പട്ടികൾ മണത്ത് മണത്ത് വന്നു.
മനുഷ്യരുറങ്ങൂന്ന തുറയിലെ വീടുകൾ ഓരോന്നായ് അവർ തീയിട്ടു. ബയണറ്റിലെ കത്തികൊണ്ടു കുത്തി കുടൽ പിളർത്തീയും തുരാതുരാ വെടിയുതിർത്തും കടപ്പുറത്തെ ജീവൻ അവർ വെടിപ്പാക്കീ. തീവെന്ത ശവങ്ങൾ കടലിലെറിഞ്ഞൂ. വേവാത്ത ശവങ്ങൾ തീയിലെറിഞ്ഞു. കുട്ടികളൂടെയും സ്ത്രീകളുടെയും മരണ നിലവിളികൾ തുറയിൽ അലഞ്ഞു.

ദിപാകരൻ പിടിക്കപ്പെട്ടാൽ പശുമാല രക്ഷപ്പെട്ടിരിക്കണം തമിഴ്ചെൽ‌വിയും കേണൽ ആന്തൺ കുലസിംഗവും ക്യാപ്റ്റൻ ഗുഹസാന്ത വെറ്റ്രിയും രക്ഷപ്പെട്ടിരിക്കണം.. അതാണു യുദ്ധക്കണക്ക്. വികാരത്തിനുമപ്പുറം വിചാരം ചിട്ട ചെയ്ത തമിഴ്ക്കണക്ക്. യുദ്ധം തോൽക്കുമെന്ന്  വന്നാൽ അത് നിർത്തി രക്ഷപ്പെടണം. തമിഴ്ക്കാകെ നാം വാഴണം.നമ്മുടെ സമയം വരുമ്പോൾ മാത്രം പ്രതിയുദ്ധം ചെയ്യണം.

 തോൽ‌വി അങ്ങനെയാണു.എല്ലാ ലജ്ജകളെയും തൂത്തെറീഞ്ഞ് നമ്മെ നിർമമരാക്കിക്കളയും.നമ്മൾ തലകുനിച്ച് തന്നെ നിൽക്കും. അഹന്തയുടെ ചർമ്മം ഊരിക്കളയും. കൊട്ടാരത്തിലെ സപ്രമഞ്ചക്കട്ടിലിൽ തോറ്റമ്പിയവനെപ്പോലെ ലൂയി പതിനാലാമൻ മരണം കാത്ത് കിടന്നൂ. രോഗീ ലേപനത്തിനായി വന്ന അച്ചൻ പ്രത്യേക പ്രാത്ഥനകൾ അയാൾക്കായി ചൊല്ലി. രാജാവ് ദുർബല ഹൃദയനായി റാണിയെ നോക്കി

എന്റെ എല്ലാ തെറ്റുകളും നീ ക്ഷമിക്കണംമഹാറാണി പരിസരം മറന്നു പൊട്ടിക്കരഞ്ഞൂ.തന്റെ മരണ ശേഷം ഡൌഫിൻ താത്കാലികമായി ഭരണമേൽക്കണമെന്നും താൻ ശാന്തതയോടെ ദൈവത്തിലേക്ക് മടങ്ങുകയാണെന്നും രാജാവ് തണുത്ത കണ്ണൂകളോടെ പറഞ്ഞു.

അത്രനേരവും ഡാമിയൻ മുറ്റത്തു തന്നെ നിൽക്കുകയായിരുന്നു. തന്റെ മരണത്തെ കാത്തെന്നപോലെ, വായ്ത്തലയിലിത്തിരിച്ചോര പുരണ്ട കുറ്റക്കത്തിയുമായി അയാളമ്പരന്നു തന്നെ നിന്നു. ഓടിപ്പോകാനോ രക്ഷപ്പെടാനോ അയാൾ ശ്രമിച്ചതേ ഇല്ല.42 വയസ്സിന്റെ യൌവ്വനവും അതേ 42 വയസ്സിന്റെ വാർദ്ധക്യവും തമ്മിലുള്ള ഒരു വടം വലിയിൽ പെട്ടുഴന്ന പോലെ, അസ്തപ്രജ്ഞയോടെ, സ്തോഭഹൃദയത്തോടെ അയാൾ നിന്നു. രാജാവിന്റെ തൊലിപ്പുറത്ത് വീണ ആ മുറിവര ഒരു വേട്ടമൃഗമാണു. അയാൾ അതിനു ഇരപെട്ട് കാത്തു നിൽക്കുന്നവനും .അധികാരത്തെ തൊട്ടവനും അധികാരത്തെ ആക്രമിച്ചവനും അനുഭവിക്കാൻ പോകുന്ന അക്ഷന്തവ്യമായ വിധിയായിരുന്ന് അത്. വലിയൊരൂരുൾ പൊട്ടീ, കല്ലു മലയിടിഞ്ഞ് വൻഭാരങ്ങൾ ഉടഞ്ഞ് നിപതിച്ച് തലയതിൽ പെട്ടുപോകുന്നതു പോലെ മനുഷ്യരെ അധികാരം മൂടുന്നു. അധികാരമെന്ന വിശന്ന വേട്ടസിംഹം തന്നെ കൂട്ടിലടക്കും വരെ ഡാമിയൻ കത്തിയുമായി അവിടെ തന്നെ നിന്നു.

ചെറിയ ഒരു കുടിലായിരുന്നു അത്.കടലിൽ വന്നവർ  തൂക്കിയിട്ട മീൻ വലകളിൽ  നിന്നും കടൽ ജലം തുള്ളിയുറ്റിക്കൊണ്ടിരുന്നു. പൂഴിയിൽ അവ വീണു കുഴിയാനക്കുഴി വിടർന്നു. വലക്കണ്ണിയിൽ കുടുങ്ങിയ ചെറു മീനുകൾ പ്രാണ ശ്വാസത്തിനായ്  ചെകിള പിളർത്തിക്കൊണ്ടിരുന്നു. കടൽക്കാറ്റൂം ഇരുട്ടും തട്ടി അവയുടെ കണ്ണുകൾ  നീറി.

     ദിപാകരാൻ അപകടത്തിലായെന്ന മരണ വിസിൽ ശബ്ദമുയർന്നപ്പോൾ പശുമാല അന്ധാളിച്ചു. കൂടിക്കാഴ്ചയിടത്തിൽ 30 പോരാളികൾ കാവലുണ്ടായിരുന്നിട്ടും സംഭവിച്ചതെന്തെന്നറിയാതെ അവൾ യാന്ത്രികമായ്‌ ഓടാൻ തുടങ്ങി. തുറയാകെ  പ്രകാശ ഭരിതമായിരുന്നു. ഓരോ കുടിലും കത്തി. തീകത്തി ഓറഞ്ച് പ്ലാസ്മയായ് പുകയായ് കരിയായ്  അവകാശമെരിഞ്ഞു. ഉറക്കത്തിൽ മരിച്ചു പോകുന്നവരുടെ ജീവനറുന്ന  നിലവിളികൾ, കടലിന്റെ കാറിച്ചയേക്കാൾ ഭയാനകമായിരുന്നു. പാതി വെന്തും  തീകൊണ്ട് കരിഞ്ഞും ഉറുമ്പ് പറ്റങ്ങളെപ്പോലെ മനുഷ്യർ  ചിതറിയോടി. ചിലർ കടലിൽ ചാടി . ചിലർ കരയിൽ  കിടന്നുരുണ്ടു. മറ്റുചിലർ തീയോടൊപ്പം ഉൾച്ചേർന്നലിഞ്ഞു. പുരുഷന്മാർ  മിക്കവാറും കടലിലായതിനാൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും  തന്നെയായിരുന്നു.

 തമിഴ് ചെൽവി ഒളിച്ചു താമസിച്ചിരുന്ന കുടിലിൽ മാത്രം മരണകരമായ ഭയശാന്തത മുറ്റിക്കുഴഞ്ഞു  നിന്നു. പട്ടാളക്കാർ തോക്കുമായി വീടിനു ചുറ്റും നിന്നു. കുടിലിനു സമീപത്തെ കിഴുക്കാൻ തൂക്കായ പാറമേൽ വഴുക്കിവഴുക്കി പശുമാല കിതച്ചുനിന്നു. .  ഒളിച്ചു നിന്നു.

പുലേന്ദ്രനെപ്പോലെ ആന്തണിയെപ്പോലെ  ചെൽവിയും  ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടു പോയെന്നു പശുമാല തിരിച്ചറിഞ്ഞു. മേജർ മൽഹോത്രയുടെ അതേ മുഖമുള്ള ഒരാൾ അകത്തേക്ക് കയറിപ്പോയ് . അകാശത്ത് ഉദിച്ചു നിന്നിരുന്ന അവസാനത്തെ പ്രകാശനക്ഷത്രവും കത്തി വീണു. അധികാരത്തിന്റെ ദുർമുഖം പോലെ കറുകറുപ്പാർന്ന് ആകാശവും ഭൂമിയും  നിന്നു. പശുമാല കഠിനമായ സങ്കടത്തോടെ  വാപൊത്തിക്കരഞ്ഞു.

 മനുഷ്യനോളം വലിപ്പമുള്ള ഒരു റോട്ട് വീലർ നായക്കൊപ്പം മേജര് മല്ഹോത്ര രണ്ടാമൻ കുടിലിലിരുന്നു. മേജറിന്റെ തോഴിയിൽ നായ്ക്കിതപ്പിലേക്ക്  ഞെട്ടിപ്പിടഞ്ഞ് ചെൽവിയുണർന്നു .

‘“ നമ്പർ 263 ... ഇവൾ തന്നെയാണോ എന്നൊന്നുറപ്പിക്ക്
പൂഴിയിലൂടെ വലിച്ചിഴച്ച് ഒരു പുരുഷനെ കൊണ്ട് വന്നു.
ചൊല്ല്ട്രാ നായെ നമ്പർ 263 അർപ്പുത അമുദൻ എന്ന പട്ടാളാ‍പ്പീസ്സർ അയാളുടെ തമുടിയിൽ പിടിച്ചുലച്ചു.

ഇവങ്കെ താനെ?? അന്ത ദിപാകരനോടെ പൊണ്ണ്??

അയാൾ മിടയിറക്കീ ജീവ ഭയത്തോടെ  തമിഴ ചെൽവിയെ നോക്കി.അവളോരു കാറ്റു പിടിച്ച മരം പോലെ ഭയന്നു വിറച്ചു.

ആമാം അയാളുടെ വായിൽ നിന്നും ചോരയിലും ഉമിനീരിലും കുഴഞ്ഞ് രണ്ട് പല്ലുകൾ തറയിൽ തൊഴിഞ്ഞു വീണു.

മൽഹോത്ര കുടിലതയോടെ ചിരിച്ചൂ. അയാളുടെ ഉളിപ്പല്ലുകൾ കുന്തമുനകൂർത്ത് തിളക്കമാർന്നു. പക അയാളുടെ കണ്ണടയിൽ പാട തീർത്തു.

നിന്റെ അപ്പനും അമ്മ്യും ചേർന്നാണു എന്റെ സഹോദരനെ കൊന്നത്.. സേർന്ത് സേർന്ത്.അങ്ങനല്ലെ 236? ഒന്ന് കൊച്ചിനു പറ്ഞ്ഞൂ കൊടുക്ക്

അയാൾ ചുരുട്ടിനകത്ത് വാൻ‌ഗോഗ് പുകയില നിറച്ചു തീ കൊടുത്തു.

അത് അവങ്കെ തമ്പിയെ കൊന്റ്രതുക്ക് ഒരു സമ്മാനം. ചിന്നതാ ഒരു സർപ്രൈസ്സ്.സാർ അത് ഉനക്ക് തര വന്തിരുക്കാ
മേജർ മൽഹോത്ര പൊട്ടി ചിരിച്ചൂ
ദാറ്റ്സ് ഗുഡ് ... ദാറ്റ്സ് ഗുഡ് ... സർപ്രൈസ്സ്.. അത് ഉഗ്രനായി
അയാൾ കുനിഞ്ഞ് ചെൽവിയുടെ താടിയിൽ പിടിച്ചൂ

എത്തന വയസ്സ്??

പതിനാലു ചെ‌ൽ‌വിയുടെ ഒച്ച ചിതറി.

ഒക്കെ ഗുഡ് ഏജ്എനിക്കീ പ്രായം പോര.. 263 നിനക്ക് പറ്റുമോ?
അയാൾ അമുദനെ നോക്കി കണ്ണിറുക്കീ
നിനക്ക്’“?? അയാൾ കുല്വീന്ദറിനെ നോക്കി.
320 നീ നോക്കുന്നോ?അയാൾ ചെൽവിയുടേ ചുറ്റും നടന്നു. ഓരോ പട്ടാളക്കാരനും കൌശലതയോടെ വേണ്ടെന്നു തലയിളക്കി
പിന്നെ ആരു ചെയ്യും?മ്മ്ഹ്?? അയാളുടെ തീച്ചുരുട്ട് ക്രൂരമായ് എരിഞ്ഞൂ തിളങ്ങി.
നമ്പർ 100 ആയാലോ?

   അയാൾ നാടകീയതയോടെ പുരികമുയർത്തി.ആദ്യത്തെ അമ്പരപ്പ് വിട്ടപ്പോൾ പട്ടാളക്കാർ കയ്യടിച്ചു.
പ്രമാദം രോംബ പ്രമാദം സാർ
അമുദൻ കീഴ്ച്ചുണ്ട് കടിച്ച് വികാരാധീനനായി

സൂപ്പറാരുക്ക് സർ.എന്ന ഒരു ഐഡിയ. ഇത് വരെക്കും നേരിൽ നാൻ ഇന്ത മാതിരിയൊന്ന് പാക്കലെ

തമിഴ് ചെൽ‌‌വി പരിഭ്രമത്തോടെ ഓരോ പട്ടാളക്കാരന്റെയും നമ്പർ പ്ലേറ്റിലേക്ക് നോക്കി. എവിടെയും അവൾ 100 എന്ന അക്കം കണ്ടില്ല. അപകടതീവ്രതയുടെ ചൂരടിച്ചതും അവൾ ജാഗരൂഗയായി.

നമ്പർ 100
മൽഹോത്ര കയ്യടിച്ചു
തമിഴ് ചെൽ‌‌വിക്ക് മുമ്പിൽ അധികാരത്തിന്റെ ഗർവ്വും അഹന്തയുമായി നമ്പർ 100 നിന്നു... 1-0-0 എന്ന അക്കങ്ങൾ കൂട്ടി വായിച്ച് അവൾ അലറിക്കരഞ്ഞൂ. അത് മേജറുടെ വേട്ട നായയായിരുന്നു. നാവിൽ കൊതിനീരൊഴുക്കി കിതച്ച് പല്ലിളിച്ച് ആ ജന്തു തമിഴ് ചെൽ‌‌വിക്ക് മുമ്പിൽ നിന്നു.

മേജർ കൈകാട്ടി. നായയുടെ പരിശീലകൻ മുമ്പിലേക്ക് വന്നു നായുടെ വായിലേക്ക് മദ്യം പകർന്നു കൊടുത്തു. അതിനു ശേഷം മറ്റൊരു കുപ്പി തുറന്ന് പെൺ നായയുടെ മണമുള്ള ഒരു രാസവസ്തു തമിഴ് ചെൽ‌‌വിയുടെ മേലേക്ക് സ്പ്രേ ചെയ്തൂ.

ഗോ ഹണ്ഡ്രഡ് ഗോ

അത് വല്ലാത്തൊരു രംഗമായിരുന്നു. തമിഴ് ചെൽ‌‌വി വാതിലിലൂടെ പുറത്തേക്ക് പാഞ്ഞൂ. മൃഗകാമചേഷ്ടകളോടെ നായ പുറകെയും സ്ത്രീകളെ പ്രാപിക്കുവാനായ് പ്രത്യേകം പരിശീലനം സിദ്ധിച്ച നായയായിരുന്നു അത്. അധികാരത്തിന്റെ ഉദൃഡതമായ ചെങ്കോൽ പോലെ ആ മൃഗത്തിന്റെ അവയവം തലയുയർന്നു നിന്നു. പട്ടാളക്കാർ പുതു കാഴ്ചയിൽ ഹരം പൂണ്ട് കയ്യടിച്ചു. പരിശീലകന്റെ ചാട്ട വായുവിൽ പുളഞ്ഞു.നായ വന്യമായ മെയ്‌വഴക്കത്തോടെ തമിഴ് ചെൽ‌‌വിയെ കമിഴ്ത്തിയിട്ടു ആക്രമണം തുടങ്ങീ.

യെൻ കടവുളേ..പശുമാല പാറക്കെട്ടിൽ നിന്നും ചാടിയിറങ്ങി

യെൻ മകളെ ചെല്ലം .ചെൽ‌‌വി..
നെഞ്ചിലടിച്ച് അവൾ മകളൂടെ അരികിലേക്ക് പായാൻ തുടങ്ങി. ബലിഷ്ടമായ ഒരു പട്ടാളക്കൈ അവളെ പുറകിൽ നിന്നും പിടിച്ചു.തോക്ക് കുഴലിന്റെ തണുപ്പ് തലയിൽ ഇക്കിളിക്കൊണ്ടു.

കറക്റ്റ് റ്റൈമിങ്ങ്.. വാ വാ നീ ഇങ്ക വാ മണലിലൂടെ അയാൾ പശുമാലയെ ഇരുട്ടിലേക്ക്, കണ്ടൽക്കാടിന്റെ മറവിലേക്ക് കൊണ്ടു പോയി.

ദിപാകരനെ മരണം സ്വീകരിച്ചു തുടങ്ങി.

ഡ്രായിങ്ങ് ആന്റ് ക്വാഡ്രാറ്റിങ്ങ്.. റൊമ്പ കഷ്ടോമ്മാ അത്..ചിത്രവധം.. കുതീരയെ നാലുഭാഗത്തേക്കുംകെട്ടി വലിക്കൽ..

തൂണിൽ പിടിച്ച് തല്യുയർത്താൻ ശ്രമിച്ചപ്പോൾ വേദിക അയച്ച കത്തിലെ ഡാമിയന്റെ മരണം പശുമാല ഓർത്തു.

ഡാമിയനെ മരണം സ്വീകരിച്ചു തുടങ്ങി... നാലുകുതിരകൾ. മരണം കറുപ്പിൽ കൊത്തിയ കുഞ്ചി രോമങ്ങൾ. കണ്ണിലും വിണ്ണീലും ഇരുട്ട് വന്നിരുന്നെങ്കീൽ എന്നയാൾ പെട്ടന്ന്  ഓർത്തു. മണിക്കൂറുകൾ ഇഴജന്തുത്വത്തോടെ പുളയാതെ പെട്ടന്ന് ഇഴഞ്ഞൂതീരാനയാൾ പ്രാർഥിച്ചൂ. സൂര്യാസ്തമനത്തിനു മുമ്പ് എന്തായാലും മരണമെത്തും. ശിക്ഷകൻ സംസൺ കയ്യിലിരുന്ന ചുവന്നചൂടൻ ചവീണി ഒന്നുകൂടി മൂർച്ചപ്പെടുത്തി .

അതോടെ പേർ റെഡ് ഹോട്ട് പിൻസെർ എന്നാകും. നമ്മ ഊരിലെ ഡെന്റിസ്റ്റ് എല്ലാം ഉപയോഗിക്ക്റ ചവിണി ത‍ൻ അത്. അന്ത റ്റോർച്ചർക്ക് മറ്റെന്ത് അമ്മാ? റെജിസൈഡ് അവ്വളവ് ക്രുവലാർന്തത്.

ലൂയി രാജാവിന്റെ വധശ്രമത്തിനു ശിക്ഷ വിധിച്ചതു മുതൽ ഡാമിയൻ ചിത്രവധക്കെട്ടിലായിരുന്നു. കത്രിക പൂട്ടും കെട്ടും. ചങ്ങലയുടെ ലോഹക്കണ്ണീഭാരവും മുറുക്കവും. മലർന്നു കിടന്ന ഒരു രൂപത്തിൽ മരണത്തെ പുൽകേണ്ടി വരുമെന്ന് അയാൾക്ക് തോന്നി. നഗ്നത മറക്കാൻ ഒരു നേർത്ത ഷർട്ട് മാത്രമാണു അയാൾ ധരിച്ചിരുന്നത്.

ജനക്കൂട്ടത്തിന്റെ അത്യാഹ്ലാദം കേട്ടപ്പോൾ അയാൾക്ക് കുളിർന്നു. ഇരുകയ്യിലും അയാൾ 2 പൌണ്ട് തൂക്കം വരുന്ന വലിയ മെഴുകുതിരികൾ പിടിച്ച് അയാളുടെ കൈ തളർന്നു. അവയുടെ ഉരുകിയ ചൂടിൽ അയാളൂടെ കൈ പൊള്ളിപ്പൊളിയുകയും മെഴുകും തൊലിയും ഒന്നായി ഉരുകിക്കൂടുകയും ചെയ്തു. സാംസൺ ഡാമിയന്റെ കയ്യിലേക്ക് കത്രിചവിണി നീട്ടി കുത്തിപ്പറച്ചു. അയാളുടെ മാംസം മൂത്ത ആപ്പിൾ പോലെ പച്ചിച്ചതാണെന്നു സംസണു തോന്നീ. ചവിണിപ്പടിയിൽ അയാൾ വിരലമർത്തി. ചുവന്ന ചെമ്പരത്തിയിതൾ പോലെ നേർത്ത തൊലിയടർന്നു. മാംസം ചവിണിത്തുമ്പിൽ പറ്റി നിന്നു.

ഡാമിയൻ പ്രാണവേദനയോടെ അമറികക്കുതറി. പല്ലുകൾ കൊണ്ട് ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു. ഹിംസ്രതയേറിയ വന്യജന്തുവെപ്പോലെ ഉറക്കെ അലറി. അയാളുടെ ശരീരം വേദനയാൽ കോരിത്തരിച്ചു.


അയാളുടെ മുലക്കണ്ണുകൾക്ക് പുതുവിടർന്ന വെയിൽകൊള്ളാ പനിനീർപ്പൂനിറമായിരുന്നു. പ്രേമം പൊടിയുന്ന രാത്രികളിൽ ഉരുളക്കിഴങ്ങ് തിന്നു വാടിയ ചുണ്ടുകളോടെ അവൾ ചുംബിക്കുകയും വേദനിപ്പിക്കാതെ കടിക്കുകയും ചെയ്തിരുന്ന ഇടത് മുലച്ചുണ്ടിൽ സാംസൺ ചവിണി  ഉപയോഗിച്ചു. തുടയിലെ തുടുമാംസത്തിൽ നെഞ്ചീലെ പ്രേമപ്പേശികളിൽ നാഭീദേശങ്ങളിലെ രഹസ്യക്കുഴികളിൽ ചവിണി കഴുകച്ചുണ്ടുപോലെ കൊത്തിപ്പറിച്ചു. മറ്റൊരു കത്തികൊണ്ട് വരയുകയും മുറിവാഴം കൂട്ടുകയും ചെയ്തു. ഡാമിയൻ തലയുയർത്തിത്തന്നെ നിന്നു. അവിടെയും ഇവിടെയുമായി പിച്ചിപ്പറിച്ച വർണ്ണക്കടലാസ് പോലെ മാംസവും തൊലിയും ഇളകി.. ഡാമിയൻ രക്തമനുഷ്യനെപ്പോലെ ആക്രന്ദിച്ചു... ഡാമിയൻ അലറിക്കരഞ്ഞൂ.

എന്റെ ദൈവമേ……. എന്റെ ദൈവമേ ...എനിക്ക് മാപ്പ് തരൂ..

തമിഴെന്റ്രാൽ അമുദമെന്റ്രു താൻ...തമിഴെന്റ്രാൽ താ‍യ് എന്റ്രുതാൻ

ഒടിഞ്ഞ കഴുത്ത് ഉയർത്താനാകാതെ പശുമാല പുളഞ്ഞൂ. ശാന്തിസേനയുടെ ക്യാമ്പിൽ പട്ടാളക്കാരൊഴികെ അവർ മൂവരുമേ ഉണ്ടായിരുന്നുള്ളു അവൾ, ദിപാകരൻ തമിഴ് ചെൽ‌വി.

ചെൽ‌വി കീറിപ്പറീഞ്ഞ പഴന്തുണി പോലെ ഈച്ചയാർന്നു കിടന്നു. നായുടേ നഖാടയാളങ്ങളും കടിയടയാളങ്ങളും ഇല്ലാത്ത ഒരിടം പോലും അവളൂടെ ദേഹത്തുണ്ടായിരുന്നില്ല. കഴുത്തിൽ ഇടതുഭാഗത്ത് മാളം പോലെ ഒരു കിണർ മുറിവ് കണ്ട് പശുമാലക്ക് അലറണമെന്നു തോന്നി. നേർത്ത വെളിച്ചത്തിൽ, ചെൽ‌വിയുടെ അന്നകുല്യ ഇളകുന്നില്ലെന്നും അവൾ മരിച്ചെന്നും പശുമാലയറിഞ്ഞു.  നേരം പുലരാനായിട്ടുണ്ടെന്നു അവൾ കണക്ക് കൂട്ടി.

മേജർ സുന്ദരരാമസ്വാമി അയ്യങ്കാറും മൽഹോത്രയും മറ്റു പട്ടാളക്കാരും ചേർന്ന് ദിപാകരനെ ക്രൂരമുറകളാൽ ഉപദ്രവിച്ചു കൊണ്ടിരുന്നു

അമ്മാ ഇങ്കെ മ്യൂസിയത്തിലു ഉരു റിങ് ഇരിക്കതമ്മാ. ഡി നു എളുതിയ ഒന്റ്രു. അപ്പാ മോതിരമില്ലിയാ അത് പോലെ താൻ. ഇവങ്കൊളോടെ റ്റോർച്ചർ പാക്കുമ്പോത് എനക്ക് അപ്പാവെത്താൻ ന്യാപകം വരുത്... അമ്മാ..ഉങ്കൾക്ക് പ്രച്ഛന ഒണ്ണും ഇല്ലിയേ?.. എനക്ക് ഭയമാക്ത്..

കണ്ണീരിൽ , മുടിമൂടിയ കാഴ്ചക്കിടയിൽ പശുമാല ദിപാകരനു പകരം ഡാമിയനെ കണ്ടു.

സൾഫറിന്റെ ഊതജ്വാലയിൽ വലതുകൈ വെന്തു കൊണ്ടിരുന്നു. കത്തി വീശി ഇക്കയ്യല്ലേ രാജാവിനെ മുറിപ്പെടുത്തിയത് എന്നവർ ആക്രോശിച്ചു
അല്ലേ അല്ലേ ഇക്കായ്യാലല്ലെ നീ എന്റെ സഹോദരന്റെ തലയറുത്തത്?

തിളങ്ങുന്ന കറുത്ത ലെഡ്, സൂപ്പ് പോലെ സംസൺ കോരിയെടുത്തു. ഡാമിയന്റെ മുറിവുകളിൽ പകർന്നു. തിളച്ച എണ്ണയും ഉരുക്കിയ മെഴുകും ഓരോ മുറിവുകളിലേക്കും ഔഷധക്കൂട്ടെന്ന വണ്ണം പകർന്നു കൊണ്ടേയിരുന്നു

പശുമാല കണ്ണുകൾ ഇറുക്കിയടച്ചു. പ്രാണനാണ് അറുക്കുന്നത്. പ്രാണനാണു പച്ചമാംസത്തിൽ ചവിണി പിടിയിൽ അറുന്നു പോരുന്നത്. പ്രാണ‌വൃണത്തിലാണു ആയുധം കുത്തിപ്പിളർത്തി ചോരയുരുക്കുന്ന ഉരുകു ടാർ കലർത്തുന്നത്തിള‌ഈയം പൂശുന്നത്.

എന്റെ ദൈവമേ……. എന്റെ ദൈവമേ .ജീസസ്സ് ..എനിക്ക് മാപ്പ് തരൂഎന്നോട് ക്ഷമിക്കൂ..പശുമാലയും ഡാമിയനൊപ്പം നിലവിളിച്ചു.

തമിഴെന്റ്രാൽ അമുദമെന്റ്രു താൻ...തമിഴെന്റ്രാൽ താ‍യ് എന്റ്രു താൻ

ദിപാകരന്റെ താണുപോയ സ്വരത്തിലെ കടുപ്പം അവളെ ഞെട്ടിച്ചു.

സൾഫർ പടർന്നു. അയാളുടെ ഗുഹ്യ രോമങ്ങളിൽ വേനൽക്കാട്ട്തീ പോലെ സൾഫർ ആളിക്കത്തിപ്പടർന്നു. സ്ത്രീയുടെ വിരൽ തൊട്ട പോലെ അയാളുടെ ലിംഗം ഉദ്ധൃതമായി. സംസൺ കയ്യിലണിഞ്ഞ ഇരുമ്പ്കൂടമോതിരം കൊണ്ട് അതിൽ പരിഹാസത്തോടെ തട്ടി. അടയിരുന്ന പക്ഷീയുടെ അടിവയർ ചൂടുള്ള ഒരു മുട്ട പോലെ ഇളം ചൂടുണ്ടായിരുന്നു അയാളുടെ വൃഷണങ്ങൾക്ക്. അതിക്രൂരമായ പകയോടെ അയാൾ പക്ഷീമുട്ടകൾ പിടിച്ച് ഞെക്കി ഞെരിച്ചമർത്തി. വൃഷണ സഞ്ചി റ്റപ്പേയെന്ന ശബ്ദത്തിൽ പൊട്ടി

എന്ത് നാശമാണിത് സാംസൺ ചോരകുതിർന്ന കയ്യിലെ വഴുവഴുപ്പ് അംഗവസ്ത്രത്തിൽ തുടച്ചു.

നശിക്കാൻ
ചോരയൊലിപ്പിച്ച് കൊണ്ട് പിടച്ചതിനു മീതെ അയാൾ ഇരുമ്പ് അറപ്പോടെ ബൂട്ടമർത്തി. കൊച്ച് പൂമൊട്ടുകൾ ഞരടിക്കളയുന്ന ലാഘവത്വത്തോടെ അയാൾ ലിംഗം നിലത്തു വെച്ച് ചവിട്ടീത്തേച്ചു

എന്റെ ദൈവമേ……. എന്റെ ദൈവമേ …“
പശുമാലയും ഡാമിയനൊപ്പം ദിപാകരനൊപ്പം നിലവിളിച്ചു.

തമിഴെന്റ്രാൽ അമുദമെന്റ്രു താൻ...തമിഴെന്റ്രാൽ താ‍യ് എന്റ്രു താൻ ദിപാകരന്റെ ശബ്ദം നേർത്തു വന്നു.
ജനക്കൂട്ടം ഇളകി മറഞ്ഞു
അങനെ അങ്ങനെ...ആഹ് ആഹ്
അവർ ആഹ്ലാദാരവമിട്ടു
ഡാമിയന്റെ പുളച്ചിലുകൾ അവരെ ഉത്തേജിതരാക്കി. അവർ ഹരം പൂണ്ട് ആർപ്പിട്ടു.

കൊല്ല് കൊല്ല്..അവർ ഇരക്ക് നേരെ കൈചൂണ്ടി

ദിപാകരനടുത്തേക്ക് പശുമാല ഇഴഞ്ഞു ചെന്നു. അവൾ പൊട്ടിക്കരച്ചിലോടെ അയാളെ ചുംബിച്ചു പുണർന്നു. തീ അവളുടെ ശരീരത്തെയും തിരിച്ചു പുണർന്നു.

കൊല്ല് കൊല്ല്.. അവൾ പട്ടാളക്ക‍ാരെ നോക്കി അലറിവിളിച്ചു……

അധികാരത്തിനു ആർത്തിയില്ല.. അധികാരത്തിനു പകപ്പില്ല. അത് സാവധാനമാണു പൌരനെ കൊല്ലുക ആദ്യം അവന്റെ അവകാശങ്ങളെ. അവന്റെ നീതിയെ. പിന്നെീടെ അവനെ കൊല്ലു.സാവകാശം ഇരയെ തട്ടിക്കളിക്കുന്ന തമാശയോടെ ജനങ്ങൾ അവരുടെ ഭ്രാന്തിനു ഒരാളെ തട്ടിയുരുട്ടിക്കളിക്കുമ്പോഴെല്ലാം അധികാരം ശിക്ഷാദുരയില്ലാതെ നിൽക്കും.സമയമാകുമ്പോൾ സൌ‌മ്യമായി കയറി വരും. കൊലച്ചിരി പുഞ്ചിരിയിൽ മുക്കി നിർത്തും.

ഡാമിയന്റെ കയ്യിലും കാലുകളി്ലും ഓരോരോ കുതീരകളെ കെട്ടി. ഭംഗിയും തലയെടുപ്പുമുള്ള കരുത്തരായ നാലു ആൺ കുതിരകൾ. ചാട്ടപുളഞ്ഞൂ... അവ നാലു ദിക്കുകളിലേക്കും പാഞ്ഞു... ക്വാഡ്രേറ്റിങ്ങ്. നാലായ് പിളർത്തൽഎല്ലുകൾ നീങ്ങൂന്ന ശബ്ദം ജനഭ്രാന്ത്ൽ മുങ്ങിപ്പോയി

ആളുകളുടെ ആർപ്പുകൾ ഉച്ച സ്ഥായിയിലായി
കൊല്ല് കൊല്ല് കൊല്ല്..അവർ താളത്തിൽ ഹരം പൂണ്ടു. കൈകൊട്ടി ശിക്ഷകനെ പ്രോത്സാഹിപ്പിച്ചൂ.

ക്രിക്ക് എന്ന ശബ്ദത്തിൽ രണ്ടു കൈകളൂം കുഴിയിൽ നിന്നും വേർപെട്ടു പോന്നു.

അമ്മാ..അവരോടെ കാൽ അത് വിട്ടു പോന്നതേയില്ലെ... വീണ്ടും ഓരോ കുതിരയും കൂടി ചേർത്തു കെട്ടി വലിച്ചു നോക്കീ. പറ്റീലാ. പിന്നെ മഴുകൊണ്ടു വന്ന് വെട്ടിയെടുക്കുകയായിരുന്നു... എന്നിട്ടും അവങ്കെ സാവലെ.. അന്ത റ്റോർസ്സോ ജീവനോടെ ഒരു മരക്കമ്പിൽ സ്റ്റേക്ക് സെയ്തിട്ടാൾ. ഒടുക്കം തീയ്യെ പോട്ട്.. അവങ്കെ എരിന്ത സാരത്തെ പാരീസ്സ് നഗരത്തിൽ വിതറിയിട്ടേൻ. എന്ന കൊടുമയമ്മാ ഇത്??

അവൾ എന്തിനാണു കത്തെഴുതുമ്പോൾ നിലവിളിച്ചതെന്നു പശുമാലക്ക് മനസ്സിലായി……. അവൾ എന്തിനെയായിരിക്കും ഭയന്നത് എന്നവൾക്ക് മനസ്സിലായി.

ദിപാകരന്റെ കാലുകൾ പട്ട‍ാളവണ്ടിയുടെ കൊളുത്തിൽ ചങ്ങല കെട്ടി ഞാത്തിയിടാൻ അതിക്രൂരമായ ഒരു പുഞ്ചിരിയോടെ മേജർ സുന്ദരരാമസ്വാമി അയ്യങ്കാർ കൽ‌പ്പിച്ചു. എതിർ പാതകളിലേക്ക് മുഖം തീരിച്ചിട്ട രണ്ട് വണ്ടികൾ. ക്വാർറ്റനിങ്ങ്. ക്വാർറ്റനിങ്ങ്.. നാലായി പകുക്കൽ...
പശുമാലക്ക് പ്രാണൻ വിലങ്ങി

കടവുളേ യെൻ കടവുളേ

അവൾ മുഖം പൊത്തി. ദിപാകരനെ ബന്ധിച്ച രണ്ട് പട്ട‍ാളവണ്ടികളും എതിർ ദിശയിലേക്ക് സാവധാനം അകന്ന് പോയി.. അവളുടെ കൈപ്പത്തിയിൽ ചോര ചിതറി വീണു. രണ്ട് പാതിയായി ദിപാകരൻ പശുമാലയിൽ നിന്നകന്നകന്നു പോയി. ഒരു പാതി ഇന്ത്യയിലേക്കും മറുപാതി ലങ്കയിലേക്കും. അയാ‍ളുടെ മോതിരം ഊരി തെറിച്ച് അവൾക്ക് മുമ്പിൽ വന്ന് വീണു.

     അവരിനിയും തമിഴ്ചൂ‍രു വിടാത്ത അവന്റെ പാതിപ്രാണനെ കൂർത്ത മരക്കൊമ്പിൽ കുറത്തയുയർത്തി സ്റ്റേക്ക് ചെയ്യും. അവനെ അല്പജീവനോടെ കത്തിച്ചു ചുടും. ചാരം ഹരമായ് വാരിക്കടലിൽ പരത്തും. അവൻ കടലിലലിയും. അവശേഷിച്ചവ് കൈ തട്ടി വായുവിൽ വിതറും. തമിഴ് വീണു മണക്കുന്ന ലങ്കയുടെ ആത്മാവിൽ ചിതറിപ്പൊടിയായ് അത് പറക്കും.. വായുവിൽ ഓരോ തമിഴ് ശ്വാസകോശങ്ങളിലേക്കും എരിവായ് ഊർജ്ജമായി ദിപാകരൻ നിറയും……

ശുമാല കണ്ണൂകളടച്ചു.അവളുടെ ശിരസ്സ് ഉയർന്നു നിന്നു

തമിഴെന്റ്രാൽ അമുദമെന്റ്രു താൻ...തമിഴെന്റ്രാൽ താ‍യ് എന്റ്രു താൻ
എന്ന് ദിപാകരന്റെ ശബ്ദത്തിൽ അവൾ ഉറച്ചൂ വിളിച്ചു. മരണശേഷം തന്നെ ധനുഷ്‌കോടിയിലെ അഭയാ‍ർത്ഥിക്യാമ്പിലെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കണമെന്ന് അവൾ കോടതിയോട് ആവശ്യപ്പെട്ടു

തന്റെ ചാരം മൂന്നായി പകുത്ത് ലങ്കയിലും തമിഴ്‌നാട്ടിലും പാരീസ്സിലും വിതറണമെന്ന് അവൾ ബാലസിംഗത്തോട് ആവശ്യപ്പെട്ടു.

തമിഴ്ക്കാകെ സമാധാനത്ത്ക്കാകെ ഒരുവൻ വരുവാ... അവനുക്ക് ഇന്ത മോതിരത്തെ നീ കൊടുക്കണം

അഴികളിലൂടെ അലിവോടെ അവൾ ബാലസിംഗത്തെ തൊട്ടു.

പിന്നീട് തമിഴ് പൊണ്ണെപ്പോലെ പൊട്ടുകുത്തി, പൂച്ചൂടി, ചേല പതിനെട്ടു മുഴമായ് ഞൊറിഞ്ഞു കുത്തി, വളയിട്ട് വെള്ളിച്ചീറ്റും മൂക്കുത്തിയുമണിഞ്ഞ് പശുമാല ഒരുങ്ങി നിന്നു. അവളുടെ മുഖം കറുത്ത തുണി കൊണ്ട് മൂടി. കഴുത്തിൽ കൊലക്കയർ താലി പോലെ വെച്ചു..
തമിഴെൻ‌ട്രാൽ  അമുദമെന്റ്രു താൻ തമിഴെൻ‌ട്രാൽ  തായ്   എന്റ്രു    താൻ
ആരാച്ചാരുടെ തമിഴ് നീതിയെ അവൾ പരിഹസിച്ചൂ

ആരാച്ചാർ 500 രൂപക്ക് വേണ്ടി ലിവർ വലിച്ചു. കുരുക്കിൽ ഒരു തമിഴക്ഷരം പ്രാണനമർന്നു വീണു.

പുറത്ത് ബാലസിംഗം അവളുടെ ജഡത്തിനായി കാത്തു നിന്നു. അവന്റെ മോതീരവിരലിൽ പൊൻവെയിലിൻ ഇളമ്പൂവൊളി പോലെ ആ അക്ഷരം അനന്തകാലത്തേക്ക് തിളങ്ങി...അത് ഡി എന്നായിരുന്നു……...

                            ************************************
കുറിപ്പ്

നന്ദി:ഫൂക്കോക്ക്പിന്നെ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഒരിക്കലും കണ്ടിട്ടില്ലാത്ത മരിച്ചു പോയ അയാൾക്കും.പ്രഭക്ക്.
ജീവിച്ചിരിക്കുന്നവരോ മരിച്ചവരൊ ആയി ഇതിലെ കഥക്കോ കഥാപാത്രങ്ങൾക്കോ യാതൊരു സാമ്യമോ ബന്ധമോ ഇല്ല.യദൃശ്ചയാ ഉള്ള തോന്നലുകൾക്ക് എനിക്ക് ഉത്തരവാദിത്തവുമില്ല.

Drawing and quartering

 1200കളിൽ യൂറോപ്പിൽ പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ നിൽനിന്നിരുന്ന അതിക്രൂരവും പൈശാചികവും ഭയാനകകരവുമായ വധക്രമരീതിയാണിത്.  ചിത്രവധമെന്നൊക്കെ ഓമനപ്പേരിടാവുന്ന പബ്ലിക്ക് റ്റോർച്ചറീലൂടെ കുറ്റവാളിയെ തുണ്ട് തുണ്ടായി ഇല്ലായമ ചെയ്യുന്ന ഏറ്റവും മാരകമായ റെജിസൈഡ് . Hanging, Drawing, Disembowelled ,emasculated and quartering എന്നിങ്ങനെ അഞ്ചാറ് ഘട്ടമായാണു കുറ്റവാളിയാക്കപ്പെട്ടയാൾ കൊല്ലപ്പെടുന്നത്

Drawing: പൊതുശിക്ഷാവേദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരൽ.ഒരു മരത്തടിയിലോ ഫ്രെയ്മിലോ കെട്ടി കുതിരയോ ആനയോ വലിച്ചു കൊണ്ട് വരുന്നു. ചിലപ്പോൾ ഒന്നുമില്ലാതെ വെറുതെ കാലിൽ കെട്ട് വലിച്ചും കൊണ്ടു വരാറൂണ്ട്. ഹാങ്ങ്ങിനു മുമ്പോ ശേഷമോ മുമ്പും ശേഷവുമോ ആവാം ഡ്രായിങ്ങ് എന്നത്


Hanging:കഴുമരത്തിൽ തൂക്കിയുള്ള വധക്രമം. കുറ്റവാളിയെ മരണം വരെ തൂക്കിലിടില്ല.പാതീ ജീവനോടെ ഇറക്കും. പീഡനങ്ങൾ അത്ര എളൂപ്പം അവസാനിക്കീല്ല.


Emasculation: ഓരോരുത്തന്റെയും പുരുഷത്വം അവന്റ് അധികാരത്തിന്റെ കൂടി സൂ‍ചനയാണു. ശിക്ഷക്കീടയിൽ വധ്യംകരിച്ച് അവന്റ് അധികാരത്തെ ഇല്ലായ്മ ചെയ്യുന്ന മുറയാണിത്. പുരുഷ ലൈഗികാവയവങ്ങളായ ലിംഗം,വൃഷണം എന്നിവ ച്ഛേദിച്ച് കുറ്റവാളിയെ സ്ത്രീതൂല്യനാക്കുന്ന ശിക്ഷാഘട്ട.പുരുഷത്വം പുരുഷദായക്രമത്തിന്റേത്‍ായ അധികാരം, വംശത്തെ സൃഷ്ടിക്കാനുള്ള കഴിവിനെ ഇല്ലാതാക്കൽ തുടങ്ങി ഒരാളെ പരമാവധി കൊല്ലാക്കൊല ചെയ്യുവാനുള്ള എല്ലാ സംഗതികളും ഇതിലുൾച്ചേർന്നിരിക്കുന്നു. ഉയരമുള്ള ഒരു കോണിയിൽ കുറ്റവാളിയെ ഉയർത്തി നിർത്തുന്നു. മറ്റൊരുകോണി സമാന്തരമായ് വച്ച് ശിക്ഷകൻ അതിൽ കയറി ശിക്ഷ നടപ്പാക്കുന്നു. ആളുകൾക്ക് ഇത് വ്യക്ത്മായി കാണൂവാനാണു കോണി ഉപയോഗിക്കുന്നത്. പ്രകൃതി വിരുദ്ധമായതോ അല്ലാത്തതോ ആയ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇമാസ്കുലേഷൻ കാസ്റ്റ്രേഷൻ എന്നിവ പതീവാണു.

Disembowelled: ഹൃദയമാണു പ്രേമത്തിന്റെ ഉറവിടം പാപത്തിന്റെ ഉറവിടം. നന്മയുടെയും തിന്മയുടെയും ഉറവിടം.. ഒരാളെ കുറ്റം ചെയ്യിക്കുന്നതും ഇതേ ഹൃദയം തന്നെയാണു. കാപ്പിറ്റൽ പണിഷ്മെന്റിന്റെ അടുത്തഘട്ടം ഈ ദുഷ്ഹൃദയത്തെ പാപവിമുക്ത്മാക്കി പരിശുദ്ധമാക്കലാണു. കുറ്റവാളിയുടെ നെഞ്ച് അറുത്ത് ഹൃദയം പച്ചക്ക് പിളർത്തി തീയിൽ വലിച്ചെറിയുന്നു. ഹൃദയത്തിൽ ഉരുകൊണ്ട പാപം , പ്രേതാശക്തി എല്ലാം നശിക്കുന്നു. കുറ്റവാളിയുടെ ഹൃദയം പിഴുത് അയാളുടെ കണ്മുമ്പിൽ തന്നെ തീയെരിക്കുന്ന ഈ ശിക്ഷഘട്ടത്തോടെ കുറ്റമാരോപിക്കപ്പെട്ടവർ മുക്കാലും മൃതരായിട്ടൂണ്ടാകും.


Beheading:  സകലപാപവും ചുമന്ന തലയെ അറുത്തുമാറ്റൽ.  ഇംഗ്ലണ്ടിൽ ഇത്തരം കുറ്റത്തലകൾ പരസ്യമായി പ്രദർശിപ്പിച്ചിരുന്നു


Quartering: ശിക്ഷയിലെ പരമപ്രധാന ഇനം. അവശേഷിക്കുന്ന ശരീരത്തെ നാലുകഷണമാക്കൽ. സാധാരണയായി കുതിരകളെ കൈകാലിൽ ബന്ധിച്ച് നാലു എതിർ വശത്തേക്കും പായിക്കുന്നു. ശരീരം കൈകാൽ വേർപെട്ട് കഷണങ്ങളാകുന്നു. ഈ ഓരോ അവയവകഷണങ്ങളെയും മൂഖ്യനഗരങ്ങളിൽ പ്രദർശിപ്പിക്കുന്നു.5 comments:

  1. നോ കമന്റ്സ്!

    ReplyDelete
  2. എത്ര സുന്ദരമായ ശൈലിക്കുടമയാണ് നിങ്ങൾ, പിന്നെന്തിനാണിത്ര ക്രൂരതകളിലൂടെ സ്വയം പീഢനവും വായനക്കാരെയും അസ്വസ്ഥതയുടെ ആഴങ്ങളിലേക്ക് വലിച്ചിടുകയും ചെയ്യുന്നത്?

    ReplyDelete